ന്യൂയോര്‍ക്ക്: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെ പ്രമുഖ ടെക് കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെ മുന്നേറ്റത്തില്‍ സഹകരണം തേടി 15 ടെക് മേധാവികളെയാണ് മോദി കണ്ടത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ്, അഡോബിന്റെ ശന്തനു നാരായണ്‍ തുടങ്ങിയ പ്രമുഖ സിഇഒമാരാണ് വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിങ്, സെമികണ്ടക്ടര്‍, ബയോടെക്നോളജി എന്നിവയില്‍ വൈദഗ്ധ്യമുള്ള കമ്പനികളുടെ മേധാവിമാരാണ് പങ്കെടുത്തത്.
'ന്യൂയോര്‍ക്കില്‍ ടെക് സിഇഒമാരുമായി ഫലവത്തായ ഒരു വട്ടമേശ സമ്മേളനം നടത്തി. സാങ്കേതികവിദ്യ, നവീന ആശയങ്ങള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഈ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളും എടുത്തുകാട്ടി. ഇന്ത്യയില്‍ ടെക് സിഇഒമാര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'- ടെക് സിഇഒമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോദി എക്‌സില്‍ കുറിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോടെക്നോളജി, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'ആഗോള തലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ടെക്‌നോളജി, ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതിനെ കുറിച്ച് സിഇഒമാര്‍ പ്രധാനമന്ത്രിയുമായി ആഴത്തില്‍ ചര്‍ച്ച നടത്തി. ആഗോള സമ്പദ്വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതിനെ കുറിച്ചാണ് ചര്‍ച്ച നടന്നത്. സാങ്കേതികവിദ്യ വഴി രൂപം നല്‍കുന്ന നവീന ആശയങ്ങള്‍ക്ക് ഇതിന് സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദമായ ചര്‍ച്ചയാണ് നടന്നത്' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്ലാവര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നതാണ് ഇന്ത്യയുടെ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ധാര്‍മ്മികവും ഉത്തരവാദിത്ത ബോധത്തോടയുമുള്ള ഉപയോഗത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ബൗദ്ധിക സ്വത്ത് സംരക്ഷിക്കുന്നതിനും സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയെക്കുറിച്ച് പ്രധാനമന്ത്രി മോദി സിഇഒമാര്‍ക്ക് ഉറപ്പുനല്‍കി. ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള രാജ്യത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടി ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം വ്യവസായ പ്രമുഖരെ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യയുടെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങളും യോഗം ചര്‍ച്ച ചെയ്തു. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള ഒരു നിര്‍ണായക പാലമായാണ് സ്റ്റാര്‍ട്ടപ്പുകളെ കാണുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക