Byju Raveendran amid insolvency crisis
ബൈജു രവീന്ദ്രന്‍ഫയൽ

'ഞാന്‍ മടങ്ങി വരും, സ്റ്റേഡിയങ്ങള്‍ നിറയ്ക്കും'; ഇന്ത്യയില്‍ നിന്ന് ഒളിച്ചോടി എന്ന അഭ്യൂഹങ്ങള്‍ തള്ളി ബൈജു രവീന്ദ്രന്‍

പാപ്പരത്ത നടപടികളില്‍ നിന്ന് ഒഴിവാകാന്‍ ഇന്ത്യ വിട്ടെന്നുള്ള ഊഹാപോഹങ്ങള്‍ തള്ളി പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍
Published on

ന്യൂഡല്‍ഹി: പാപ്പരത്ത നടപടികളില്‍ നിന്ന് ഒഴിവാകാന്‍ ഇന്ത്യ വിട്ടെന്നുള്ള ഊഹാപോഹങ്ങള്‍ തള്ളി പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. കമ്പനിയെ വീണ്ടും പഴയപടിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. നാലുവര്‍ഷത്തിനിടെ നടത്തിയ ആദ്യ വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലാണ് തന്നെ ചുറ്റിപ്പറ്റി നടക്കുന്ന അഭ്യൂഹങ്ങള്‍ ബൈജു രവീന്ദ്രന്‍ തള്ളിയത്.

നിലവിലുള്ള പാപ്പരത്ത പ്രതിസന്ധി ഒഴിവാക്കാനാണ് താന്‍ ഇന്ത്യ വിട്ടതെന്ന അഭ്യൂഹങ്ങള്‍ ബൈജു രവീന്ദ്രന്‍ നിഷേധിച്ചു.'എനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നുവെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. എന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഞാന്‍ ഒരു വര്‍ഷത്തേക്ക് ദുബായില്‍ വന്നതാണ്. പക്ഷേ ഞാന്‍ വ്യക്തമായി പറയട്ടെ, ഞാന്‍ ഒളിച്ചോടില്ല'- ബൈജു രവീന്ദ്രന്‍ പറഞ്ഞു.

തന്റെ സ്ഥാപനത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.'ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങി വരും, ഞാന്‍ സ്റ്റേഡിയങ്ങള്‍ നിറയ്ക്കും. സമയം തീരുമാനിച്ചിട്ടില്ല, പക്ഷേ അത് ഉടന്‍ ഉണ്ടാകും'- കമ്പനിയുടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കിടയിലും രവീന്ദ്രന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 'പ്രവര്‍ത്തിക്കാന്‍ എനിക്ക് 1% അവസരം മാത്രമേ ലഭിക്കൂ. എന്ത് ഉത്തരവ് വരുമെന്ന് എനിക്ക് ആശങ്കയില്ല. എന്ത് വന്നാലും ഞാന്‍ ഒരു വഴി കണ്ടെത്തും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ല്‍ 2200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ്, വര്‍ദ്ധിച്ചുവന്ന കടങ്ങളും നിയമപരമായ തര്‍ക്കങ്ങളും കാരണമാണ് പ്രതിസന്ധിയിലേക്ക് വീണത്. നിലവില്‍ വായ്പ എന്ന നിലയില്‍ 100 കോടി ഡോളറിലധികം രൂപ കമ്പനി തിരിച്ചടയ്ക്കാനുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലും അമേരിക്കയിലും കമ്പനി പാപ്പരത്ത നടപടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com