കലാകാരിയെ തച്ചുകൊന്ന അടിയന്തരാവസ്ഥയുടെ തടവറ

കലാകാരിയെ തച്ചുകൊന്ന അടിയന്തരാവസ്ഥയുടെ തടവറ
കലാകാരിയെ തച്ചുകൊന്ന അടിയന്തരാവസ്ഥയുടെ തടവറ
Updated on
2 min read

ടിയന്തരാവസ്ഥയുടെ ക്രൗര്യം ചീന്തിയെടുത്ത ജീവിതമാണ് സ്നേഹലതാ റെഡ്ഡിയുടേത്. 'സംസ്‌കാര' എന്ന വിഖ്യാത സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രതാരം. മദ്രാസ്‌പ്ലെയേഴ്‌സ് എന്ന നാടകസംഘത്തിലൂടെ ഇബ്‌സന്റെ 'പീര്‍ ഗിന്തി'നും വില്യം ഷേക്‌സ്പിയറിന്റെ 'ട്വല്‍ത്ത് നൈറ്റി'നും ടെന്നസി വില്യംസിന്റെ 'നൈറ്റ് ഓഫ് ഇഗ്വാന'യ്ക്കുമെല്ലാം ഇന്ത്യന്‍ രൂപം നല്‍കിയ കലാകാരി. സമാന്തര സിനിമകളുടെ തലതൊട്ടപ്പന്‍ എന്ന് അറിയപ്പെടുന്ന പട്ടാഭിരാമ റെഡ്ധിയുടെ ഭാര്യ. 


ആ സ്‌നേഹലതാ റെഡ്ധി അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായി. ജോര്‍ജ് ഫെര്‍ണാണ്ടസുമായുള്ള സൗഹൃദമായിരുന്നു അറസ്റ്റിനു കാരണം. ബറോഡാ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ സ്‌നേഹലത ഒളിപ്പിച്ചുവെന്ന് പൊലീസ് ഉറച്ചു വിശ്വസിച്ചു. രാത്രിയും പകലും മുഴുവന്‍ നിരന്തരം ചോദ്യം ചെയ്തു. 

അന്ന് മറ്റൊരു സെല്ലില്‍ അതേ ജയിലില്‍ കഴിഞ്ഞ മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ സമിതി ഉപാധ്യക്ഷനും ആയിരുന്ന മധു ദന്തവദെ കുറിച്ചു: 'എല്ലാ രാത്രികളിലും ജയിലില്‍ സ്‌നേഹലതാ റെഡ്ധിയുടെ നിലവിളി കേള്‍ക്കാമായിരുന്നു, ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.' അതിക്രൂരമായാണ് പൊലീസ് സ്നേഹലതയെ ചോദ്യം ചെയ്തത്. ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു. 

സ്‌നേഹലതയുടെ മോചനം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സാംസ്‌കാരിക നായകര്‍ പരാതി നല്‍കിയപ്പോള്‍ സ്‌നേഹലതയ്ക്ക് ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ട് എന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, എത്ര ചോദ്യം ചെയ്തിട്ടും ഒരു തെളിവും ലഭിച്ചില്ല. ഒടുവില്‍ പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ സ്‌നേഹലതയുടെ പേര് പോലും ഉണ്ടായിരുന്നില്ല. നിരന്തരമായ ജയില്‍പീഡനത്തെ തുടര്‍ന്ന് സ്‌നേഹലത അവശനിലയിലായി. ഒരു കുറ്റവും ചുമത്താനുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചതുമില്ല. തീര്‍ത്തും ഗുരുതരാവസ്ഥയിലായ സ്‌നേഹലതാ റെഡ്ധിയെ 1977 ജനുവരി 15-ന് പൊലീസ് വിട്ടയച്ചു. അഞ്ചുദിവസം കഴിഞ്ഞ് ജനുവരി 20-ന് സ്‌നേഹലത മരിച്ചു. അടിയന്തരാവസ്ഥയുടെ ഏറ്റവും ശ്രദ്ധേയമായ രക്തസാക്ഷിത്വം ആയിരുന്നു അത്.

ഓരോ മര്‍ദന ദിനങ്ങള്‍ക്കു ശേഷവും വേദന വിട്ടുപോകും മുന്‍പ് സ്‌നേഹലത ജയിലില്‍ ഇരുന്നു ചെറുകുറിപ്പുകള്‍ എഴുതി. ആ കുറിപ്പുകള്‍ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ ഒരു കുറിപ്പില്‍നിന്ന്:


'അനാവശ്യമായ ഈ അവഹേളനങ്ങള്‍കൊണ്ട് നിങ്ങള്‍ എന്താണ് നേടുന്നത്. അത് നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കുകയേ ഉള്ളൂ. വലിയ നാണക്കേടിന്റെ ചോദ്യമാണിത്. മറ്റൊന്നുമല്ല അത്. ഒരു സ്ര്തീയെ അപമാനിച്ചതുകൊണ്ട് നിങ്ങള്‍ക്ക് വിപരീതസംതൃപ്തിയേ കിട്ടുകയുള്ളു. 
നിങ്ങള്‍ ഒന്നും നേടാന്‍ പോകുന്നില്ല. എന്റെ ആത്മാവിനെ മുറിവേല്പിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. സത്യത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതല്‍ ബലവത്താക്കുക മാത്രമാണ് ഈ പീഡനങ്ങള്‍ ചെയ്യുന്നത്. എന്റെ ഈ ശരീരം നിങ്ങളുടെ കൊടും പീഡനത്തില്‍ തകര്‍ന്നുവീണേക്കാം. 
എന്നാല്‍ എന്റെ മനസ്‌സിനെ, മനുഷ്യനെന്ന ബോധത്തെ ഇടിക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.'

സ്‌നേഹലതാ റെഡ്ധി അഭിനയിച്ച സോനേ കന്‍സാരി എന്ന സിനിമ മരണശേഷമാണ് പുറത്ത്‌വന്നത്. അതിലെ സ്‌നേഹലതയുടെ അഭിനയം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഉന്നതമായ പ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com