
കൊല്ലം: രാജ്യാന്തര ഐടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐടി ക്യാമ്പസ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തുടങ്ങുന്നതിനെ അഭിനന്ദിച്ച് മുരളി തുമ്മാരുകുടി. എന്നാണ് പെരുമ്പാവൂരിലെ അഭ്യസ്തവിദ്യര്‍ക്ക് നാടുവിട്ടു പോകാതെ ബാംഗ്ലൂരിലെപ്പോലെ അല്ലെങ്കില്‍ സിംഗപ്പൂരിലെ പോലെയുള്ള തൊഴിലുകള്‍ പെരുമ്പാവൂരിലെ ഇന്‍ഫോ പാര്‍ക്കില്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും മെച്ചപ്പെട്ട ഗതാഗത സൗകര്യവും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുണ്ട്. അഭ്യസ്തവിദ്യരായ ആളുകളും ഉണ്ട്. എന്നിട്ടും ഹൈടെക് കമ്പനികള്‍ വരാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ഇവിടെയാണ് സോഹോയുടെ പ്രസക്തിയെന്നും അദ്ദേഹം പറയുന്നു.
പ്രാദേശികതലത്തില്‍ യുവാക്കളുടെ തൊഴില്‍നൈപുണ്യം, അവസരങ്ങള്‍ എന്നിവ ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര നെടുവത്തൂരില്‍ ഐടി ക്യാമ്പസ് ആരംഭിച്ചത്. ഈ മാസം രണ്ടാം തിയതി ക്യാമ്പസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഒന്നര വര്‍ഷം മുമ്പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍ നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കൊട്ടാരക്കരയിൽ സോഹോ എത്തുമ്പോൾ
കൊട്ടാരക്കരയിൽ Zoho Corporation അവരുടെ ഗവേഷണത്തിനായി ഒരു മിനി കാമ്പസ് സ്ഥാപിച്ചു എന്ന വാർത്ത ഏറെ സന്തോഷത്തോടെ ആണ് വായിച്ചത്.
എന്തുകൊണ്ടാണ് കേരളത്തിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഹൈ ടെക്ക് കമ്പനികൾ അധികം വരാത്തതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. പഴയ കാലം ഒന്നുമല്ല, ശതകോടികൾ വിറ്റുവരവുള്ള സ്ഥാപനങ്ങൾ പലതും - നിർമ്മാണ കമ്പനികളോ സേവനങ്ങൾ നൽകുന്നവയോ - വളരെ ചെറിയ സ്ഥലത്ത് തുടങ്ങാവുന്നതാണ്. കേരളത്തിൽ എല്ലാ ഗ്രാമങ്ങളിലേക്കും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളുണ്ട്, എവിടെയും ഹൈസ്പീഡ് ഇന്റർനെറ്റ് ഉണ്ട്, കേരളത്തിൽ ഏതൊരു ഗ്രാമത്തിലും അഭ്യസ്തവിദ്യരായ ആളുകളുണ്ട്, സുരക്ഷ കേരളത്തിൽ ഒരിടത്തും പ്രശ്‌നമല്ല.
ജനീവയിൽ താമസിക്കുന്ന സമയത്ത് ഞാൻ ഒരിക്കൽ ജനീവയിൽ നിന്നും അധികം ദൂരെയല്ലാത്ത ഒരു ഗ്രാമത്തിൽ പോയി. Vallée de Joux എന്നാണ് ആ ഗ്രാമത്തിന്റെ പേര്. വെങ്ങോലയുടെയത്ര ജനസംഖ്യ പോലുമില്ല. അവിടെ ഡ്രൈവ് ചെയ്യുമ്പോൾ ഒരു ഗ്രാമത്തിലൂടെ പോകുന്ന പ്രതീതിയാണ്, റോഡിൽ ട്രാഫിക്കില്ല, അധികം വ്യാപാര സ്ഥാപനങ്ങൾ ഇല്ല. എന്നാൽ ലോകത്തെ ഏറ്റവും വിലയേറിയതും പ്രശസ്തവുമായ വാച്ചുകൾ നിർമ്മിക്കുന്നത് അവിടെയാണ്. അവിടുത്തെ ആളോഹരി വരുമാനം ഒരു ലക്ഷം സ്വിസ്സ് ഫ്രാങ്കിന് മുകളിൽ ആണ്.
