
മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ ടി സീരീസ് ശ്രേണിയില്‍ പുതിയ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിവോ ടി4 ഫൈവ് ജി എന്ന പേരില്‍ പുതിയ ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 22ന് ഇന്ത്യയില്‍ ഫോണ്‍ ലോഞ്ച് ചെയ്യും. ഇതിന് മുന്നോടിയായി, ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ ഫോണിന്റെ പുതിയ ടീസര്‍ ചിത്രം പങ്കിട്ടു. ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ ഏറ്റവും വലിയ ബാറ്ററിയോടെയായിരിക്കും ടി4 ഫൈവ് ജി പുറത്തിറക്കുക എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. കൂടാതെ സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക.
വിവോ ടി4 5ജി ഐക്യൂഒഒ ഇസഡ്10ന്റെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും. പിന്നില്‍ വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂള്‍, മുന്‍വശത്ത് പഞ്ച്-ഔട്ട് ഡിസ്പ്ലേ, സ്ലിം ബെസലുകള്‍ എന്നിവയുള്ള ഇസഡ്10ന് സമാനമായ രൂപകല്‍പ്പനയും ടീസര്‍ ചിത്രം വ്യക്തമാക്കുന്നു.120Hz റിഫ്രഷ് റേറ്റും 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഫോണില്‍ ഉണ്ടാവുക.
അഡ്രിനോ 720 ഗ്രാഫിക്സ് പ്രോസസറുമായി ഇണക്കിചേർത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 പ്രോസസര്‍ ഫോണിന് കരുത്ത് പകരും. 8/12GB LPDDR4X റാമും 128/256GB UFS 2.2 സ്റ്റോറേജും ഇതിനുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15ല്‍ ഇത് പ്രവര്‍ത്തിക്കും. 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 7,300mAh ബാറ്ററിയുമായി ഇത് വരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
50MP സോണി IMX882 പ്രൈമറി ഷൂട്ടറും 2MP ഡെപ്ത് സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണവുമായി ഫോണ്‍ വിപണിയില്‍ എത്തിയേക്കും. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഷൂട്ടര്‍ ഉണ്ട്. 20,000 മുതല്‍ 25,000 രൂപ വരെ വിലയില്‍ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക