സിപിഎം സ്ഥാനാർത്ഥിയുടെ നോട്ടീസിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും രാഹുൽ ​ഗാന്ധിയും

കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ചിത്രത്തിനൊപ്പം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും
സിപിഎം സ്ഥാനാർത്ഥിയുടെ നോട്ടീസിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും രാഹുൽ ​ഗാന്ധിയും

ചെന്നൈ: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ചിത്രത്തിനൊപ്പം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നവും. മധുരയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ നോട്ടീസുകളിലാണ് അരിവാൾ ചുറ്റികയും രാഹുൽ ഗാന്ധിയും ഒരുമിച്ച് ഇടം നേടിയത്. ‘നമ്മുടെ ചിഹ്നം, വെട്രി (വിജയ) ചിഹ്നം’ എഴുത്തിനു മധ്യത്തിലാണ് അരിവാൾ ചുറ്റിക നക്ഷത്രം. മുകളിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും.

മധുര ലോക്സഭാ മണ്ഡലത്തിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായി സിപിഎമ്മിന്റെ എസ് വെങ്കടേശനാണു മത്സരിക്കുന്നത്. കോൺഗ്രസും മുസ്‍ലിം ലീഗുമെല്ലാം മുന്നണിയിലെ ഘടകകക്ഷികൾ. സ്ഥാനാർഥി കഴിഞ്ഞാൽ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ, രാഹുൽ ഗാന്ധി എന്നിവരുടെ ചിത്രത്തിനാണു വലിപ്പം കൂടുതൽ. കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ ചിത്രമുണ്ടെങ്കിലും സിപിഎമ്മിന്റെ ദേശീയ നേതാക്കളുടെ ചിത്രം നോട്ടീസിലില്ല. ഇടതു പക്ഷത്തു നിന്നു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശൻ എന്നിവരുടെ ചിത്രവുമുണ്ട്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഖാദർ മൊയ്തീന്റെ ചിത്രവും നോട്ടീസിലുണ്ട്.

മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണ സമിതിയാണു നോട്ടീസുകൾ അടിച്ചിറക്കുന്നതെന്നു സിപിഎം വൃത്തങ്ങൾ അറിയിച്ചു. മുന്നണിയായി മത്സരിക്കുമ്പോൾ ഘടകകക്ഷി നേതാക്കളുടെ ചിത്രം നോട്ടീസിൽ വരുന്നതു സ്വാഭാവികമാണെന്നു വിശദീകരിക്കുന്നു. മുന്നണിയിൽ കോയമ്പത്തൂരും മധുരയുമാണു സിപിഎമ്മിനു ലഭിച്ചത്. നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐ മത്സരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com