Rbi policy: ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ, സാമ്പത്തികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകര്‍ന്ന് റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യപലിശനിരക്ക് കുറച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് കാല്‍ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായി. ഭവന, വാഹന വായ്പയുടെ പലിശബാധ്യത കുറയാന്‍ ഇത് സഹായകമാകും.
തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറയ്ക്കുന്നത്. വിപണിയില്‍ പണലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകമാകും.അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് പണനയസമിതി അടിസ്ഥാന പലിശനിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. ഫെബ്രുവരിയിലും ഏപ്രിലിലുമായി രണ്ടുതവണ പലിശ നിരക്ക് കുറച്ചതോടെ, റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
ഫെബ്രുവരിയ്ക്ക് മുന്‍പ് 2020 മേയില്‍ കോവിഡ് കാലത്താണ് പലിശ കുറച്ചത്. കോവിഡിനുശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. വിലക്കയറ്റഭീഷണി ഒഴിഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ സാമ്പത്തികവളര്‍ച്ചയ്ക്ക് ഉത്തേജനമേകാനാണ് ആര്‍ബിഐ പലിശനിരക്ക് കുറച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക