ഇന്ദിര​ഗാന്ധിയുടേത് നേട്ടമെങ്കിൽ, എന്തുകൊണ്ട് നരേന്ദ്ര മോദിയെ പ്രശംസിക്കാൻ പാടില്ല; രാജ്നാഥ് സിങ്  

ബംഗ്ലാദേശ് രൂപവത്കരിച്ചത് ഇന്ദിരാഗാന്ധിയുടെ നേട്ടമായി കാണാമെങ്കിൽ ഭീകരർക്കെതിരായ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി വിലയിരുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്
ഇന്ദിര​ഗാന്ധിയുടേത് നേട്ടമെങ്കിൽ, എന്തുകൊണ്ട് നരേന്ദ്ര മോദിയെ പ്രശംസിക്കാൻ പാടില്ല; രാജ്നാഥ് സിങ്  

ഗാന്ധിനഗർ: ബംഗ്ലാദേശ് രൂപവത്കരിച്ചത് ഇന്ദിരാഗാന്ധിയുടെ നേട്ടമായി കാണാമെങ്കിൽ ഭീകരർക്കെതിരായ നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി വിലയിരുത്താമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ​ഗാന്ധിന​ഗറിൽ മത്സരിക്കുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെ വെട്ടിമുറിച്ച് സൈന്യം ബംഗ്ലാദേശ് രൂപവത്കരിച്ചപ്പോൾ ഇന്ദിര​ഗാന്ധിയുടെ നേട്ടമായി കാണുന്നു. ബാലാക്കോട്ടിൽ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമായി എന്തുകൊണ്ട് കണ്ടുകൂടായെന്നും രാജ്‌നാഥ് സിങ് ചോദിച്ചു. ബം​ഗ്ലാദേശ് രൂപവത്കരിച്ച നടപടിയിൽ അന്ന് അടൽ ബിഹാരി വാജ്‌പേയി ഇന്ദിരാഗാന്ധിയെ പാർലമെന്റിൽ പ്രശംസിച്ചിരുന്നുവെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. 

പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മോദി ശക്തമായ തിരിച്ചടി നൽകാൻ ഉറച്ച തീരുമാനമെടുത്തു. അദ്ദേഹം സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ഇതേത്തുടർന്നാണ് വ്യോമസേന ബാലാക്കോട്ടിൽ ആക്രമണം നടത്തിയത്. അതിന്റെ പേരിൽ പ്രധാനമന്ത്രിയെ പ്രശംസിക്കാൻ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് രാജ്നാഥ് സിങ് ചോദിച്ചു. ഇക്കാര്യത്തിൽ കോൺ​ഗ്രസിന് മറ്റൊരു മനോഭാവമാണെന്നും അദ്ദേഹം ആരോപിച്ചു. 

മോദി കള്ളനാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്നതാണ് വാസ്തവം. കാവൽക്കാരൻ ശുദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിനഗറിൽ അമിത് ഷാ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com