Vacation residences for expats: അവധിക്കാലം ചെലവിടാന്‍ 'കേരള ഹൗസ്', റിട്ടയേഡ് പ്രവാസികളിലെ പുതിയ പ്രവണത; ഗുണങ്ങള്‍ പലതുണ്ട്

കേരളത്തെ അവധിക്കാലം ചെലവഴിക്കാനുള്ള ഇടമായി മാറ്റാന്‍ ഇഷ്ടപ്പെടുകയാണ് യൂറോപ്പില്‍ റിട്ടയര്‍മെന്റ് ജീവിതം ആരംഭിച്ച മലയാളികള്‍. ഇതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്
Homes
പ്രതീകാത്മക ചിത്രംAI Generate
Updated on

കൊച്ചി: കേരളത്തില്‍ നിന്നും യുവാക്കള്‍ ജോലി തേടി അന്യ ദേശങ്ങളിലേക്ക് കുടിയേറുന്ന പ്രവണത സംസ്ഥാനത്ത് ചൂടുള്ള ചര്‍ച്ചയാണ്. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കേരളം വിടുന്നത് തടയാന്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പുതുതലമുറ യൂറോപ് സ്വപ്‌നം കാണുമ്പോള്‍ കേരളത്തിലേക്ക് മടങ്ങുകയാണ് മുന്‍തലമുറ. കേരളത്തെ അവധിക്കാലം ചെലവഴിക്കാനുള്ള ഇടമായി മാറ്റാന്‍ ഇഷ്ടപ്പെടുകയാണ് യൂറോപ്പില്‍ റിട്ടയര്‍മെന്റ് ജീവിതം ആരംഭിച്ച മലയാളികള്‍. ഇതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്.

തൃശ്ശൂര്‍ കൊരട്ടി സ്വദേശിയും ഐക്യരാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനുമായ പോള്‍ ജോണ്‍സണ്‍ (യഥാര്‍ഥ പേരല്ല) ഇത്തരത്തില്‍ കേരളത്തിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണ്. വര്‍ഷങ്ങള്‍ നീണ്ട യൂറോപ്യന്‍ ജോലിക്കാലത്തിന് ശേഷം കൊരട്ടില്‍ 3000 സ്‌ക്വയര്‍ഫീറ്റ് വരുന്ന വീട് നിര്‍മ്മിച്ച പോള്‍ ജോണ്‍സണ്‍ വര്‍ഷത്തില്‍ ആറ് മാസം കേരളത്തില്‍ താമസിക്കാന്‍ എത്തുന്ന നിലയിലേക്ക് ജീവിതം ക്രമീകരിക്കുകയാണ്. ഈ തീരുമാനം എടുക്കുന്ന ഏക വ്യക്തിയല്ല പോള്‍ ജോണ്‍സണ്‍. യുഎന്നിലെ മലയാളി ജീവനക്കാരായ പത്തോളം പേര്‍ സമാനമായ രീതിയില്‍ ചിന്തിക്കുന്നുണ്ട്. ഇവരില്‍ പലരുടെയും 'കേരള ഹൗസ്' ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും കഠിനമായ ശൈത്യകാലത്തെ മറികടക്കുക, സ്വന്തം നാടുമായി ഒരു ബന്ധം നിലനിര്‍ത്തുക എന്നിവയില്‍ തുടങ്ങി മികച്ച ആരോഗ്യ സംവിധാനങ്ങളുടെ ലഭ്യതവരെ കേരളത്തെ പ്രവാസികളുടെ ഇഷ്ട ഇടമാക്കിമാറ്റുന്നുണ്ട്.

'തങ്ങളുടെ പൈതൃക വഴികളിലേക്കുള്ള തിരിച്ചുപോക്കായാണ് പലരും കേരളത്തിലേക്കുള്ള വരവിനെ കണക്കാക്കുന്നത്. ഇതിന് അപ്പുറം യൂറോപ്പിനെ അപേക്ഷിച്ച് കേരളത്തിലെ ആരോഗ്യ സംരക്ഷണ രംഗത്തെ കുറഞ്ഞ ചെലവും വേഗത്തിലുള്ള സേവനവും മറ്റൊരു ആകര്‍ഷണമാണ്.

കേരളത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ ബില്ലുകള്‍ പല വിദേശ ഇന്‍ഷുറന്‍സ് കമ്പനികളും ഇപ്പോള്‍ സ്വീകരിക്കുന്നു എന്നതും ഗുണമാണ്. വിയന്നയില്‍ വര്‍ഷങ്ങളോളം ജോലിനോക്കിയിരുന്ന കോട്ടയം അതിരമ്പുഴയിലുള്ള ദമ്പതികള്‍ വിരമിച്ച ശേഷം വര്‍ഷത്തില്‍ പാതി കേരളത്തില്‍ ചെലവിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ കേരളത്തില്‍ കഴിയുന്ന ഇവര്‍ യൂറോപിലെ കഠിന തണുപ്പിനെ കൂടിയാണ് മറികടക്കുന്നത്.

