കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്‌മെന്റ് നടത്തുന്നതില്‍ സ്ത്രീകള്‍ മുന്നില്‍; ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്മെന്റ് നടത്തുന്നതില്‍ സ്ത്രീകളാണ് മുമ്പിലെന്ന് സര്‍വേ
Women in Kerala lead in making smart payments; above national average in online shopping
സ്ത്രീകളില്‍ 75 ശതമാനത്തോളം പേര്‍ ഓണ്‍ലൈന്‍ പേയ്‌മെന്റിന് യുപിഐ (upi) സംവിധാനത്തെയാണ് ആശ്രയിക്കുന്നത്image credit: ians
Updated on
2 min read

തിരുവനന്തപുരം: കേരളത്തില്‍ സ്മാര്‍ട്ട് ആയി പേയ്മെന്റ് നടത്തുന്നതില്‍ സ്ത്രീകളാണ് മുമ്പിലെന്ന് സര്‍വേ. കേരളത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന സ്ത്രീകളില്‍ 75 ശതമാനത്തോളം പേര്‍ ഓണ്‍ലൈന്‍ പേയ്‌മെന്റിന് യുപിഐ (upi) സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാരില്‍ യുപിഐ ഉപയോഗിക്കുന്നവര്‍ 72 ശതമാനമാണെന്നും എന്‍എസ്ഒ ( നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്) സര്‍വേയില്‍ പറയുന്നു.

ഓണ്‍ലൈന്‍ വ്യാപാരം തഴച്ചു വളരുകയാണ് കേരളത്തിലെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തത്തില്‍ മുപ്പത് ശതമാനം പേരാണ് കഴിഞ്ഞ ഒരു മാസ കാലയളവില്‍ ഓണ്‍ലൈനില്‍ പര്‍ച്ചെയ്സ് നടത്തിയതായി പറഞ്ഞത്. ഇത് ദേശീയ ശരാശരിയായ 25 ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണെന്നും സര്‍വേയില്‍ പറയുന്നു.

എന്‍എസ്ഒ പുറത്തിറക്കിയ 'Comprehensive Modular Survey: Telecom 2025' പ്രകാരം, ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലും ജനങ്ങളുടെ വിവര സാങ്കേതികവിദ്യ(ICT) നൈപുണ്യത്തിലും മറ്റ് പല സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് കേരളം പിന്നിലാണ്. കേരളത്തിലെ 91.7 ശതമാനം വീടുകളിലും അവരുടെ പരിസരത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ഇതില്‍ ഫിക്‌സഡ്/വൈഫൈ നെറ്റ്വര്‍ക്ക്, മൊബൈല്‍ നെറ്റ്വര്‍ക്ക്, ഇവ രണ്ടും കൂടി ചേര്‍ന്നത് എന്നിവ ഉള്‍പ്പെടുന്നു. ചണ്ഡീഗഡ്, ലഡാക്ക്, ലക്ഷദ്വീപ് എന്നിവ നൂറു ശതമാനം കണക്റ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദേശീയ ശരാശരി 86.3 ശതമാനമാണ്. രാജ്യത്തെ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. കണക്ടിവിറ്റിയില്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും യഥാക്രമം 89.6 ശതമാനവും 93.6 ശതമാനവും രേഖപ്പെടുത്തി.

വ്യക്തികളുടെ വിവര സാങ്കേതികവിദ്യ നൈപുണ്യത്തില്‍ ഏഴ് വിഭാഗങ്ങളില്‍ ഒരു വിഭാഗം ഒഴികെ എല്ലാ വിഭാഗങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ആറ് വിഭാഗങ്ങളില്‍ മികച്ച പത്ത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ കേരളത്തിന് ഇടം നേടാന്‍ കഴിഞ്ഞില്ല. ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താനുള്ള കഴിവില്‍ മലയാളികള്‍ പന്ത്രണ്ടാം സ്ഥാനത്താണ്. 15 വയസ്സും അതില്‍ കൂടുതലുമുള്ളവരില്‍ 60 ശതമാനം പേര്‍ക്കും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ വഴി ഇടപാടുകള്‍ നടത്താനുള്ള കഴിവുണ്ട്. ദേശീയ ശരാശരി 48.9 ശതമാനമാണ് എന്നിരിക്കെയാണ് ഈ നേട്ടം. ചണ്ഡീഗഡ് (80.1%) ആണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് മിസോറാമാണ് (69.9%). കേരളത്തില്‍ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലുള്ളവരാണ് കൂടുതലായി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ വഴി ഇടപാടുകള്‍ നടത്തുന്നത്. നഗരപ്രദേശങ്ങളില്‍ ഇത് 63.1 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇത് 56.8 ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 70.85 ശതമാനം പേര്‍ക്കും ഇ-മെയില്‍, മെസേജിങ് സേവനം അല്ലെങ്കില്‍ എസ്എംഎസ് വഴി അറ്റാച്ച് ചെയ്ത ഫയലിനൊപ്പം സന്ദേശം അയയ്ക്കാനുള്ള കഴിവ് ഉണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍ കേരളം 14-ാം സ്ഥാനത്താണ്. അതേസമയം ദേശീയ ശരാശരി 63.6 ശതമാനം ആണ്. അഖിലേന്ത്യാ തലത്തില്‍, മൊബൈല്‍ ഫോണുകളിലോ കമ്പ്യൂട്ടര്‍ പോലുള്ള ഉപകരണങ്ങളിലോ പ്രസന്റേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഇലക്ട്രോണിക് പ്രസന്റേഷന്‍ നടത്താനുള്ള കഴിവ് 24.2 ശതമാനം പേര്‍ക്കാണ്. ഈ കഴിവില്‍ കേരളം പട്ടികയില്‍ 21-ാം സ്ഥാനത്താണ്. കേരളത്തില്‍ 22.9 ശതമാനം പേര്‍ക്കാണ് ഇതില്‍ കഴിവുള്ളത്. എന്നാല്‍ 'വേഡ് പ്രോസസ്സിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സൃഷ്ടിക്കല്‍' എന്ന വിഭാഗത്തില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്താണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 26.4 ശതമാനം പേര്‍ക്കും ഈ കഴിവുണ്ട്. ദേശീയ ശരാശരി 13.1 ശതമാനമാണ്. കൂടാതെ, കേരളത്തില്‍ 49.4% പേര്‍ക്കും'ഇ-മെയില്‍ അയയ്ക്കാനോ സ്വീകരിക്കാനോ' കഴിവുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ദേശീയ ശരാശരി 43.5 ശതമാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com