
ന്യൂഡല്‍ഹി: ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ചരക്ക് സേവന നികുതി (ജിഎസ്ടി) പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 12 ശതമാനം ജിഎസ്ടി സ്ലാബ് പൂര്‍ണ്ണമായും ഒഴിവാക്കിയോ നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന പല ഇനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് പുനഃക്രമീകരിച്ചോ ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുനഃക്രമീകരണത്തിലൂടെ കൂടുതലായി ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്‍, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്‍, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രം, 500 മുതല്‍ 1,000 രൂപ വരെ വിലയുള്ള പാദരക്ഷ, സ്റ്റേഷനറി വസ്തുക്കള്‍, വാക്‌സിനുകള്‍, സെറാമിക് ടൈലുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍ദിഷ്ട മാറ്റങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍, ഇവയില്‍ പലതും കൂടുതല്‍ താങ്ങാവുന്ന വിലയില്‍ വിപണിയില്‍ ലഭ്യമാകും.
ഈ നീക്കം സര്‍ക്കാരിന് 40,000 കോടി മുതല്‍ 50,000 കോടി രൂപ വരെ ഭാരം വരുത്തുമെങ്കിലും തുടക്കത്തില്‍ ഉണ്ടാവുന്നഈ ആഘാതം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപഭോഗത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവിലൂടെ ഇത് പിന്നീട് സന്തുലിതമാക്കാം എന്നും സര്‍ക്കാര്‍ കരുതുന്നു. വില കുറയുന്നത് വില്‍പ്പന വര്‍ധിപ്പിക്കുമെന്നും ആത്യന്തികമായി നികുതി അടിത്തറ വര്‍ധിപ്പിക്കുമെന്നും ദീര്‍ഘകാല ജിഎസ്ടി കളക്ഷന്‍ വര്‍ധിപ്പിക്കുമെന്നും കേന്ദ്രം വിശ്വസിക്കുന്നു.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ജിഎസ്ടി നിരക്കുകളില്‍ സാധ്യമായ മാറ്റങ്ങളെക്കുറിച്ച് സൂചന നല്‍കിയിരുന്നു. കൂടുതല്‍ യുക്തിസഹമായ ഒരു ഘടനയ്ക്കായി സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവശ്യവസ്തുക്കളില്‍ മധ്യവര്‍ഗത്തിന് ആശ്വാസം നല്‍കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം തീരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടായിട്ടില്ല എന്നാണ് വിവരം. ജിഎസ്ടി പ്രകാരം, നിരക്ക് മാറ്റങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. കൗണ്‍സിലില്‍ ഓരോ സംസ്ഥാനത്തിനും വോട്ടവകാശമുണ്ട്. നിലവില്‍, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ നീക്കത്തിന് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
Centre considering eliminating the 12 per cent GST slab, reduction in Goods and Services Tax
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates