'കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി കൈപ്പറ്റാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി തപാല്‍ വകുപ്പ്

തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്
india post warning
കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജേനയാണ് തട്ടിപ്പ്
Updated on

തിരുവനന്തപുരം: തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജേനയാണ് തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത്. ഇന്ത്യാപോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്ന വ്യാജേന തട്ടിപ്പുകാര്‍ പുറത്തുവിട്ട വെബ്സൈറ്റ് ലിങ്ക് വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്.

തപാല്‍ വകുപ്പ് വഴി സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജസന്ദേശം ഉള്‍ക്കൊള്ളിച്ചാണ് വെബ്‌സൈറ്റ് ലിങ്ക് പ്രചരിക്കുന്നത്. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യിപ്പിച്ച് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടില്‍നിന്ന് പണം കവരുന്നതാണ് തട്ടിപ്പ് രീതി. പലര്‍ക്കും പണം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നതോടെ തപാല്‍ വകുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി.

ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും ചിത്രങ്ങളും അടങ്ങിയ വെബ്‌സൈറ്റ് തെളിയും. തപാല്‍വകുപ്പിന്റെ സന്ദേശമാണെന്ന് കരുതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിക്കഴിയുമ്പോള്‍ സമ്മാനം ലഭിക്കാന്‍ തന്നിട്ടുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. ഇതുചെയ്താല്‍ വന്‍ തുകയോ കാറോ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കും. സമ്മാനം ലഭിക്കാന്‍ നല്‍കിയിട്ടുള്ള ലിങ്ക് നാല് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ അല്ലെങ്കില്‍ 20 വാട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കാന്‍ ആവശ്യപ്പെടും.

തുടര്‍ന്ന് ബാങ്ക് അക്കൗണ്ട്, ആധാര്‍കാര്‍ഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആവശ്യപ്പെടും. ഇതെല്ലാം അയച്ചാല്‍ പ്രോസസിങ് ചാര്‍ജ്, രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെട്ട് പണം കൈപ്പറ്റി തട്ടിപ്പ് നടത്തുന്നതാണ് രീതി. ലിങ്കുകളില്‍ ക്ലിക്ക് ചെയ്യിപ്പിച്ച് ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടില്‍നിന്ന് പണം കവരുന്നതാണ് തട്ടിപ്പ് രീതി. അതിനാല്‍ ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളില്‍ വീഴരുതെന്നും തപാല്‍ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com