
അഹമ്മദാബാദ്: ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ നിര്‍മ്മിക്കാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മത്സരിക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ കമ്പനിയായ എന്‍വിഡിയയില്‍ നിന്ന് എഐ സെമികണ്ടക്ടറുകള്‍ വാങ്ങാനാണ് റിലയന്‍സിന്റെ ആലോചനയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2024 ഒക്ടോബറില്‍ നടന്ന എഐ ഉച്ചകോടിയില്‍ റിലയന്‍സും എന്‍വിഡിയയും ഇന്ത്യയില്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത ശ്രമം പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് നിര്‍മ്മിക്കുന്ന ഒരു ഗിഗാവാട്ട് ഡാറ്റാ സെന്ററിനായി തങ്ങളുടെ ബ്ലാക്ക്വെല്‍ എഐ പ്രോസസ്സറുകള്‍ വിതരണം ചെയ്യുമെന്നാണ് എന്‍വിഡിയ വാഗ്ദാനം ചെയ്തത്. സഹകരണം സംബന്ധിച്ചുള്ള പുതിയ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.
'എല്ലാ ആളുകള്‍ക്കും അഭിവൃദ്ധി കൊണ്ടുവരാനും ലോകത്തിന് മുന്‍പാകെ തുല്യത കൊണ്ടുവരാനും നമുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാം. യുഎസിനും ചൈനയ്ക്കും പുറമെ, ഇന്ത്യയ്ക്കും ഏറ്റവും മികച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്,'- എഐ ഉച്ചകോടിയില്‍ ഇന്ത്യന്‍ വിപണിയുടെ വലിയ ഇന്റലിജന്‍സ് ശേഷിയെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയില്‍ എഐ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാഷകളില്‍ പരിശീലനം ലഭിച്ച വലിയ ഭാഷാ മോഡലുകള്‍ സൃഷ്ടിക്കുന്നതിനുമുള്ള പങ്കാളിത്തവും റിലയന്‍സ് ഇന്‍ഡസ്ട്രീസും എന്‍വിഡിയയും പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക