വയനാട്ടിൽ ബിഡിജെഎസ് തന്നെ; രാഹുൽ വന്നാൽ തുഷാർ സ്ഥാനാർത്ഥി

യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി വയനാട്ടിലെത്തിയാൽ എതിരേ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ സാധ്യത
വയനാട്ടിൽ ബിഡിജെഎസ് തന്നെ; രാഹുൽ വന്നാൽ തുഷാർ സ്ഥാനാർത്ഥി

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി വയനാട്ടിലെത്തിയാൽ എതിരേ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ സാധ്യത. തങ്ങൾക്ക് ലഭിച്ച സീറ്റ് ബിജെപിക്ക് തിരിച്ച് നൽകേണ്ടതില്ലെന്നും തൃശൂരിന് പകരം തുഷാർ വയനാട്ടിൽ മത്സരിക്കട്ടേയെന്നുമുള്ള വികാരമാണ് ബിഡിജെസിനുള്ളത്. ഇക്കാര്യം ബിജെപി നേതൃത്വത്തിന് മുന്നിലെത്തിയതായും സൂചനയുണ്ട്. 

ഇന്ന് തൃശൂരിൽ നിശ്ചയിച്ചിരുന്ന ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി യോ​ഗം മാറ്റി. പകരം തിരുവനന്തപുരത്ത് യോ​ഗം നടക്കുന്നുണ്ട്. വയനാട്ടിൽ കോൺ​​ഗ്രസ് സ്ഥാനാർത്ഥി ആരാകും എന്നറിയും വരെ തൃശൂർ, വയനാട് സീറ്റുകളിൽ ബിഡിജെഎസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ല. 

രാഹുൽ വയനാട് മത്സരിച്ചാൽ എൻഡിഎയ്ക്ക് കരുത്തനായ സ്ഥാനാർത്ഥി വേണമെന്നാണ് ബിജെപി ആ​ഗ്രഹിക്കുന്നത്. അതിനായി സീറ്റ് തിരിച്ചെടുക്കുകയോ ബിഡിജെഎസിലെ പ്രമുഖരെ മത്സരിപ്പിക്കുകയോ വേണമെന്നാണ് ആലോചന. പാർട്ടിയുടെ തന്നെ പ്രതിനിധി വേണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. ഇതിനിടെയാണ് തുഷാർ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ ഉയർന്നത്. ഇക്കാര്യം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മുന്നിൽ എത്തിയതായാണ് വിവരം. 

എതായാലും വയനാട് സീറ്റ് തിരിച്ചു നൽകുന്ന പ്രശ്നമില്ലെന്ന് ബിഡിജെഎസ് വൃത്തങ്ങൾ പറയുന്നു. തുഷാറാണ് വയനാട്ടിലെങ്കിൽ തൃശൂരിൽ മറ്റാരെയെങ്കിലും കണ്ടെത്തും. കോൺ​ഗ്രസിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് ഇരു പാർട്ടികളും. 

തുഷാറിനെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള സാധ്യതയെപ്പറ്റി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനും അടുപ്പമമുള്ളവരോട് ആരാഞ്ഞിട്ടുണ്ട്. ജയ സാധ്യതയല്ല, ദേശീയ ശ്രദ്ധ കിട്ടുമെന്നതാണ് തുഷാറിനെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്. 

ഏത് സീറ്റിലെന്ന് വ്യക്തമാക്കിയില്ലെങ്കിലും തുഷാർ മത്സരിക്കുമെന്നുറപ്പാണ്. ഇന്ന് രാവിലെ തിരുവനന്തപുരത്തെ യോ​ഗത്തിന് ശേഷം അദ്ദേഹം ശിവ​ഗിരി മഠവും മാതാ അമൃതാനന്ദമയി മഠവും സന്ദർശിക്കും. കണിച്ചുകുളങ്ങര എത്തിയ ശേഷം ചങ്ങനാശ്ശേരിക്കും പോകുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com