maruti Suzuki hikes prices
മാരുതി സ്വിഫ്റ്റ്ഫയൽ

32,500 രൂപ വരെ, മാരുതി കാറുകളുടെ വില വര്‍ധിപ്പിച്ചു; പട്ടിക ഇങ്ങനെ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു
Published on

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും പ്രവര്‍ത്തന ചെലവ് ഉയര്‍ന്നതുമാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും മാരുതി സുസുക്കി വ്യക്തമാക്കി.

'ചെലവ് പരിമിതപ്പെടുത്താനും ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും വര്‍ദ്ധിച്ച ചില ചെലവുകള്‍ കണക്കിലെടുത്ത് വിപണിയിലേക്ക് ഇത് കൈമാറാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു,'- കമ്പനി റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കി. പുതുക്കിയ വില അനുസരിച്ച് കമ്പനിയുടെ കോംപാക്റ്റ് കാറായ സെലേറിയോയുടെ എക്‌സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്ടോയുടെ വിലയില്‍ 30,000 രൂപ വരെയും വര്‍ധന ഉണ്ടാവും.

കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആര്‍ വിലയില്‍ 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വിലയില്‍ 5,000 രൂപ വരെയും വര്‍ധന ഉണ്ടാകും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20,000 രൂപ വരെയും 25,000 രൂപ വരെയുമാണ് വില വര്‍ധന. എന്‍ട്രി ലെവല്‍ ചെറുകാറുകളായ ആള്‍ട്ടോ കെ10ന് 19,500 രൂപ വരെയും എസ്-പ്രസ്സോയ്ക്ക് 5,000 രൂപ വരെയും വില ഉയരുമെന്നും ഫയലിംഗില്‍ പറയുന്നു.

പ്രീമിയം കോംപാക്റ്റ് മോഡലായ ബലേനോയ്ക്ക് 9,000 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയും വില ഉയരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 3.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്‌റ്റോ വരെയുള്ള വിവിധ വാഹനങ്ങളാണ് കമ്പനി നിലവില്‍ വില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com