മിനിമം വേതനം 18,000 രൂപ; സിപിഎം പ്രകടന പത്രിക ഇന്ന്

തൊഴിലാളികൾക്ക് 18,000 രൂപ മിനിമം വേതനമെന്ന വാ​ഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം ഒരുങ്ങുന്നു
മിനിമം വേതനം 18,000 രൂപ; സിപിഎം പ്രകടന പത്രിക ഇന്ന്

ന്യൂഡൽഹി: തൊഴിലാളികൾക്ക് 18,000 രൂപ മിനിമം വേതനമെന്ന വാ​ഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം ഒരുങ്ങുന്നു. രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച 12,000 രൂപയുടെ മിനിമം വേതന പദ്ധതി രാജ്യമെമ്പാടും ചർച്ചയായ പശ്ചാത്തലത്തിലാണിത്. തൊഴിലാളി സംഘടനകൾ  ഏറെക്കാലമായി ആവശ്യപ്പെടുന്ന മിനിമം വേതനമാണ് 18,000 രൂപ. സിപിഎം പ്രകടന പത്രിക ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കും. 

കർഷക തൊഴിലാളികൾക്കുള്ള ദിവസക്കൂലി 600 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ 200 തൊഴിൽ ദിനങ്ങൾ തുടങ്ങിയ ആവശ്യങ്ങളും സിപിഎം പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുമെന്നറിയുന്നു. ഇതിന് പുറമെ കാർഷിക പ്രതിസന്ധി പരിഹരിക്കാനും യുവാക്കളുടെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റാനുള്ള നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പിബി യോ​ഗത്തിൽ ധാരണയായിട്ടുണ്ട്. 

കാർഷിക രം​ഗത്ത് കമ്പനിവത്കരണവും കരാർ ക‌ൃഷിയുമൊക്കെ നടപ്പാക്കുന്ന എപിഎംസി നിയമം റദ്ദാക്കണമെന്നും പ്രകടന പത്രികയിൽ ആവശ്യപ്പെട്ടേക്കും. തൊഴിലിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാക്കുമെന്നതാണ് മറ്റൊരു വാ​ഗ്ദാനം. ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്നും ആവശ്യപ്പെടും. 

ഓരോ കുടുംബത്തിനും 35 കിലോ വീതമോ വ്യക്തിക്ക് ഏഴ് കിലോ വീതമോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ നൽകാനുള്ള വാ​ഗ്ദാനം നൽകാനാണ് സാധ്യത. ​ഗർഭിണികൾക്ക് ആറായിരം രൂപ മാസ അലവൻസോടെ ഭക്ഷ്യസുരക്ഷാ വാ​ഗ്ദാനവുമുണ്ടാകും. 

പട്ടിക വിഭാ​ഗങ്ങൾക്കുള്ളതുപോലെ ന്യൂനപക്ഷങ്ങൾക്കും ഉപപദ്ധതി, സച്ചാർ കമ്മീഷൻ ശുപാർശ നടപ്പാക്കുക, മുസ്ലീങ്ങൾക്ക് ബാങ്ക് വായ്പയിൽ 15 ശതമാനം മുൻ​ഗണന, ആൾക്കൂട്ട ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം തുടങ്ങിയ വാ​ഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നറിയുന്നു. 

വാർധക്യ പെൻഷൻ ആറായിരം രൂപയാക്കുക, സ്വകാര്യ മേഖലയിലും 27 ശതമാനം ഒബിസി സംവരണം, ജാതി സെൻസസ് പ്രസിദ്ധീകരിക്കുക, സാർവത്രിക വിദ്യാഭ്യാസം, ആരോ​ഗ്യം, തൊഴിൽ, സുരക്ഷ എന്നിവയ്ക്കുള്ള അവകാശം, വിദ്യാഭ്യാസ അവകാശനിയമത്തിനുള്ള പ്രായപരിധി മുന്ന് മുതൽ 18 വരെയാക്കി ഉയർത്തുക, 33 ശതമാനം വനിതാ സംവരണം തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com