
കൊച്ചി: ഡാര്‍ക് വെബ് വഴിയുള്ള ലഹരി കച്ചവടം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയതോടെ ഡാര്‍ക്ക് വെബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. രണ്ടുവര്‍ഷമായി ഡാര്‍ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണെയാണ് കഴിഞ്ഞ ദിവസം എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ദേശീയ പരീക്ഷ ഏജന്‍സി നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെ ഡാര്‍ക് വെബിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ചോദ്യപേപ്പര്‍ ഡാര്‍ക് വെബ് വഴി പ്രചരിച്ചതോടെയാണ് പരീക്ഷ റദ്ദാക്കിയത്. ഡാര്‍ക് വെബിലെത്തിയ ചോദ്യപേപ്പര്‍ സമൂഹമാധ്യമമായ ടെലിഗ്രാം വഴി പ്രചരിക്കുകയായിരുന്നു.
81.5 കോടി ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പനയ്ക്കു വച്ചതായി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ റീസെക്യൂരിറ്റി 2023 ഒക്ടോബറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ആസ്ഥാനമായുള്ള സെബര്‍ സെക്യൂരിറ്റി കമ്പനിയാണ് റീസെക്യൂരിറ്റി. പേര്, ആധാര്‍, പാസ്‌പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ലിംഗം, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്താണ് ഡാര്‍ക് വെബ്?
ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല. ഡാര്‍ക്ക് വെബ് എന്നത് ഇന്റര്‍നെറ്റിന്റെ ഒരു എന്‍ക്രിപ്റ്റ് ചെയ്ത ഭാഗമാണ്, ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിന്‍ വഴി ഇപയോഗിച്ച് ഇവ കാണാന്‍ കഴിയില്ല. ഡാര്‍ക്‌നെറ്റ് എന്നും അറിയപ്പെടുന്ന ഡാര്‍ക്ക് വെബ് ഇന്റര്‍നെറ്റിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു വലിയ ഭാഗമാണ്. ഒരു പരിധിവരെ, ചില വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്ലെങ്കില്‍ ഒരു എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ ക്ലബ്ബിലോ സോഷ്യല്‍ നെറ്റ്വര്‍ക്കിലോ ചേരാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇവ ഉപയോഗപ്പെടുത്തുന്നു. എന്‍ക്രിപ്റ്റ്‌ചെയ്ത സന്ദേശങ്ങളാണ് ഇടപാടുകാര്‍ തമ്മില്‍ നടത്തുകയെന്നതിനാല്‍ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസം. ഏതെങ്കിലും ഇടപാടുകാര്‍ വലയില്‍ക്കുടുങ്ങിയാലും എല്ലാകണ്ണികളെയും പിടികൂടാനാകില്ല. അന്വേഷണസംഘങ്ങള്‍ സമീപിച്ചാലും ചിലരാജ്യങ്ങള്‍ ഡാര്‍ക്ക് നെറ്റ് വിവരം കൈമാറുകയുമില്ല.
ഡാര്‍ക് വെബിലേക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്?
സാധാരണ വെബ്സൈറ്റ് ലിങ്കുകളുടെ ഇന്‍ഡക്‌സ് ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിളും മറ്റ് സെര്‍ച്ച് എഞ്ചിനുകളും നല്‍കുമ്പോള്‍ ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഇന്‍ഡക്‌സ് ചെയ്യില്ല. പകരം, ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഡാര്‍ക്ക് വെബ് വ്യക്തിഗത ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഡാറ്റാബേസുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നല്‍കുന്നു.
ഫയര്‍ഫോക്‌സ് അല്ലെങ്കില്‍ ക്രോം പോലുള്ള സാധാരണ ബ്രൗസറുകളിലൂടെ ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യാന്‍ കഴിയില്ല. എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ വഴിയോ ടോര്‍(ദി ഒനിയന്‍ റൂട്ട്) ബ്രൗസര്‍ പോലുള്ള ഒരു ഓവര്‍ലേ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ കഴിയൂ. ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സൗജന്യമാണ്, കൂടാതെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്നു. ടോര്‍ ബ്രൗസറിന് പുറമേ, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (വിപിഎന്‍) വഴി ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയും.
ഡാര്‍ക്ക് വെബിലെ വെബ്സൈറ്റ് യുആര്‍എലുകള്‍
ഡാര്‍ക്ക് വെബിലെ സൈറ്റുകള്‍ ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ ആദ്യം താല്‍പ്പര്യമുള്ള സൈറ്റിന്റെ യുആഎല്‍ അറിഞ്ഞിരിക്കണം. കാരണം ഈ സൈറ്റുകള്‍ക്ക് അസാധാരണമായ പേരുകളായിരിക്കും. .com, .org, .edu ഇത്തരം പേരുകളായിരിക്കില്ല. ഡാര്‍ക്ക് വെബ് യുആര്‍എല്ലുകളില്‍ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മിശ്രിതമായിരിക്കും. ഇത് കണ്ടെത്താനോ ഓര്‍മ്മിക്കാനോ പ്രയാസമാക്കുന്നു.
ഡാര്‍ക്ക് വെബ് എന്നത് വലിയ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടമെന്ന് മാത്രം കരുതേണ്ടതില്ല. വളരെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരം എന്‍ക്രിപ്റ്റഡ് ആയ മേഖലകളെ ഉപയോഗിക്കാന്‍ വഴികളുണ്ട്.പലരാജ്യങ്ങള്‍ സുരക്ഷാ സൈനിക രഹസ്യങ്ങള്‍ സുരക്ഷിക്കാന്‍ എന്‍ക്രിപ്റ്റഡ് വെബ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ അനധികൃത ആയുധ വില്‍പ്പന, ലഹരിമരുന്നിന്റെ കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കല്‍,മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഡാര്‍ക് വെബില്‍ നടക്കുന്നു.
The underworld of the internet! What's going on on the Dark Web?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates