പത്തനംതിട്ടയിൽ സുരേന്ദ്രൻ, കണ്ണന്താനം എറണാകുളത്ത്; ബിജെപി പട്ടിക ഇന്ന്

ശബരിമല പ്രക്ഷോഭത്തിന്റെ മുഖമായ കെ സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ആർഎസ്എസിന്റെ നിലപാടാണു നിർണായകമായത്
പത്തനംതിട്ടയിൽ സുരേന്ദ്രൻ, കണ്ണന്താനം എറണാകുളത്ത്; ബിജെപി പട്ടിക ഇന്ന്

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും. ശബരിമല പ്രക്ഷോഭത്തിന്റെ മുഖമായ കെ സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന ആർഎസ്എസിന്റെ നിലപാടാണു നിർണായകമായത്. ബിജെപിയുടെ പട്ടിക സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും. 

പത്തനംതിട്ടയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശ പ്രകാരം നിലപാടു മാറ്റി. എറണാകുളത്താണ് കണ്ണന്താനം മത്സരിക്കാനിറങ്ങുന്നത്. തർക്കമൊഴിവാക്കാനായി പത്തനംതിട്ടയിലുള്ള അവകാശവാദം ശ്രീധരൻപിള്ളയും ഉപേക്ഷിച്ചു. മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനു പകരം സ്ഥാനാർഥികളുടെ വിജയത്തിനു പ്രവർത്തിക്കാനാണു താത്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. ശ്രീധരൻ പിള്ളയ്ക്ക് പുറമെ ജനറൽ സെക്രട്ടറി എംടി രമേശ്, ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് എന്നിവരും മത്സര രംഗത്തു നിന്നു പിൻമാറി.

തർക്കം മൂലം മുതിർന്ന നേതാക്കൾ പട്ടികയിൽ ഇല്ലാതെ വരരുതെന്നു കേന്ദ്ര തിരഞ്ഞെടുപ്പു സമിതി നിർദേശിച്ചു. ഇതോടെ ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിലും എഎൻ രാധാകൃഷ്ണൻ ചാലക്കുടിയിലും ജനവിധി തേടാനിറങ്ങും. പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. 

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് അഞ്ച് സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

അതേസമയം മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോ​ഗം ഭാരവാഹിത്വം രാജിവച്ച് മത്സരിക്കുമെന്നും തുഷാർ വ്യക്തമാക്കി. ജയിക്കുമോ തോൽക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ എന്ന് തുഷാർ വ്യക്തമാക്കി. ഈഴവ സമുദായത്തിന്‍റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ് എസ്എൻഡിപി യോഗത്തിന്‍റെ ബി ടീമല്ല. അതിൽ എല്ലാ സമുദായത്തിന്‍റെയും അംഗങ്ങളുണ്ടെന്നും തുഷാർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com