
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചെറിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പദ്ധതിയിടുന്നു. കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാരയോടുള്ള ഉപഭോക്തൃ പ്രതികരണം വിലയിരുത്തിയ ശേഷവും ചെറിയ ഇലക്ട്രിക് കാറുകള്‍ ഇറക്കുന്നതിനുള്ള നിര്‍മ്മാണ സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടിയതിന് പിന്നാലെയും ഇന്ത്യയില്‍ ചെറിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനാണ് പദ്ധതിയെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുക്കി ബുധനാഴ്ച ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പറഞ്ഞു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ് ഭൂരിപക്ഷം ഓഹരികളും.
ഇ വിറ്റാര ഒരു പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ 50 ശതമാനം വിപണി വിഹിതം നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി എസ്യുവി വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോഷിഹിരോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍, ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയുടെ ഏകദേശം 41 ശതമാനം വിഹിതവും മാരുതി സുസുക്കിയാണ്.
'ആഗോളതലത്തില്‍, ഇലക്ട്രിക് വാഹന വിപണി മന്ദഗതിയിലാണ്. പക്ഷേ ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യയില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയാന്‍, ഞങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയ നിര്‍മ്മാതാക്കളെ ഞങ്ങള്‍ പഠിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഇ വിറ്റാര പ്രദർശിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരു പ്രത്യേക പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു,' -അദ്ദേഹം പറഞ്ഞു.
'ആദ്യം, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ശരിയായ നിര്‍മ്മാണ രീതികള്‍ പഠിക്കണം. ഇലക്ട്രിക് വാഹന നിര്‍മ്മാണം പൂര്‍ണ്ണമായി മനസ്സിലാക്കിക്കഴിഞ്ഞാല്‍, ചെറിയ കാറുകളിലേക്ക് നീങ്ങുന്നത് അര്‍ത്ഥവത്താകും. ചെറിയ കാര്‍ വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ആദ്യം, ഞങ്ങള്‍ ഇ വിറ്റാര മാത്രമേ പുറത്തിറക്കാന്‍ പോകുന്നുള്ളൂ, ഉപഭോക്തൃ ആവശ്യങ്ങള്‍ വിശകലനം ചെയ്യാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിലവിലെ എല്ലാ internal combustion എന്‍ജിന്‍ മോഡലുകളെയും ഇവിയിലേക്ക് മാറ്റുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഏത് സെഗ്മെന്റിലാണ് അല്ലെങ്കില്‍ ഏത് മേഖലയിലാണ് ഉല്‍പ്പന്നം ആവശ്യമായി വരിക എന്ന് വിലയിരുത്തി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്'- തോഷിഹിരോ സുസുക്കി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ 62 ശതമാനം വിപണി വിഹിതം ടാറ്റ മോട്ടോഴ്‌സിന് ആണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക