
ന്യൂഡല്‍ഹി: പുലര്‍ച്ചെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്നു രാത്രി ഒന്‍പതു മണിക്കു തയാറാക്കാന്‍ റെയില്‍വേ. ഇതിനായി എല്ലാ സോണുകള്‍ക്കും റെയില്‍വേ ബോര്‍ഡ് സര്‍ക്കുലര്‍ നല്‍കി. ശേഷിച്ച എല്ലാ വണ്ടികളുടെയും ചാര്‍ട്ട് യാത്രയ്ക്ക് എട്ടു മണിക്കൂര്‍ മുന്‍പ് തയാറാക്കും. മിനിറ്റില്‍ ഒന്നര ലക്ഷം ടിക്കറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനവും നിലവില്‍ വന്നു.
വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് റിസര്‍വേഷന്‍ ചാര്‍ട്ട് സമയത്തിലെ മാറ്റം. ടിക്കറ്റ് ബുക്കിങ് പ്രക്രിയ സൗകര്യപ്രദമാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) നവീകരിച്ചു. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം.
ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് ആണ് നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും.
നവീകരിച്ച ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന് നിലവിലുള്ളതിന്റെ 5 മടങ്ങ് ടിക്കറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ അനുവദിക്കുന്നു. നിലവില്‍ ഇത് 32,000 ആണ്.
ജൂലൈ 1 മുതല്‍, ഐആര്‍സിടിസി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി നടത്തുന്ന എല്ലാ തത്കാല്‍ ബുക്കിങ്ങുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്ക് മാത്രമേ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ജൂലൈ ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റ് എടുക്കാനാവൂ. 15 മുതല്‍ ആധാര്‍ അധിഷ്ഠിത ഒടിപിയും തത്കാല്‍ ബുക്കിങ്ങിന് നിര്‍ബന്ധമാക്കും. ബുക്കിങ് പ്രക്രിയ സുഗമമാക്കുന്നതിനും ദുരുപയോഗം തടയുന്നതിനും വേണ്ടിയാണ് ഈ നീക്കം.
reservation charts eight hours in advance, changes in railway fron july 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates