ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചേഴ്‌സ് അസോസിയേഷന്റെ 64-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവികളുടെ വില പെട്രോള്‍ വാഹനങ്ങള്‍ക്ക് തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെലവ് ലാഭിക്കുന്ന ഇന്ധന സാങ്കേതികവിദ്യകളും മലിനീകരണം കുറയ്ക്കുന്ന ബദലുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. കുറഞ്ഞ തൊഴില്‍ ചെലവ്, ഉയര്‍ന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയാണ് മത്സരരംഗത്ത് ഇന്ത്യയ്ക്കുള്ള നേട്ടങ്ങള്‍ എന്നും മന്ത്രി പറഞ്ഞു. സ്‌ക്രാപ്പിങ് നയം അനുസരിച്ച് അലുമിനിയം, ചെമ്പ്, സ്റ്റീല്‍, റബ്ബര്‍ തുടങ്ങിയ സാമഗ്രികളുടെ പുനരുപയോഗം വഴി ഉല്‍പ്പാദനച്ചെലവ് 30 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ വാഹനങ്ങള്‍ ഒഴിവാക്കുമ്പോള്‍ പുതിയ വാഹനങ്ങള്‍ക്ക് 3 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ നയം പുതിയ വാഹനങ്ങളുടെ വില കുറയ്ക്കുമെന്നും നിര്‍മ്മാണച്ചെലവ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
താന്‍ ഡീസലിനും പെട്രോളിനും എതിരല്ല. എന്നാല്‍ ഇന്ത്യ ഫോസില്‍ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കണം. നിലവില്‍ 22 ലക്ഷം കോടി രൂപയാണ്. ചെലവ് കുറഞ്ഞതും മലിനീകരണ രഹിതവുമായ ബദല്‍ മാര്‍ഗങ്ങളിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വൈദ്യുത വാഹനങ്ങള്‍ (ഇവികള്‍), എഥനോള്‍ പോലുള്ള ജൈവ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ എന്നിവയിലേക്കുള്ള മാറ്റത്തെ പ്രോത്സാഹിപ്പിക്കണം.
അടുത്തിടെ പുറത്തിറക്കിയ ബജാജ് സിഎന്‍ജി ബൈക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പെട്രോള്‍ ബൈക്കിന് 2 രൂപ വേണ്ടി വരുമ്പോള്‍ ഒരു സിഎന്‍ജി ബൈക്ക് ഓടിക്കാനുള്ള ചെലവ് കിലോമീറ്ററിന് ഒരു രൂപ മാത്രമാണെന്നും ഗഡ്കരി ഓര്‍മ്മിപ്പിച്ചു. കൂടാതെ, കര്‍ഷകര്‍ക്ക് എഥനോള്‍ ഉല്‍പ്പാദനത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. ജൈവ ഇന്ധനമെന്ന നിലയില്‍ എഥനോളിന്റെ ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ ചോളത്തിന്റെ വില ഇരട്ടിയായതായും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക