400 ദിവസത്തെ കാലാവധിയുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയില്‍ (എഫ്ഡി) ചേരാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ശക്തമായ ഉപഭോക്തൃ താല്‍പ്പര്യം കാരണം നിരവധി തവണയാണ് ഇതിന്റെ കാലാവധി നീട്ടിയത്. 2023 ഏപ്രിലിലാണ് അമൃത് കലാഷ് എഫ്ഡി പ്ലാന്‍ ആരംഭിച്ചത്.
1 മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സാധാരണ എഫ്ഡി സ്‌കീമുകളെ അപേക്ഷിച്ച്, സാധാരണ ഉപഭോക്താക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അമൃത് കലാഷ് എഫ്ഡി പ്ലാനില്‍ 30 ബേസിക് പോയിന്റ് (ബിപിഎസ്) അധികം പലിശ വാഗ്ദാനം ചെയ്യുന്നു. ആഭ്യന്തര, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. പലിശ പ്രതിമാസ, ത്രൈമാസ, അല്ലെങ്കില്‍ അര്‍ദ്ധവാര്‍ഷിക അടിസ്ഥാനത്തില്‍ സ്വീകരിക്കാം.
അമൃത് കലാഷ് സ്‌കീം അനുസരിച്ച് സാധാരണ ഉപഭോക്താക്കള്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
അമൃത് കലാഷ് സ്‌കീം അനുസരിച്ച് രണ്ടു കോടിയില്‍ താഴെ വരെ നിക്ഷേപിക്കാം. പുതിയ നിക്ഷേപങ്ങള്‍ക്കും പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ഈ സ്‌കീമിന്റെ ഗുണം പ്രയോജനപ്പെടുത്താവുന്നതാണ്.
അമൃത് കലാഷ് പദ്ധതിയുടെ പലിശ പ്രതിമാസ, ത്രൈമാസ, അല്ലെങ്കില്‍ അര്‍ദ്ധ വാര്‍ഷിക ഇടവേളകളില്‍ സ്വീകരിക്കാം. പ്രത്യേക ടേം നിക്ഷേപങ്ങള്‍ക്ക്, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ നല്‍കും. എഫ്ഡിയുടെ കാലാവധി അവസാനിക്കുമ്പോള്‍, ടിഡിഎസ് എടുത്ത ശേഷം എസ്ബിഐ നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യും. കാലാവധി തീരും മുന്‍പ് പണം പിന്‍വലിക്കാനുള്ള ഓപ്ഷനോടൊപ്പം വായ്പാ സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.
അമൃത് കലാഷ് എഫ്ഡി സ്‌കീമില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഏതെങ്കിലും എസ്ബിഐ ശാഖ സന്ദര്‍ശിച്ചോ, ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ എസ്ബിഐ യോനോ ആപ്പ് വഴിയോ നിക്ഷേപിക്കാവുന്നതാണ്. ആദായ നികുതി നിയമം അനുസരിച്ച് നികുതി കിഴിവില്‍ നിന്ന് ഇളവ് ക്ലെയിം ചെയ്യാന്‍, നിങ്ങള്‍ക്ക് ഫോം 15G/15H സമര്‍പ്പിക്കാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക