
ന്യൂഡല്‍ഹി: കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയില്‍ 36 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി ചേര്‍ക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഈടാക്കുന്ന പട്ടികയില്‍ ആറ് ജീവന്‍രക്ഷാ മരുന്നുകളെ കൂടി ഉള്‍പ്പെടുത്തും. 36 മരുന്നുകള്‍ ബള്‍ക്കായി നിര്‍മ്മിച്ചാലും ഇളവ് ബാധകമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായും ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ മേലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശം ഇവി ബാറ്ററികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറയാന്‍ സഹായകമാകും. പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ബാറ്ററികള്‍, സെമികണ്ടക്ടറുകള്‍, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഈ വസ്തുക്കള്‍ അത്യന്താപേക്ഷിതമാണ്. ഈ നടപടി ഇലക്ട്രിക് വാഹനങ്ങള്‍ അടക്കമുള്ളവയുടെ നിര്‍മ്മാണത്തിന് ഈ വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായങ്ങളുടെ ചെലവ് കുറയ്ക്കും.
കൂടാതെ, ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 35 അധിക ഇനങ്ങളും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള 28 ഇനങ്ങളും തീരുവയില്‍ നിന്ന് ഒഴിവാക്കി. അധിക നികുതി ഈടാക്കാതെ ബാറ്ററി ഉല്‍പ്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യാന്‍ കമ്പനികളെ ഇത് അനുവദിക്കുന്നു. ഇത് വിലകുറഞ്ഞ ഇവി ബാറ്ററികള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക