
ന്യൂഡൽഹി: ഇന്ത്യയിൽ ഒരു സെമി കണ്ടക്ടർ യൂണിറ്റ് കൂടി ആരംഭിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അനുമതി. എച്ച്‌സിഎല്ലിന്റേയും ഫോക്‌സ്‌കോണിന്റേയും സംയുക്ത സംരംഭത്തിനാണ് അനുമതി ലഭിച്ചത്. ഉത്തർപ്രദേശിലെ ജെവാറിൽ ആരംഭിക്കുന്ന ഇത് ഇന്ത്യയുടെ ആറാമത്തെ സെമി കണ്ടക്ടർ പ്ലാന്റാണ്. നിലവില്‍ അഞ്ച് സെമികണ്ടക്ടര്‍ യൂണിറ്റുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
3,706 കോടി രൂപയാണ് വേഫേഴ്‌സ് നിർമ്മാണ പ്ലാന്റിന് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം അറിയിച്ച മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. മൊബൈൽ ഫോണുകൾ, പിസികള്‍, ലാപ്‌ടോപ്പുകൾ, ഓട്ടോമൊബൈലുകൾ, ഡിസ്പ്ലേയുള്ള മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കുള്ള ഡിസ്‌പ്ലേ ഡ്രൈവർ ചിപ്പുകൾ ഈ പ്ലാന്റില്‍ നിർമ്മിക്കും. പ്രതിമാസം 20000 സെമികണ്ടക്ടര്‍ വേഫറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
"ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ കീഴിൽ, ഇതുവരെ 5 സെമികണ്ടക്ടർ യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചു, അവിടെ ദ്രുതഗതിയിലുള്ള നിർമ്മാണം നടക്കുന്നു. ഒരു യൂണിറ്റിൽ ഈ വർഷം ഉത്പാദനം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട്, ഒരു സൂപ്പർ-അഡ്വാൻസ്ഡ് യൂണിറ്റ് കൂടിയുണ്ട്. ഇത് എച്ച്‌സിഎല്ലിന്റെയും ഫോക്‌സ്‌കോണിന്റെയും സംയുക്ത സംരംഭമാണ്," മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഹാര്‍ഡ് വെയര്‍ നിര്‍മാണരംഗത്ത് നീണ്ടകാലത്തെ അനുഭവസമ്പത്തുള്ള കമ്പനിയാണ് എച്ച്‌സിഎല്‍. ഇലക്ട്രോണിക്‌സ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിര കമ്പനികളിലൊന്നാണ് ഫോക്‌സ്‌കോണ്‍. യമുന എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയില്‍ ജെവാര്‍ വിമാനത്താവളത്തിന് സമീപമായാണ് ഇരു കമ്പനികളും ചേര്‍ന്ന് പുതിയ സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