
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലവിലെ ശമ്പളത്തില്‍ കുറഞ്ഞത് 47 ശതമാനം ജീവനക്കാരെങ്കിലും അതൃപ്തരാണെന്ന് സര്‍വേ. ശമ്പളം പ്രതീക്ഷയ്‌ക്കൊത്ത് കൂടാത്തതും അതുവഴി ജീവിതലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതതുമാണ് ജീവനക്കാരുടെ അതൃപ്തിക്ക് കാരണം. 77 ശതമാനം പ്രൊഫഷണലുകളും അവരുടെ മേഖലയില്‍ ഗണ്യമായ ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴില്‍ പ്ലാറ്റ്‌ഫോമായ ഫൗണ്ട്ഇറ്റിന്റെ സര്‍വേയില്‍ പറയുന്നു.
0-3 വര്‍ഷത്തെ പരിചയമുള്ള എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ അതൃപ്തിയുള്ളത്. ഇതില്‍ ഐടി മേഖലയിലുള്ളവരിലാണ് ഏറ്റവും കൂടുതല്‍ അസംതൃപ്തി. ഐടി മേഖലയിലുള്ള 26 ശതമാനം ജീവനക്കാരും അസംതൃപ്തരാണ്. വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ അപ്രൈസലിനായി കാത്തിരിക്കുന്ന സമയത്താണ് സര്‍വേ റിപ്പോര്‍ട്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, 59 ശതമാനം പ്രൊഫഷണലുകള്‍ക്കും കുറഞ്ഞ ശമ്പള വര്‍ധനയാണ് ഉണ്ടായത്. ഇത് ഭൂരിപക്ഷത്തിനും മന്ദഗതിയിലുള്ള വേതന വര്‍ധനയെ സൂചിപ്പിക്കുന്നു. തെരഞ്ഞെടുത്ത തസ്തികകളില്‍ മാത്രമാണ് കാര്യമായ ശമ്പള വര്‍ധന ഉണ്ടായിട്ടുള്ളത്. 13 ശതമാനം പേര്‍ക്ക്് ശമ്പളത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് തൊഴില്‍ ശേഷിയുടെ ഒരു ചെറിയ വിഭാഗത്തില്‍ നിശ്ചലാവസ്ഥയെ സൂചിപ്പിക്കുന്നു.
ശമ്പള വര്‍ധനയില്‍ 35 ശതമാനം പ്രൊഫഷണലുകളും കുറഞ്ഞ വര്‍ധന മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ (0-10%). 29 ശതമാനം പേര്‍ മിതമായ വളര്‍ച്ച (11-20%) പ്രതീക്ഷിക്കുന്നു. 14 ശതമാനം പേര്‍ ഗണ്യമായ വര്‍ധന ആഗ്രഹിക്കുന്നു(21-30%). കരിയറിന്റെ പ്രാരംഭ ഘട്ടങ്ങളിലും ജൂനിയര്‍ ഘട്ടങ്ങളിലുമുള്ള ജീവനക്കാര്‍ ഉയര്‍ന്ന അപ്രൈസലിനെ കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.ഇവരില്‍ 22 ശതമാനം പേര്‍ 30 ശതമാനം ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. എന്‍ട്രി ലെവല്‍ പ്രൊഫഷണലുകള്‍ ഏറ്റവും ശുഭാപ്തിവിശ്വാസികളായി തുടരുന്നതായും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
35 ശതമാനം പേര്‍ മിതമായതോ ഗണ്യമായതോ ആയ വളര്‍ച്ച പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഐടി-സോഫ്റ്റ്വെയര്‍ (20%), ബിഎഫ്എസ്ഐ (17%) മേഖലകളില്‍. എന്‍ജിനീയറിങ്, ഉല്‍പ്പാദന രംഗങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 23 ശതമാനംപേരും ഐടി മേഖലയിലെ 18 ശതമാനം പേരും വലിയ തോതിലുള്ള ശമ്പള വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നൈപുണ്യ വികസന സംരംഭങ്ങള്‍, ഘടനാപരമായ കരിയര്‍ പുരോഗതി പാതകള്‍, മത്സരാധിഷ്ഠിത പ്രതിഫല തന്ത്രങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഫൗണ്ടിറ്റിന്റെ സിഇഒ വി സുരേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക