ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ആണെന്ന് തോന്നാം, തട്ടിപ്പിന് ന്യൂജന്‍ വിദ്യകള്‍; മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്, തിരിച്ചറിയാന്‍ അഞ്ചു ടിപ്പുകള്‍

സാമ്പത്തിക തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്
ICICI BANK WARNS CUSTOMERS
തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന ഹെൽപ്പ് ലൈനിലേക്ക് വിളിക്കാവുന്നതാണ്ഫയൽ
Published on
Updated on

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഐസിഐ ബാങ്ക് മുന്നറിയിപ്പില്‍ പറയുന്നു.

'ബാങ്ക്, നികുതി വിഭാഗം തുടങ്ങി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ളതാണെന്ന് തോന്നിപ്പിക്കുന്ന വിധം ഇ-മെയിലുകള്‍/സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ട്, കാര്‍ഡ് വിശദാംശങ്ങള്‍ കവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം.വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നാണെന്ന് തോന്നിപ്പിക്കുന്ന വിധം ഇ-മെയിലുകള്‍/സന്ദേശങ്ങള്‍ അയച്ച് ഉപയോക്തൃ ഐഡി, പാസ്വേഡ്, URN, കാര്‍ഡ് നമ്പര്‍, കാര്‍ഡിന്റെ ഗ്രിഡ് മൂല്യങ്ങള്‍, CVV, കാലാവധി തീരുന്ന തീയതി, OTP എന്നിവ പോലുള്ള അക്കൗണ്ടും കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങളാണ്് സൈബര്‍ തട്ടിപ്പുകാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നത്. അക്കൗണ്ട് അല്ലെങ്കില്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന ബോധ്യം സൃഷ്ടിക്കുന്നതാണ് ഇത്തരം ഇ-മെയിലുകള്‍'-ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

ധനകാര്യ സ്ഥാപനങ്ങളുടെയോ ജനപ്രിയ ഷോപ്പിങ് വെബ്സൈറ്റുകളുടെയോ ഒറിജിനല്‍ വെബ് പേജ് ആണെന്ന് തോന്നിപ്പിക്കുന്നവിധം വ്യാജ പേജുകള്‍ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കൂടാതെ അക്കൗണ്ട് നമ്പര്‍ പോലുള്ള ഉപഭോക്തൃ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇ-മെയില്‍ ഫിഷിങ് (അക്കൗണ്ട് / കാര്‍ഡ് ക്രെഡന്‍ഷ്യലുകള്‍ പിടിച്ചെടുക്കാനുള്ള പേജ്), വോയ്സ് ഫിഷിങ്, എസ്എംഎസ് ഫിഷിങ് എന്നി മാര്‍ഗങ്ങളും ഇവര്‍ സ്വീകരിക്കുന്നു. ലോഗിന്‍ ഐഡി, ലോഗിന്‍, ഇടപാട് പാസ്വേഡ്, മൊബൈല്‍ നമ്പര്‍, വിലാസം, ഡെബിറ്റ് കാര്‍ഡ് ഗ്രിഡ് മൂല്യങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, സിവിവി, പാന്‍ വിശദാംശങ്ങള്‍, ജനനത്തീയതി, പാസ്പോര്‍ട്ട് നമ്പര്‍ തുടങ്ങിയവ ചോര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ഐസിഐസിഐ ബാങ്ക് പങ്കുവെച്ച ടിപ്പുകള്‍ ചുവടെ:

ബാങ്കിംഗ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഇ-മെയിലുകള്‍, കോളുകള്‍ അല്ലെങ്കില്‍ എസ്എംഎസ് എന്നിവ തട്ടിപ്പ് ശ്രമങ്ങളുടെ ഉദാഹരണങ്ങളാണ്.

വ്യാജ ഇ-മെയിലിനോ സന്ദേശത്തിനോ ആധികാരിക രൂപം നല്‍കാന്‍ തട്ടിപ്പുകാര്‍ ബാങ്കിന്റെ ഇ-മെയില്‍ വിലാസം, ഡൊമെയ്ന്‍ നാമം, ലോഗോ മുതലായവ ഉപയോഗിച്ചേക്കാം.

ഇത്തരം വ്യാജ ഇ-മെയിലുകള്‍ എപ്പോഴും അഭിസംബോധന ചെയ്യുക 'പ്രിയപ്പെട്ട നെറ്റ് ബാങ്കിംഗ് കസ്റ്റമര്‍' എന്നോ 'പ്രിയപ്പെട്ട ബാങ്ക് കസ്റ്റമര്‍' എന്നോ 'പ്രിയ ഉപഭോക്താവ്' എന്നോ വിളിച്ചായിരിക്കും

വ്യാജ ഇ-മെയിലുകളില്‍ കാണുന്ന ലിങ്കുകള്‍ ചിലപ്പോള്‍ ആധികാരികമായി തോന്നിയേക്കാം. എന്നാല്‍ ലിങ്കിന് മുകളിലൂടെ കഴ്‌സര്‍/പോയിന്റര്‍ നീക്കുമ്പോള്‍, ഒരു വ്യാജ വെബ്സൈറ്റിലേക്ക് നയിക്കുന്ന ഒരു ലിങ്ക്/URL ഉണ്ടായിരിക്കാം.

ഇത്തരം ഇ-മെയിലുകള്‍/എസ്എംഎസുകള്‍ പെട്ടെന്നുള്ള പ്രവര്‍ത്തനത്തിനും പ്രതികരണത്തിനും വേണ്ടിയുള്ള തിടുക്കം കാണിച്ചേക്കാം

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ cybercrime.gov.in-ലെ നാഷണല്‍ സൈബര്‍ ക്രൈമില്‍ റിപ്പോര്‍ട്ട് ചെയ്യുക. അല്ലെങ്കില്‍ 1930 എന്ന ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാവുന്നതുമാണ്. ഐസിഐസിഐ ബാങ്ക് ഹെല്‍പ്പ് ലൈന്‍ 18002662-ല്‍ വിളിച്ചും ഉപയോക്താക്കള്‍ക്ക് വിവരം പറയാവുന്നതാണെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു.

ICICI BANK WARNS CUSTOMERS
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com