ബിജെപിയുമായി ഇനി ബന്ധമില്ല; ശശി തരൂരിന് വിജയാശംസ നേർന്ന് ശ്രീശാന്ത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂർ എംപിയെ സന്ദർശിച്ചു
ബിജെപിയുമായി ഇനി ബന്ധമില്ല; ശശി തരൂരിന് വിജയാശംസ നേർന്ന് ശ്രീശാന്ത്

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂർ എംപിയെ സന്ദർശിച്ചു. ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം തരൂരിനെ നേരിൽ കാണാനെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തി താരം അദ്ദേ​ഹത്തിന നന്ദി അറിയിച്ചു.  ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ഫോണിലൂടെ തരൂരിന് നന്ദി പറഞ്ഞു.

വിലക്ക് നീക്കിയതിന് ശേഷം താൻ ആദ്യമായി കാണുന്നയാളാണ് തരൂരെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും വിലക്ക് നീക്കാൻ ബിസിസിഐ യോട് ആവശ്യപ്പെട്ടതും തരൂരാണ്. അതിന് നന്ദി പറയാനാണ് എത്തിയത്. വ്യക്തിയെന്ന നിലയിലും എംപിയെന്ന നിലയിലും തരൂരിനോട് ഏറെ ആദരവും ബഹുമാനവുമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായത് സംബന്ധിച്ച് തരൂർ ആരാഞ്ഞു. എന്നാൽ ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കി. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന തരൂരിന് വിജയാശംസ നേരാനും ശ്രീശാന്ത് മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com