
കൊച്ചി: രാഷ്ട്രീയ ഭിന്നകള്‍ക്കും പ്രതിസന്ധികളും മറികടന്ന് കേരളം വികസന പാതയിലേക്ക് കുതിക്കാന്‍ ഒരുങ്ങുന്നു എന്ന പ്രതീക്ഷ നല്‍കി കേരള ആഗോള നിക്ഷേപക ഉച്ചകോടി. നിക്ഷേപവും തൊഴിലവസങ്ങളും സൃഷ്ടിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒന്നര ലക്ഷം കോടിയുടെ വ്യവസായ നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ഉച്ചകോടിയ്ക്ക് കൊടിയിറങ്ങിയത്. കേരളത്തിലെയും ദേശീയ - അന്തര്‍ദേശീയ തലത്തിലെയും വന്‍കിട സംരഭകരാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ച പതിന്‍മടങ്ങ് വേഗത്തിലാക്കുമെന്ന് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയത്.
വന്‍ നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ച കമ്പനികള്‍
അദാനി ഗ്രൂപ്പ് - 30,000 കോടി.
വിഴിഞ്ഞം പദ്ധതി - 20,000 കോടി
തിരുവന്തപുരം വിമാനത്താവളം 5000 കോടി, കൊല്ലം ലോജിസ്റ്റിക്‌സ് & ഇ കൊമേഴ്‌സ് പാര്‍ക്ക് - 5000 കോടി.
ഷറഫ് ഗ്രൂപ്പ് (ദുബായ്)- 5000 കോടി.
കൃഷ്ണ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സ് (തെലങ്കാന) - 3000 കോടി
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ - 850 കോടി
ലുലു ഗ്രൂപ്പ് - 5000 കോടി
മൊണാര്‍ക്ക് ഗ്രൂപ്പ് (പൂനെ) -5,000 കോടി
ഹൈലൈറ്റ് ഗ്രൂപ്പ് - 10,000 കോടി
മലബാര്‍ ഗ്രൂപ്പ് 3000 കോടി
മൊണാര്‍ക്ക് സര്‍വെയേഴ്‌സ് ആന്‍ഡ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റസ് 5000 കോടി
എന്‍ആര്‍ജി കോര്‍പറേഷന്‍സ്- 3600 കോടി
ആഡ്‌ടെക് സിസ്റ്റംസ് ലിമിറ്റഡ് 1000 കോടി
ബ്രിഗേഡ് എന്റര്‍പ്രൈസസ് 1500 കോടി
വേഡ് വെഞ്ചേഴ്‌സ് ആന്‍ഡ് എച്ച്പിസിഎല്‍ ഇന്‍കോര്‍- 1000 കോടി
ഇന്‍ഡസ് സ്പിരിറ്റ്‌സ് കൊച്ചി- 1100 കോടി
സൂര്യവന്‍ഷി ഡെവലപ്പേഴ്‌സ്- 1820 കോടി
എഫ്എസിടി 1500 കോടി
ടോഫില്‍ പത്തനംതിട്ട ഇന്‍ഫ- 5000 കോടി
ഫിസ ഡെവലപ്പര്‍- 2000കോടി
ചെറി ഹോള്‍ഡിങ്‌സ്- 4000 കോടി
ഫോര്‍ ഇഎഫ് കണ്‍സ്ട്രക്ഷന്‍സ്- 2500 കോടി
ഫിലിം സിറ്റി പ്രോജക്ട് (കൊച്ചുതൊമ്മന്‍)- 1000 കോടി
ആര്‍പി ഗ്രൂപ്പ്- 2000 കോടി
ഇന്‍കെല്‍ 1135 കോടി
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്- 2000
സതര്‍ലാന്‍ഡ്- 1500 കോടി
ശ്രീ അവന്തിക ഇന്റര്‍നാഷണല്‍- 4300 കോടി
ജോയ് ആലുക്കാസ് 1400 കോടി
പ്രസ്റ്റീജ് ഗ്രൂപ്പ്- 3000 കോടി
26 കമ്പനികള്‍, നിക്ഷേപം 1000 കോടി
കേരള ആഗോള നിക്ഷേപക ഉച്ചകോടി 374 നിക്ഷേപകരുടേതായി 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് രണ്ട് ദിനം കൊണ്ട് കേരളം സ്വന്തമാക്കിയത്. 26 കമ്പനികള്‍ 1000 കോടിയില്‍ കൂടുതല്‍ വരുന്ന നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വികസന പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്ത് പുതിയതായി 60,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയില്‍ 374 കമ്പനികള്‍ നിക്ഷേപസന്നദ്ധത അറിയിച്ച് താല്‍പ്പര്യപത്രം ഒപ്പിട്ടു. 66 കമ്പനികള്‍ താല്‍പ്പര്യപത്രം കൈമാറി.
കേരളത്തെ ഒരു നഗരമായി കണക്കാക്കി നിക്ഷേപ സൗഹൃദമാകുന്നതിന്റെ തുടക്കമാണ് ഉച്ചകോടിയെന്ന് മന്ത്രി പി രാജീവ് അവകാശപ്പെട്ടു. കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ കൂടുതല്‍ തുറന്നു കാട്ടാനുള്ള വേദിയായി ഉച്ചകോടി മാറി. വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ ഭൂമി ലഭ്യമാകുന്നതില്‍ ഒരു തടസ്സവുമുണ്ടാകില്ല. കേരളത്തിന്റെ വികസന മാതൃകകള്‍ മറ്റ് പ്രദേശങ്ങള്‍ ഏറ്റെടുക്കുകയാണ്. 18 സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രൊ തുടങ്ങാന്‍ താല്‍പ്പര്യം അറിയിതായും മന്ത്രി പി രാജീവ് പ്രതികരിച്ചു.
അദാനിക്ക് പിന്നാലെ ടാറ്റയും
അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന വമ്പന്‍ പ്രഖ്യാപനമാണ് അദാനി പോര്‍ട്സ് എംഡി കരണ്‍ അദാനി നടത്തിയത്. കേരളത്തെ ആഗോള കപ്പല്‍ ശൃംഖലയുമായി ബന്ധിപ്പിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി 5000 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് പുറമെ 20,000 കോടി രൂപയുടെ നിക്ഷേപം കൂടി വിഴിഞ്ഞത്ത് നടത്തും. കൊച്ചിയില്‍ ലോജിസ്റ്റിക്, ഇ കൊമേഴ്സ് ഹബ്ബ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്തഘട്ട വിപുലീകരണത്തിന് 5500 കോടി രൂപ, സിമന്റ് ഉല്‍പ്പാദനമേഖലയില്‍ നിക്ഷേപം എന്നിവയാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനങ്ങള്‍.
ടാറ്റ ഗ്രൂപ്പാണ് കേരളത്തില്‍ നിക്ഷേപം നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനം. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്‌സണ്‍ ഗ്രൂപ്പും മലബാര്‍ സിമന്റ്‌സും കേരളത്തില്‍ സംയുക്തമായി ബോട്ടു നിര്‍മാണ യൂണിറ്റ് ആരംഭിക്കും. 300 കോടിയുടെ പദ്ധതിയുടെ താത്പര്യ പത്രം ഒപ്പുവച്ചു. 100 ടണ്ണില്‍ താഴെയുള്ള ബോട്ട് നിര്‍മ്മാണ യൂണിറ്റാണ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മലബാര്‍ സിമന്റ്‌സ് ലീസിന് എടുത്തിരിക്കുന്ന ഏഴ് ഏക്കറിലായിരിക്കും ബോട്ട് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുക.
സര്‍ക്കാര്‍തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആറുമാസത്തിനകം ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ബോട്ടുകള്‍ വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി ബോട്ടുകള്‍ നിര്‍മിക്കുകയും ഭാവിയില്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതുള്‍പ്പെടെ പദ്ധതിയുടെ ലക്ഷ്യമാണ്. ആര്‍ട്‌സണ്‍ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝാ, മലബാര്‍ സിമന്റ് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്ര ബോസ് എന്നിവര്‍ ചേര്‍ന്നാണ് സംയുക്ത പദ്ധതി പ്രഖ്യാപിച്ചത്.
ലോജിസ്റ്റിക് ഹബ്ബാകാന്‍ കേരളം
ലോജിസ്റ്റിക്‌സ് മേഖലയില്‍ വന്‍ കുതിപ്പിന് വഴി തുറക്കുന്ന പ്രഖ്യാപനങ്ങളാണ് രണ്ട് ദിവസത്തെ ആഗോള നിക്ഷേപ ഉച്ചകോടി സമാപിക്കുമ്പോള്‍ കേരളം കേട്ടത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പ് കമ്പനികളിലൊന്നും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതുമായ ഷറഫ് ഗ്രൂപ്പിന്റെ കടന്നുവരവാണ് ഇതിലൊന്ന്. 5000 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നാണ് കമ്പനി വൈസ് ചെയര്‍മാന്‍ ഹിസ് എക്‌സലന്‍സി റിട്ട. ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ് അറിയിച്ചത്.
കേരളത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ലുലു ഗ്രൂപ്പിന്റെയും പ്രഖ്യാപനം. 15,000 പേര്‍ക്ക് തൊഴിലവസരം ഒരുക്കുന്ന സംരംഭങ്ങള്‍, ഗ്ലോബല്‍ സിറ്റി, ഐ ടി ടവര്‍, ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് എന്നിവയും ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളില്‍പ്പെടും.
വണ്‍ടു വണ്‍ ചര്‍ച്ചയുമായി മുഖ്യമന്ത്രി, രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നേതാക്കള്‍
കേരള ആഗോള നിക്ഷേപ ഉച്ചകോടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ സാന്നിധ്യം ഏറെ ശ്രദ്ധപിടിച്ചുറ്റി. ഉച്ചകോടിയില്‍ നടന്ന മൂന്നു റൗണ്ട് ടേബിള്‍ ചര്‍ച്ചകളില്‍ രണ്ടെണ്ണത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. അന്‍പതോളം നിക്ഷേപകരുമായി വണ്‍ടു വണ്‍ ചര്‍ച്ചകളും മുഖ്യമന്ത്രി നടത്തി.
രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് വികസന പ്രതീക്ഷകള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉച്ചകോടിയെ സജീവമാക്കി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജയന്ത് ചൗധരി, പിയൂഷ് ഗോയല്‍, ജോര്‍ജ് കുര്യന്‍ എന്നിവരായിരുന്നു കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉച്ചകോടിയില്‍ പങ്കെടുത്തത്. കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രമന്ത്രിമാര്‍ കേന്ദ്ര സഹകരണത്തോടെ നടപ്പാക്കുന്ന പുതിയ പദ്ധതികളും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി എന്നവരും ഉച്ചകോടിയില്‍ സജീവ സാന്നിധ്യമായിരുന്നു.
26 രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പെടെ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തിന്റെ സാധ്യതകളെ തുറന്നുകാട്ടിയ അവതരണങ്ങള്‍ നടന്ന 30 പ്രത്യേക സെഷനുകളില്‍ പ്രതിനിധികളുടെ സജീവപങ്കാളിത്തം ശ്രദ്ധേയമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക