
ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുമാസത്തെ താഴ്ന്ന നിലയില്‍. ഫെബ്രുവരിയില്‍ 3.61 ശതമാനമായാണ് താഴ്ന്നത്. ഇതോടെ വരുന്ന റിസര്‍വ് ബാങ്കിന്റെ പണ, വായ്പാ നയ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ശക്തമായി.
ജനുവരിയില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 4.26 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്ന സ്ഥാനത്ത് നിന്നാണ് ഇത്തവണ വിലക്കയറ്റം കുറഞ്ഞത്. ഇതിന് മുന്‍പ് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കുറഞ്ഞ പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 3.60 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം 3.75 ശതമാനമായാണ് കുറഞ്ഞത്. ജനുവരിയില്‍ ഇത് 5.97 ശതമാനമായിരുന്നു. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ താഴെ സ്ഥിരമായി നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഏഴുമുതല്‍ 9 വരെയാണ് റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി യോഗം ചേരുന്നത്.
അതിനിടെ രാജ്യത്തിന്റെ വ്യാവസായികോല്‍പ്പാദനവും ഉയര്‍ന്നു. ജനുവരിയില്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉല്‍പ്പാദന മേഖലയിലെ ഉണര്‍വാണ് വ്യാവസായികോല്‍പ്പാദനത്തെ സ്വാധീനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക