
തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ കേരളം മുന്നേറുകയാണെന്ന് നീതി ആയോഗിന്റെ പഠന റിപ്പോർട്ട്. വായ്പയുടെ തിരിച്ചടവും ക്രെഡിറ്റ് സ്കോറുമൊക്കെ സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ കേരളം ആറാം സ്ഥാനത്താണ്. നെറ്റി ചുളിക്കേണ്ട, ഈ ആറാം സ്ഥാനത്തിന് മധുരമേറെയാണ്. രാജ്യത്തെ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ ആകെ എണ്ണത്തിൽ ആറാം സ്ഥാനമാണ്. ജനസംഖ്യ കുറവുള്ള കേരളത്തിനിത് മികച്ച നേട്ടമാണ്.
സ്ത്രീ സാമ്പത്തിക ശാക്തീകരണത്തെക്കുറിച്ചുള്ള നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം, സംസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. ''ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് - കടം വാങ്ങുന്നവരില്‍ നിന്ന് നിര്‍മാതാക്കളിലേക്ക്'' എന്ന തലക്കെട്ടില്‍ നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ സ്ത്രീകളുടെ നേട്ടം പരാമര്‍ശിക്കുന്നത്.
സാമ്പത്തിക സ്വാതന്ത്ര്യം വായ്പാ നിയന്ത്രണം എന്നിവയില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വായ്പകള്‍ നേടിയിട്ടുള്ള വനിതകളുടെ എണ്ണത്തില്‍ 2024 ലെ കണക്കുകള്‍ പ്രകാരം കേരളം ആറാം സ്ഥാനത്തായിരുന്നു. വായ്പകള്‍ സംബന്ധിച്ച ദേശീയ കണക്കുകള്‍ പ്രകാരം ആകെ വനിതകളില്‍ ആറ് ശതമാനവും കേരളത്തിലാണ്.
മഹാരാഷ്ട്രയാണ് പട്ടികയില്‍ ഒന്നാമത്. രാജ്യത്തെ മൊത്തത്തിലുള്ള വനിതാ കടമെടുപ്പുകാരില്‍ 15 ശതമാനവും മഹാരാഷ്ട്രയിലാണ്. തമിഴ്‌നാട് 11, കര്‍ണാടക 9, ഉത്തര്‍ പ്രദേശ് 7 തെലങ്കാന 6 എന്നിങ്ങനെയാണ് കേരളത്തിന് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ആന്ധ്ര പ്രദേശ്, ഗുജറാത്ത് പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ കേരളത്തിന് പിറകിലാണെന്നും കണക്കുകള്‍ പറയുന്നു.
'സ്വയം നിരീക്ഷണത്തിലൂടെയും ക്രെഡിറ്റ് മാനേജ്മെന്റിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നു എന്നത് കേരളത്തിലെ സ്ത്രീകളുടെ വളര്‍ന്നുവരുന്ന സാമ്പത്തിക വിവേകത്തിന്റെ തെളിവാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. സ്വന്തമായി സാമ്പത്തിക അച്ചടക്കം നേടുന്ന 44 ശതമാനം സ്ത്രീകളും ആറ് മാസത്തിനുള്ളില്‍ അവരുടെ ക്രെഡിറ്റ് സ്‌കോറുകളില്‍ പുരോഗതി നേടുന്നു. വര്‍ധിച്ചുവരുന്ന സാമ്പത്തിക അവബോധത്തിന്റെ സ്വാധീനമാണ് ഇത് കാണിക്കുന്നത്. 'വായ്പ എടുക്കുന്നവരുടെ സമ്പൂര്‍ണ്ണ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ്. കേരളത്തിന്റെ ജനസംഖ്യ താരതമ്യേന ചെറുതാണ്, എന്നിട്ടും ആറാം സ്ഥാനത്ത് തുടരുന്നു. വായ്പ എടുക്കുന്നവരുടെ ശതമാന കണക്ക് പരിശോധിച്ചാല്‍ കേരളത്തിന്റെ റാങ്കിംഗ് ഉയരുമായിരുന്നു,' എന്ന് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ കുമാര്‍ കകര്‍ലപുടി ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക മേഖല സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ആകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വിദഗ്ധരുടെ നിലപാട്. ഇത് സാമ്പത്തിക സാക്ഷരതയുമായും സാമ്പത്തിക സാക്ഷരതയും ഉത്പന്നങ്ങളെ കുറിച്ചും അവയുടെ കൈകാര്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും കിരണ്‍ കുമാര്‍ കകര്‍ലപുടി പറഞ്ഞു. കേരളത്തിലെ സ്ത്രീ വായ്പക്കാരില്‍ ഭൂരിഭാഗവും നേരത്തെ ചെറുകിട നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. നിലവില്‍ അത് ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക