രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കില്ല; പ്രതീക്ഷ കൈവിട്ട് കേരള നേതൃത്വം

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ മനസ് തുറക്കാതെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി
രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കില്ല; പ്രതീക്ഷ കൈവിട്ട് കേരള നേതൃത്വം

ന്യൂ‍ഡൽഹി: വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ മനസ് തുറക്കാതെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. അദ്ദേഹം വയനാട്ടിൽ മത്സരിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന. കേരള നേതൃത്വത്തിനും ഇക്കാര്യത്തിൽ ഇപ്പോൾ പ്രതീക്ഷയില്ല. 

കോൺ​ഗ്രസുമായി ദേശീയ തലത്തിൽ സഖ്യത്തിലുള്ള പാർട്ടികളുടെ നേതാക്കൾ രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന സമ്മർദ്ദം ശക്തമാക്കിയതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് കോൺ​ഗ്രസ് വൃത്തങ്ങൾ പറയുന്നത്. മതേതര ബദലിനുള്ള ശ്രമത്തിൽ കൂടെ നിൽക്കുന്ന  ഇടതു പക്ഷത്തിനെതിരെ മത്സരിക്കരുതെന്നാണ് സു​ഹൃദ് പാർട്ടികൾ ആവശ്യപ്പെടുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ടല്ലാതെ ഇക്കാര്യം രാഹുലിനെ ധരിപ്പിച്ചു. 

അതേസമയം രാ​ഹുൽ വടക്കൻ കർണാടകത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് സ്വാധീനമുള്ള മേഖലയിൽ രാഹുൽ മത്സരിക്കുന്നത്. കോൺ​ഗ്രസ്- ജനതാദൾ സഖ്യത്തിന് കരുത്തു പകരുമെന്നാണ് വാദം. 

ചിക്കോടി, ബദർ മണ്ഡലങ്ങളാണിവിടെ രാഹുലിനായി മുന്നോട്ടു വച്ചിട്ടുള്ളത്. കോൺ​ഗ്രസിലെ പ്രകാശ് ബാബന്ന ഹുക്കേരി 2014ൽ 3003 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചിക്കോടിയിൽ ജയിച്ചത്. ഇത്തവണ കോൺ​ഗ്രസും ജനതാദ​ളും സഖ്യത്തിലായതിനാൽ വൻ ഭൂരിപക്ഷത്തിന് രാഹുൽ ജയിക്കുമെന്നാണ് മല്ലികാർജുൻ ഖാർ​ഗെ ഹൈക്കാമൻഡിനെ അറിയിച്ചത്. ഇവിടെ പ്രകാശ് ബാബന്നയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാഹുലിനായി ഒഴിയാൻ തയ്യാറാണ്. 

കഴിഞ്ഞ തവണ ബിജെപിയിലെ ഭ​ഗവത് ​ഗുബ 92,222 വോട്ടിന് വിജയിച്ച മണ്ഡലമാണ് ബിദർ. അതിന് മുൻപ് രണ്ട് തവണ കോൺ​ഗ്രസിന്റെ കൈയിലായിരുന്നു. 

സോണിയാ ​ഗാന്ധിയുടെ വസതിയിൽ വ്യാഴാഴ്ച യുപി, അസം, ​ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സിമിതി യോ​ഗം ചേർന്നിരുന്നു. എന്നാൽ രാത്രി വരെ നീണ്ട യോ​ഗത്തിൽ ഒരു ഘട്ടത്തിലും കേരളത്തിൽ മത്സരിക്കുന്ന കാര്യം ചർച്ചയായില്ല. സോണിയക്ക് പുറമെ മൻമോഹൻ സിങ്, എകെ ആന്റണി, കെസി വേണു​ഗോപാൽ, വിഡി സതീശൻ തുടങ്ങിയവർ യോ​ഗത്തിൽ സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com