കേരളത്തില്‍ ഒരു അവധിക്കാല വീട് സ്വന്തമാക്കുന്നതിന് താരതമ്യേന ചെലവുകുറവാണെന്നതാണ് മറ്റൊരു ആകര്‍ഷണം. മിക്ക പ്രവാസികളും പൂര്‍വികമായ സ്വത്തുള്ളവരാണ്. അവര്‍ക്ക് അവരുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു വീട് നിര്‍മ്മിക്കാന്‍ എളുപ്പത്തില്‍ കഴിയും. ജീവിത ചെലവുകളും യൂറോപിനെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, വാടക കാറുകള്‍ എന്നിവ ന്യായമായ നിരക്കില്‍ ലഭ്യമാണ്'- പോള്‍ പറയുന്നു.

അതേസമയം, പ്രവാസികളുടെ കേരളത്തോടുള്ള ഈ താത്പര്യം മറ്റൊരു ബിസിനസ് സാധ്യത കൂടിയാണ് തുറന്ന് നല്‍കുന്നത്. പ്രവാസികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകമായി റെസിഡന്‍ഷ്യല്‍ ഇടങ്ങള്‍ ഒരുക്കുകയാണ് ഈ മേഖലയില്‍ ഉള്ളവര്‍. ആഞ്ചലോ ജോണ്‍ എന്ന ജോണി എറണാകുളം കൂത്താട്ടുകുളത്ത് ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടുകഴിഞ്ഞു. 15 ഏക്കര്‍ സ്ഥലത്ത് 5 മുതല്‍ 20 സെന്റ് വരെയുള്ള പ്ലോട്ടുകളില്‍ 10-15 വീടുകള്‍ നിര്‍മ്മിക്കാനാണ് ജോണിയുടെ പദ്ധതി.

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഈ വീടുകള്‍ വാങ്ങാനോ ഹ്രസ്വകാല വാടകയ്ക്കെടുക്കാനോ ലഭ്യമാകും. 'പല പ്രവാസികളും ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനേക്കാള്‍ സ്വതന്ത്ര താമസസൗകര്യമാണ് ഇഷ്ടപ്പെടുന്നത്. ഭക്ഷണവും വിനോദ സേവനങ്ങളും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ പാക്കേജാണ് ഇവര്‍ ഒരുക്കുന്നത്. ഉടമകള്‍ വിദേശത്തായിരിക്കുമ്പോള്‍, പ്രോപ്പര്‍ട്ടി എയര്‍ബിഎന്‍ബി പോലുള്ള സൈറ്റുകളില്‍ വീട് ലിസ്റ്റ് ചെയ്യപ്പെടും, ഇത് അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുകയും വാടകയിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യും,' ജോണി പറയുന്നു.

അവധിക്കാല വീടുകള്‍ എന്ന ആശയം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ മുന്നേറ്റത്തിന് തുടക്കമിടുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. 1990 കളില്‍ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് കുടിയേറിയ മലയാളി പ്രവാസികളില്‍ ഗണ്യമായ എണ്ണം ഇപ്പോള്‍ വിരമിക്കല്‍ പ്രായത്തിലേക്ക് എത്തുകയാണ്. 1970 കളിലും 1980 കളിലും ഗള്‍ഫ് പ്രവാസികള്‍ കേരളത്തിലുണ്ടാക്കി മാറ്റം പോലെ പ്രകടമല്ലെങ്കിലും സംസ്ഥാനത്തിന്റെ കുടിയേറ്റ ചരിത്രത്തില്‍ ഒരു പുതിയ ഘട്ടമായിരിക്കും ഇതെനും ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു.

ഗള്‍ഫ് കുടിയേറ്റത്തിന് പിന്നാലെ മധ്യ, വടക്കന്‍ കേരളങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ആഡംബരപൂര്‍ണ്ണമായ വീടുകളില്‍ പലതും ഒഴിഞ്ഞുകിടക്കുന്ന സമയത്താണ് മധ്യ കേരളം കേന്ദ്രീകരിച്ച് പുതിയ പ്രവണതയ്ക്ക് തുടക്കമിടുന്നത്. റിട്ടയര്‍മെന്റ് വീടുകള്‍ എന്ന ആശയം കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്ന നിലയുണ്ടായാല്‍ ഇത്തരം ഒരു വിപണി കേരളത്തില്‍ വേഗത്തില്‍ വളരുമെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ & ഡെവലപ്മെന്റിന്റെ (ഐഐഎംഡി) സാമ്പത്തിക വിദഗ്ധനും ഡയറക്ടറുമായ കെ വി ജോസഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com