
ന്യൂഡൽഹി: യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥ ഇന്ന് മുതൽ പ്രാബല്യത്തിൽ. ട്രാൻസാക്ഷൻ ഐഡിയുമായി ബന്ധപ്പെട്ടാണ് പുതിയ വ്യവസ്ഥ. പുതിയ ചട്ടം അനുസരിച്ച് യുപിഐ ട്രാൻസാക്ഷൻ ഐഡിയിൽ സ്‌പെഷ്യൽ ക്യാരക്ടറുകൾ ഉണ്ടെങ്കിൽ ഇന്നുമുതൽ ഇത്തരം ഐഡികളിൽ നിന്നുള്ള ഇടപാടുകൾ റദ്ദാക്കുമെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ഇത്തരം ഇടപാടുകൾ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
യുപിഐ ട്രാൻസാക്ഷൻ ഐഡികൾ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്റ് സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു. പുതിയ മാർഗനിർദേശം പാലിച്ച് ട്രാൻസാക്ഷൻ ഐഡികൾക്ക് ആൽഫാന്യൂമെറിക് ക്യാരക്ടറുകൾ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കണം. മിക്ക പേയ്മെന്റ് സേവന ദാതാക്കളും പുതിയ വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിലും ചിലത് ഇപ്പോഴും പാലിക്കാത്തതിനാൽ ഈ മാസം മുതൽ നിയന്ത്രണം കർശനമായി നടപ്പിലാക്കാനാണ് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ തീരുമാനം.
'2024 മാർച്ച് 28ലാണ് യുപിഐ സേവനദാതാക്കളോട് യുപിഐ ട്രാൻസാക്ഷൻ ഐഡി സൃഷ്ടിക്കുന്നതിന് ആൽഫാന്യൂമെറിക് ക്യാരക്ടറുകൾ മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചത്. യുപിഐ ടെക്‌നിക്കൽ സ്‌പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ നിർദേശം നൽകിയത്' - നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രസ്താവനയിൽ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക