തേങ്ങയ്ക്കു പൊന്നുംവില, എന്നിട്ടും കര്‍ഷകന് നിരാശ

വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന മില്ലുകാരും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാതാക്കളും കയറ്റുമതി സ്ഥാപനങ്ങളും തേങ്ങയ്ക്കായി നെട്ടോട്ടമോടുകയാണ്
a coconut farm
coconut farming and related industries faces challengesfile
Updated on
3 min read

തേങ്ങയുടെ വില കുതിക്കുകയാണ്. കിലോയ്ക്ക് 72 മുതല്‍ 80 രൂപ വരെയായി വില. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 400 രൂപ കൊടുക്കണം. എന്നിട്ടും കര്‍ഷകന്റെ ദുരിതം ഒഴിയുന്നില്ല. ആലിന്‍കായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് കര്‍ഷകന്റെ അവസ്ഥ. തേങ്ങയ്ക്കു മാത്രമല്ല, ചിരട്ടയ്ക്കും തൊണ്ടിനും ഡിമാന്‍ഡ് കൂടി. പക്ഷെ ഉത്പ്പാദനം കുത്തനെ കുറഞ്ഞതിനാല്‍ വില്‍ക്കാന്‍ തേങ്ങയില്ലാത്ത അവസ്ഥ.

വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന മില്ലുകാരും മൂല്യവര്‍ധിത ഉത്പന്ന നിര്‍മാതാക്കളും കയറ്റുമതി സ്ഥാപനങ്ങളും തേങ്ങയ്ക്കായി നെട്ടോട്ടമോടുകയാണ്. കൂടിയ വിലയ്ക്ക് തേങ്ങാ വാങ്ങിയാല്‍ കയറ്റുമതിയില്‍ വന്‍ നഷ്ടം നേരിടുന്നു എന്ന് കമ്പനികള്‍ പറയുന്നു. ഇന്ത്യയ്ക്കുള്ളില്‍ വില്‍ക്കുന്ന തേങ്ങാ അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടാം, പക്ഷെ കയറ്റുമതി വിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ കഴിയില്ല. ശ്രീലങ്കയും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളും കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ വില നിയന്ത്രിച്ചു നിര്‍ത്തുകയെ വഴിയുള്ളൂ.

'ഞങ്ങള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് തേങ്ങ ശേഖരിക്കുന്നത്. ഇക്കുറി ഉത്പ്പാദനം കുറഞ്ഞതിനാല്‍ തേങ്ങയുടെ ദൗര്‍ലഭ്യം ബിസിനസിനെ ബാധിച്ചു. ഓര്‍ഡര്‍ അനുസരിച്ചു ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തില്ലെങ്കില്‍ ബിസിനസ് നഷ്ടമാവും, എന്നാല്‍ വില കൂട്ടാനും പറ്റില്ല. ഇപ്പോള്‍ തന്നെ ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇക്കുറി നല്ല മഴ ലഭിച്ചതിനാല്‍ തേങ്ങയുടെ ഉത്പാദനം കൂടുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ പ്രതിസന്ധി ഒരു മാസം കൂടി തുടര്‍ന്നേക്കും. നിലവില്‍ ആവശ്യത്തിന് തേങ്ങ കിട്ടാത്തതിനാല്‍ ഫാക്ടറി പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തൊഴിലാളികളുടെ വര്‍ക്ക് ഷിഫ്റ്റ് പുനഃക്രമീകരിക്കേണ്ടി വന്നു,' കൊച്ചിയിലെ ഒരു പ്രമുഖ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമ പറയുന്നു.

a coconut farm
വാഴച്ചാല്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാട്ടാന, പെരിങ്ങല്‍കുത്തിന്റെ ഷട്ടറുകള്‍ അടച്ച് കരകയറ്റി വനംവകുപ്പ് - വിഡിയോ

എന്നാല്‍ ഉത്പാദനത്തിലെ കുറവ് മാത്രമല്ല പ്രശ്‌നമെന്ന് തെങ്ങു ഗവേഷകര്‍ പറയുന്നു. തെങ്ങു കയറ്റക്കാരെ കിട്ടാതായതും കൂലി വര്‍ധനവും മൂലം ചെറുകിട ഇടത്തരം കര്‍ഷകര്‍ 45 ദിവസം കൂടുമ്പോളുള്ള ഒഴിവെട്ട് വേണ്ടെന്നു വച്ചു. പൊഴിഞ്ഞു വീഴുന്ന തേങ്ങ വീട്ടിലെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനാല്‍ നാട്ടിന്‍പുറങ്ങളില്‍ ഇടനിലക്കാര്‍ക്കു തേങ്ങ കിട്ടാതെയായി. കൂടാതെ തെങ്ങിന്റെ വാര്‍ഷിക തടം തുറക്കലും വളമിടലും മണ്ട വൃത്തിയാക്കലും എല്ലാം നിലച്ചു. ഇതോടെ തെങ്ങുകളുടെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. നാളീകേര വികസന ബോര്‍ഡ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ 33000 തെങ്ങുകയറ്റക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം രൂപീകരിച്ചപ്പോള്‍ സന്നദ്ധരായി മുന്നോട്ടു വന്നത് 675 പേര് മാത്രം. തെങ്ങുകയറ്റക്കാര്‍ തെങ്ങൊന്നിന് 70 മുതല്‍ 100 രൂപവരെ കൂലി ചോദിക്കുമ്പോള്‍ കൂലി കൊടുക്കാനുള്ള തേങ്ങ പോലും കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പരിഭവപ്പെടുന്നു.

തേങ്ങയുടെ ഉത്പാദനം കുറഞ്ഞിട്ടുണ്ട് എന്ന് നാളീകേര വികസന ബോര്‍ഡും സമ്മതിക്കുന്നു. 'കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന, മഴക്കുറവ് എന്നിവ തെങ്ങുകളുടെ ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ഏകദേശം 38% തെങ്ങുകളും പ്രായമേറിയവയാണ്. ഇതുമൂലം ഉത്പാദനം കുറയുന്നു. കൂടാതെ കീടബാധയും രോഗങ്ങളും മൂലം തെങ്ങുകള്‍ നശിക്കുകയാണ്. കേരളത്തിലെ തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഉത്പാദന വര്‍ധനയ്ക്കുള്ള നിരവധി പദ്ധതികള്‍ ഞങ്ങള്‍ നടപ്പാക്കി. ഇത് കൂടാതെ പ്രതിവര്‍ഷം 20 കോടി രൂപ തെങ്ങു കൃഷി പ്രോത്സാഹനത്തിനായി നാളീകേര വികസന ബോര്‍ഡ് കേരളത്തില്‍ ചെലവഴിക്കുന്നു. ഉത്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ മറ്റ് വിളകളിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഇതിനൊരു മാറ്റം വരുത്തി തെങ്ങുകൃഷി ആദായകരമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം,-' മുഖ്യ നാളീകേര വികസന ഓഫീസര്‍ ബി ഹനുമന്ത ഗൗഡ പറയുന്നു.

'ചെറുകിട നാമമാത്ര കര്‍ഷകര്‍ തെങ്ങുകൃഷിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. ഉയര്‍ന്ന കൂലിയും വളത്തിന്റെ വിലവര്‍ധനവും ഒക്കെ കാരണങ്ങളാണ്. നൂറു രൂപ കൂലികൊടുത്തു തെങ്ങുകയറ്റക്കാരെ വിളിച്ചാല്‍ ഒരു തെങ്ങില്‍ നിന്ന് രണ്ടോ മൂന്നോ തേങ്ങയാണ് കിട്ടുക. പിന്നെ കൂലി കൊടുക്കാന്‍ കടം വാങ്ങണം. അതുകൊണ്ടു കര്‍ഷകര്‍ കൊഴിഞ്ഞു വീഴുന്ന തേങ്ങ പെറുക്കി വീട്ടാവശ്യത്തിന് ഉപയോഗിക്കുകയാണ്. ചില വന്‍കിട തോട്ടക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പണിക്കാരെ വിളിച്ചു തേങ്ങയിടീക്കുന്നുണ്ട്. അവര്‍ തോട്ടി ഉപയോഗിച്ചാണ് തേങ്ങയിടുന്നത്,' പാലക്കാട്ടെ കര്‍ഷകനായ പാണ്ടിയോടു പ്രഭാകരന്‍ പറഞ്ഞു.

a coconut farm
കോവളം മുതൽ ബേക്കൽ വരെ അടിപൊളി യാത്ര, ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് ടൂര്‍; പദ്ധതിയുമായി സര്‍ക്കാര്‍

അതേസമയം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ കടന്നുകയറ്റവും വിപണിയിലെ തേങ്ങയുടെ ദൗലഭ്യത്തിന് കാരണമായിട്ടുണ്ട്. വെളിച്ചെണ്ണയെക്കൂടാതെ, നിര്‍ജ്ജലീകരിച്ച തേങ്ങ, തേങ്ങാപ്പാല്‍, തേങ്ങാപാല്‌പ്പൊടി, കരിക്കിന്‍വെള്ളം, ചിരട്ടക്കരി (ആക്ടിവേറ്റഡ് കാര്‍ബണ്‍) തുടങ്ങി മുപ്പത്തിയഞ്ചോളം ഉത്പന്നങ്ങള്‍ തേങ്ങയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ഇത്തരം 800 കമ്പനികള്‍ കേരളത്തിലുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതി 25 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം 4349 കോടി രൂപയുടെ ഉത്പന്നങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. ഇതില്‍ 1031 കോടിയുടെ ഉത്പന്നങ്ങള്‍ കൊച്ചി തുറമുഖത്തു നിന്നാണ് കയറ്റിയയച്ചത്.

തേങ്ങയുടെ കയറ്റുമതിയില്‍ അടുത്തകാലത്തു വലിയ വര്‍ദ്ധന് വന്നിട്ടുണ്ട്. കൂടുതല്‍ സ്ഥാപനങ്ങളും കയറ്റുമതിക്കുള്ള തേങ്ങ കേരളത്തില്‍ നിന്നാണ് വാങ്ങുന്നത്. കേരളത്തിലെ തേങ്ങയുടെ പ്രത്യേക രുചിയും ഗുണനിലവാരവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കിട്ടുന്ന തേങ്ങയ്ക്കില്ലെന്നു അവര്‍ പറയുന്നു. തേങ്ങ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 63 ശതമാനവും ചിരട്ടക്കരിയില്‍ നിന്ന് തയ്യാറാക്കുന്ന ആക്ടിവേറ്റഡ് കാര്‍ബണ്‍ ആണ്. ഇതിനു അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡാണ്. ഇത് മൂലം ചിരട്ടയുടെ വില കിലോയ്ക്ക് 8 രൂപയില്‍ നിന്ന് 30 രൂപയായി ഉയര്‍ന്നു. യു എ ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മൂലം ആ രാജ്യത്തേക്കുള്ള തേങ്ങയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 636 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ആണ് യു എ ഇയിലേക്ക് കയറ്റുമതി ചെയ്തത്.

കേരളത്തില്‍ 2024 - 25 ല്‍ 5200 ദശലക്ഷം തേങ്ങയാണ് ഉത്പാദിപ്പിച്ചത്. 2022 - 23 നെ അപേക്ഷിച്ചു 440 ദശലക്ഷം തേങ്ങ കുറവാണിത്. തേങ്ങയുടെ വിലയിടിവ് മൂലം കര്‍ഷകര്‍ തെങ്ങു കൃഷി മതിയാക്കി മറ്റു വിളകളിലേക്കു കുടിയേറിയതാണ് കാരണം. ഇടക്കാലത്തു തെങ്ങുകള്‍ വെട്ടി നീക്കി റബ്ബര്‍ വെച്ചവര്‍, റബ്ബറിന് വിലകുറഞ്ഞപ്പോള്‍ റംബുട്ടാന്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. വിദേശങ്ങളില്‍ തേങ്ങ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിനാല്‍, തെങ്ങു കൃഷിക്ക് ഭാവിയുണ്ടെന്നു നാളീകേര വികസന ബോര്‍ഡ് പറയുന്നു.

coconut farming and related industries faces challenges in kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com