'ഞാനും കാവല്‍ക്കാരന്‍'; നരേന്ദ്ര മോദിയുടെ വീഡിയോ സംവാദം ഇന്ന്; രാജ്യത്തെ 500 മണ്ഡലങ്ങളില്‍ തത്സമയം

'ഞാനും കാവല്‍ക്കാരന്‍' ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഓണ്‍ലൈന്‍ സംവാദം ഇന്ന്
'ഞാനും കാവല്‍ക്കാരന്‍'; നരേന്ദ്ര മോദിയുടെ വീഡിയോ സംവാദം ഇന്ന്; രാജ്യത്തെ 500 മണ്ഡലങ്ങളില്‍ തത്സമയം

ന്യൂഡല്‍ഹി: 'ഞാനും കാവല്‍ക്കാരന്‍' ക്യാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഓണ്‍ലൈന്‍ സംവാദം ഇന്ന്. വൈകീട്ട് അഞ്ച് മണിക്കാണ് പരിപാടി. രാജ്യത്തെ 500ലധികം മണ്ഡലങ്ങളില്‍ ഉള്ളവരുമായാണ് മോദി ചര്‍ച്ച നടത്തുന്നത്. കര്‍ഷകരോടും യുവ വോട്ടര്‍മാരോടും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരോടും മോദി സംവദിക്കും. ന്യൂഡല്‍ഹിയിലുള്ള താലക്‌ദോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മോദി 5,000 പേര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംസാരിക്കും. ഇത് വീഡിയോ വഴി രാജ്യത്തെ 500ഓളം കേന്ദ്രങ്ങളില്‍ തത്സമയം കാണാന്‍ സാധിക്കും. 

ഇന്ന് അഞ്ച് മണിക്ക് രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കാവല്‍ക്കാരുമായി താന്‍ സംവദിക്കുമെന്ന് മോദി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.  

'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് ബദലായാണ് പ്രധാനമന്ത്രി 'ഞാനും കാവല്‍ക്കരന്‍' പ്രചാരണം ആരംഭിച്ചത്. മാര്‍ച്ച് 16നായിരുന്നു ഈ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ ബിജെപി നേതാക്കളും ട്വിറ്റര്‍ പ്രൊഫൈലിലെ തങ്ങളുടെ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്ത് പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. ഞാനും കാവല്‍ക്കാരന്‍ പ്രചാരണത്തിന് 20 ലക്ഷം ട്വീറ്റുകളോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അവകാശപ്പെട്ടു.  

അമിത് ഷാ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ക്യാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന കാവല്‍ക്കാരുമായി ഓഡിയോ കോണ്‍ഫറന്‍സ് വഴി മോദി സംവദിച്ചിരുന്നു. നേരത്തെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം മുഴുവന്‍ അദ്ദേഹം 'ചായ് പേ ചര്‍ച്ച' നടത്തിയിരുന്നു. ഇതിന് സമാനമാണ് ഇപ്പോഴത്തെ 'മെയ്ന്‍ ഭി ചൗക്കീദാര്‍' എന്ന തെരഞ്ഞെടുപ്പ് പ്രചാരണവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com