കേരളം ഒരു വലിയ വെല്ലുവിളിയുടെ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. കേരളത്തിൽ ജനിക്കുന്ന കുട്ടികൾ എല്ലാവരും തന്നെ സ്‌കൂളിൽ പോകുന്നു, പോകുന്നവർ മിക്കവാറും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടുന്നു. നൂറിൽ അമ്പത് പേരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നു. നൂറ്റി അൻപതോളം എഞ്ചിനീയറിങ്ങ് കോളേജുകളിൽ നിന്നും ആയിരക്കണക്കിന് എൻജിനീയർമാരും, അതിലേറെ ഡിപ്ലോമക്കാരും, ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തബിരുദവും ഉള്ളവരുമായി പുറത്തു വരുന്നു. ഒരു ഗ്രാമത്തിൽ ബിരുദധാരികൾ ഇല്ലാത്ത വീട് തന്നെ അപൂർവ്വമായിരിക്കും.
പക്ഷെ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്ന ഒരാൾക്ക് അയാളുടെ ഗ്രാമത്തിലോ അല്ലെങ്കിൽ അടുത്ത നഗരത്തിലോ, എന്തിന് കേരളത്തിൽ തന്നെയോ, അവർ പഠിച്ച വിഷയത്തിൽ ന്യായമായ ശമ്പളമുള്ള ജോലി കിട്ടാൻ ഇപ്പൾ സാധ്യത വളരെ കുറവാണ്. ഉന്നത വിദ്യാഭ്യാസത്തിന് പഠിച്ച വിഷയം എന്താണെങ്കിലും ഡിഗ്രിക്ക് ശേഷം പി. എസ്. സി, ബാങ്ക് പരീക്ഷകൾ എഴുതി, പഠിച്ചതുമായി ബന്ധമില്ലാത്തതാണെങ്കിലും ന്യായമായ ശമ്പളമുള്ള തൊഴിലുകളിൽ കയറാൻ ഒരു കൂട്ടർ ശ്രമിക്കുന്നു. മറ്റൊരു കൂട്ടർ വിദേശങ്ങളിലേക്ക് എന്തെങ്കിലും വിഷയങ്ങൾ പഠിക്കാനാണെന്ന തരത്തിൽ പോകുന്നു. അവിടെയും പഠിച്ചതുമായി ബന്ധമില്ലാത്ത ജോലികൾ ചെയ്യുന്നു. രണ്ടാണെങ്കിലും നേടിയ വിദ്യാഭ്യാസം കൊണ്ട് അവർക്ക് കരിയറിൽ ഗുണം ഒന്നുമുണ്ടാകുന്നില്ല എന്ന് മാത്രമല്ല ജീവിതകാലം മുഴുവൻ നിരാശയിലും അപകർഷതാബോധത്തിലും കഴിയേണ്ടിയും വരുന്നു.
ഇത്തരത്തിൽ പഠിച്ച വിഷയത്തിനും ഡിഗ്രിക്കും ചേരാത്ത തൊഴിലുകൾ കേരളത്തിലോ മറുനാട്ടിലോ എടുക്കുന്നവരെ കുറ്റം പറയുകയല്ല. നമ്മുടെ വിദ്യാഭ്യാസരംഗവും നമ്മുടെ സമ്പദ്‌വ്യവസ്ഥയും തമ്മിൽ രണ്ടു ജെനെറേഷൻ ഗ്യാപ്പ് ഉണ്ട്. വിദ്യാഭ്യാസം ഇല്ലാത്തവർക്ക് അല്ലെങ്കിൽ ഐ. ടി. ഐ. യിൽ ഒന്നും പഠിപ്പിക്കാത്ത സ്കില്ലുകൾ ഉള്ളവർക്ക് (ഉദാഹരണം മരം വെട്ടുന്നതിന്, തെങ്ങു കയറുന്നതിന്, നിർമ്മാണ പ്രവർത്തനങ്ങൾക്ക്, ഹോട്ടൽ ജോലിക്ക്, മുടി വെട്ടുന്നതിന്) നാട്ടിൽ തൊഴിലിനു ക്ഷാമമോ ശമ്പളത്തിന് കുറവോ ഇല്ല. എന്നാൽ നാട്ടിൽ തൊഴിലില്ലായ്‌മ കുറയ്ക്കാൻ നമ്മുടെ വിദ്യാഭ്യാസത്തെ നാട്ടിലെ സമ്പദ്‌വ്യവസ്ഥയിലെ ആവശ്യങ്ങൾക്കനുസരിച്ച് താഴേക്ക് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. ഉന്നത വിദ്യാഭ്യാസം നേടിയവർക്കും നാട്ടിൽ തൊഴിൽ ഉണ്ടാകുന്ന തരത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയാണ് ചെയ്യേണ്ടത്.
ഇവിടെയാണ് സോഹോ പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി. മുൻപ് പറഞ്ഞത് പോലെ കേരളത്തിൽ ഏതൊരു ഗ്രാമത്തിലും നമുക്ക് ഇത്തരം ഒരു സംരംഭം തുടങ്ങാം. ഇൻഫോപാർക്കിൽ സാധ്യമായ ഏതൊരു ജോലിയും വെങ്ങോലയിലോ പെരുമ്പാവൂരോ ചെയ്യാം, വാസ്തവത്തിൽ ഈ രണ്ടു സ്ഥലവും വിമാനത്താവളത്തിൽ നിന്നും കൂടുതൽ അടുത്തുമാണ്.
ഇന്നലെ ചൈനയിൽ നിന്നൊരു വാർത്ത കണ്ടു. Deepseek എന്ന ഐ.ടി. കമ്പനി അമേരിക്കയിലേതിനേക്കാൾ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ചൈനീസ് എൻജിനീയർമാരെ നാട്ടിലേക്ക് തിരിച്ചു വിളിക്കുകയാണ്.
ഇതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി
എന്നാണ് പെരുമ്പാവൂരിലെ അഭ്യസ്തവിദ്യർക്ക് നാടുവിട്ടു പോകാതെ ബാംഗ്ളൂരിലെപ്പോലെ അല്ലെങ്കിൽ സിംഗപ്പൂരിലെ പോലെയുള്ള തൊഴിലുകൾ പെരുമ്പാവൂരിലെ ഇൻഫോ പാർക്കിൽ ചെയ്യാൻ സാധിക്കുന്നത് ?
എന്നാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് അവരുടെ ശമ്പളത്തിന്റെ പകുതിയെങ്കിലും ലഭിക്കുന്ന തരത്തിലുള്ള ജോലികൾ നാട്ടിൽ ലഭ്യമാകുന്നത്?
എന്നാണ് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്ന് പോലുമുള്ള അഭ്യസ്തവിദ്യരായ ആളുകളെ കൂടി ആവശ്യമുള്ള തൊഴിലുകൾ നൽകുന്ന ഒരു സമ്പദ്‌വ്യവസ്ഥ നമ്മുടെ ഗ്രാമങ്ങളിൽ ഉണ്ടാകുന്നത്?
സോഹോ ഒരു തുടക്കമാണ്, വിജയമാകട്ടെ.
മുരളി തുമ്മാരുകുടി
Muralee Thummarukudy congratulated international IT company SOHO Corporation for opening its second IT campus in India in Kottarakkara, Kollam district.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates