അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍

പി. രാജന്‍
പി. രാജന്‍

''ഇന്ദിരാഗാന്ധിക്ക് മറ്റൊരു അടിയന്തരാവസ്ഥ കൂടി ഉണ്ടായിരിക്കുന്നു. വിദേശത്ത് നിന്നുള്ള ആക്രമണത്തിന്റെ പേരില്‍ ആരംഭിച്ച അടിയന്തരാവസ്ഥ നിലവിലിരിക്കുകയാണ്. അപ്പോഴാണ് ആഭ്യന്തര സുരക്ഷിതത്വത്തിന്റെ പേരില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയുടെ മേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഇന്നു ഭാരതം അകത്തുനിന്നും പുറത്തുനിന്നുമുള്ള ആക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുകയാണത്രെ. ഭാരതം മുന്‍പൊരിക്കലും ഉണ്ടാകാത്ത അപകടത്തില്‍പ്പെട്ടിരിക്കുകയാണെന്ന് മാലോകര്‍ വിശ്വസിക്കണം പോലും.''

മുഖവുരയോടെ തുടങ്ങിയ ലഘുലേഖ എഴുതിയതിന്റെ പേരിലാണ് അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് ആദ്യമായി ഒരു പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായത്. ഇന്ദിരയുടെ അടിയന്തരം എന്ന തലക്കെട്ടില്‍ പി.രാജന്‍ എഴുതിയ ആ കുറിപ്പ് 1975 ജൂണ്‍ 28-നാണു നിര്‍ണ്ണയം പ്രസിദ്ധീകരിച്ചത്. കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുടെ ജിഹ്വയായിരുന്നു നിര്‍ണ്ണയം.  പരിപാടിയിലുള്ള പിടിവാശി പടവാളാക്കിയ എം.എ. ജോണായിരുന്നു നിര്‍ണ്ണയത്തിന്റെ പത്രാധിപര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ 60 ദിവസം ജയിലില്‍ കഴിഞ്ഞ പി.രാജന്‍ ജനാധിപത്യത്തിലെ ആ കറുത്ത ദിനങ്ങള്‍ ഓര്‍ത്തെടുക്കുന്നു.

'നാവടക്കൂ പണിയെടുക്കൂ' എന്നായിരുന്നല്ലോ അടിയന്തരാവസ്ഥയുടെ ആപ്തവാക്യം. നാവടക്കിയിരിക്കാന്‍ എനിക്കു പറ്റിയില്ല. ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നു കരുതാനുമായില്ല. കരുതല്‍ തടങ്കലിലല്ല എന്നെ അറസ്റ്റ് ചെയ്യുന്നത്. രാജ്യരക്ഷാ നിയമം ഉപയോഗിച്ചാണ്. രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചിട്ടാണ് അറസ്റ്റ് എന്ന് ചുരുക്കം. ജനസംഘക്കാരെയും സോഷ്യലിസ്റ്റുകാരെയുമൊക്കെ കരുതല്‍ തടങ്കലിലാണ് അറസ്റ്റ് ചെയ്തത്. പലരും സ്വത്ത് കണ്ടുകെട്ടുമെന്നു പറഞ്ഞപ്പോള്‍ അറസ്റ്റ് വരിക്കുകയായിരുന്നു. അക്കാലത്ത് ഞാന്‍ മാതൃഭൂമിയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരുന്നു. ജോണ്‍ അടക്കമുള്ള കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുമായി ഞാന്‍ സഹകരിച്ചിരുന്നു. അവര്‍ക്കു വേണ്ടി ലേഖനങ്ങള്‍ എഴുതുന്നതും ഞാന്‍ തന്നെയായിരുന്നു. അങ്ങനെയാണ് നിര്‍ണയത്തില്‍ ഞാനെഴുതിയ ലഘുലേഖ അച്ചടിക്കുന്നത്.

കെപിസിസി യോഗത്തില്‍ ഈ ലഘുലേഖ ചര്‍ച്ചയായി. ഇന്ദിരാഗാന്ധിയുടെ പ്രീതീക്കായി കരുണാകരന്‍ ചെയ്തതൊക്കെ യോഗത്തില്‍ കടുത്ത വിമര്‍ശനത്തിനു വിധേയമായി. ആ യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതാണ് ഞാന്‍. പ്രസ് കോണ്‍ഫറന്‍സിനിടയില്‍ അദ്ദേഹം എന്നെ തുറിച്ചുനോക്കി. എനിക്കുറപ്പായിരുന്നു ആ നോട്ടം അത്ര പന്തിയല്ലെന്ന്. അറസ്റ്റുണ്ടാകുമെന്ന് അതോടെ എനിക്കുറപ്പായി. വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങുമ്പോഴേക്ക് നിര്‍ണ്ണയത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്‌തെന്നറിയിച്ച് ദേവസ്‌സിക്കുട്ടിയുടെ ഫോണ്‍കോള്‍ വന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും പൊലീസ് വീട്ടിലെത്തി. ഇംപ്‌ളിക്കേറ്റ് ചെയ്താല്‍ ഡീറ്റെയ്ന്‍ ചെയ്യേണ്ടി വരുമെന്നായിരുന്നു പൊലീസ് ഭാഷ്യം.   

ഗോതമ്പുണ്ട തന്നെ പ്രാതല്‍
പരിവര്‍ത്തനവാദി വൈസ് പ്രസിഡന്റ് അഡ്വ. വി.രാമചന്ദ്രനും സെക്രട്ടറി പി.ടി.ദേവസ്‌സിക്കുട്ടിയും എനിക്കൊപ്പം അറസ്റ്റിലായി. ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ശങ്കരനും അറസ്റ്റിലായി. രണ്ടുമാസം മട്ടാഞ്ചേരി സെന്‍ട്രല്‍ ജയിലിലായിരുന്നു. ആര്‍എസ്എസുകാരുള്‍പ്പെടെയുള്ളവര്‍ അവിടെ സഹതടവുകാരായിരുന്നു. ബന്ധുക്കള്‍ കാണാന്‍ വരുമ്പോള്‍ വായിക്കാന്‍ പുസ്തകങ്ങള്‍ കൊണ്ടുവരാം. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതൊന്നും ലഭിക്കില്ല.

ഭക്ഷണം സാക്ഷാല്‍ ഗോതമ്പുണ്ട. പിന്നെ, രാമചന്ദ്രനു സുഖമില്ലാത്തതുകൊണ്ട് പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ അനുവദിച്ചിരുന്നു. ആ കൊണ്ടുവരുന്ന പൊതിക്കെട്ട് ഞങ്ങള്‍ പങ്കുവച്ച് വിശപ്പകറ്റും. അന്നൊക്കെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്തേക്ക് കൊണ്ടുവരും. സൗത്തില്‍ ബസിറങ്ങി മജിസ്‌ട്രേറ്റ് കോടതി വരെ നടത്തും. അതും കൈവിലങ്ങ് അണിയിച്ചുകൊണ്ട്. എതിരേ പരിചയമുള്ളവര്‍ വന്നാല്‍ പോലും ചിരിക്കില്ല. വൈകാരികമായ അത്തരം വിഷയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നു പറയുന്നു പി.രാജന്‍. 
ജൂണ്‍ 26-ാം തീയതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം പത്രങ്ങളില്‍ വരുന്നത്. 28-നാണ് ലഘുലേഖ പ്രസിദ്ധീകരിച്ചത്. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഭേദഗതി വരുത്തുന്നത് ജൂലൈ ഒന്നിനു മാത്രമാണ്. ഫലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു രണ്ടു ദിവസം മുന്‍പാണ് ഈ ലഘുലേഖ ഇറങ്ങിയത്. ഈ വാദമാണ് ഞാന്‍ കോടതിയില്‍ ഉന്നയിച്ചത്. അന്ന് അച്ഛനാണ് നിയമപുസ്തകം ജയിലില്‍ കൊണ്ടുവന്നുതന്നത്. വാദം അംഗീകരിച്ച് കീഴ്‌ക്കോടതി  ഞങ്ങളെ വെറുതേ വിട്ടു. ജസ്റ്റിസ് എലിസബത്ത് കുരുവിളയായിരുന്നു അന്നു വിധിയെഴുതിയത്. എം.കെ.കെ നായര്‍ക്കെതിരേയുള്ള സിബിഐ അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ച ജഡ്ജിയാണ് അവര്‍. കീഴ്‌ക്കോടതി വെറുതേവിട്ടെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. ജസ്റ്റിസ് ഖാലിദാണ് അന്നു വാദം കേട്ടത്. പത്തിന ഉപാധികളോടെ ഞങ്ങള്‍ക്ക് ജാമ്യം അനുവദിക്കപ്പെട്ടു. മാപ്പു പറഞ്ഞിട്ടാണ് ഞങ്ങള്‍ക്ക് ജാമ്യം കിട്ടിയതെന്നായിരുന്നു എതിരാളികളുടെ പ്രചരണം. ശരിക്കും പിറ്റേദിവസം ജാമ്യം നല്‍കാവുന്നതേയണ്ടായിരുന്നുള്ളൂ. എന്നാല്‍ അതു നിഷേധിക്കപ്പെട്ടു. അതിനു കാരണം കരുണാകര വിരോധമായിരുന്നു. 
നിര്‍ണയത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ ഞങ്ങളൊരു വ്യാജ സര്‍ക്കുലര്‍ ഇറക്കി. ആന്റണിയെയും കരുണാകരനെയും എതിര്‍ത്തുകൊണ്ടായിരുന്നു ആ സര്‍ക്കുലര്‍. അയയ്ക്കാത്ത ആ സര്‍ക്കുലര്‍ പൊലീസിലും പ്‌ളാന്റ് ചെയ്തു. രഹസ്യം പരമരഹസ്യം എന്നായിരുന്നു അതിന്റെ തലക്കെട്ട്. പിന്നീട് അതു പലതലങ്ങളിലും ചര്‍ച്ചയാകുകയും ചെയ്തു.

കോടതി വിധിക്കും സെന്‍സര്‍
അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങള്‍ മൂന്നു നാലു പേര്‍ സംഘം തിരിഞ്ഞ് സിനിമാ തിയേറ്ററില്‍ കയറും. ഒരു ഗ്രൂപ്പ് താഴെ ഇരിക്കുമ്പോള്‍ രണ്ടാമത്തെ സംഘം ബാല്‍ക്കണിയിലുണ്ടാകും. വിളക്കുകളെല്ലാം അണയുമ്പോള്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിക്കും. തിയേറ്ററില്‍ ഇരുട്ടായതിനാല്‍ ആരാണ് വിളിച്ചെതെന്ന് അറിയാനാകില്ല. ടിക്കറ്റ് കാശ് കൈയില്‍ ഇല്ലാത്തതുകൊണ്ട് ഈ പരിപാടി അധികകാലം തുടരാന്‍ കഴിഞ്ഞില്ല. പിന്നെ ചെറിയ സ്‌ലിപ്പുകളില്‍ അച്ചടക്കം അടിമത്വമല്ലെന്ന് പ്രിന്റ് ചെയ്ത് കൈയില്‍ ചുരുട്ടിവയ്ക്കും. യോഗസ്ഥലത്ത് പൊടുന്നനെ എല്ലാരും കൂടി അതു വിതറും.സ്‌ലിപ്പുകള്‍ ആകാശത്ത് പാറിപ്പറക്കും. അങ്ങനെ അടിയന്തരാവസ്ഥക്കാലത്തെ പ്രതിഷേധത്തിന്റെ ഓര്‍മ്മകള്‍ പലതുണ്ട്.  
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാടിനെക്കുറിച്ച് എല്‍.കെ.അദ്വാനി പറഞ്ഞതാണ് ശരിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കുനിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ മുട്ടിലിഴഞ്ഞുവെന്നായിരുന്നല്ലോ ആ പ്രശസ്തമായ വാചകം. വലിയ പത്രങ്ങള്‍ക്ക് അതല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ലെന്നതാണ് സത്യം. ദേശാഭിമാനിക്കു പോലും അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെ കോണ്‍ഗ്രസ് അനുകൂല പത്രങ്ങള്‍ പ്രീ-സെന്‍സര്‍ഷിപ്പ് സ്വീകരിച്ച് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചു. വഴിയില്‍ അപകടം പറ്റിയ ആളെക്കുറിച്ചു പോലും വാര്‍ത്തകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ് സത്യം.
ഹൈക്കോടതി വിധി പോലും അക്കാലത്ത് സെന്‍സര്‍ ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് കരുതല്‍ തടങ്കലിലായ പിണറായി വിജയനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. എംഎല്‍എ ആയിരുന്ന അദ്ദേഹം ഹൈക്കോടതി ജസ്റ്റിസിനു കത്തെഴുതി. ആ കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച ജസ്റ്റിസ് കൊച്ചുതൊമ്മന്‍ നിരുപദ്രവകരമായ കമന്റ് അതിലെഴുതി.
''എംഎല്‍എയുടെ പരാതി ശരിയാണെങ്കില്‍ അത് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നു കരുതുന്നു'' ഇതായിരുന്നു ആ കമന്റ്. ഹൈക്കോടതിയുടെ ഈ വാചകം ലീഡാക്കി ഞാന്‍ വാര്‍ത്തയെഴുതി മാതൃഭൂമിയുടെ എഡിറ്ററായ ശ്രീധരന്‍ നായരുടെ കൈയില്‍ കൊടുത്തു. വാര്‍ത്ത ഇതാണെന്നറിഞ്ഞ ഉടന്‍ അദ്ദേഹം ചെയ്തത് പിആര്‍ഡി ഉദ്യോഗസ്ഥനായ ഉണ്ണിത്താനെ വിളിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ വാര്‍ത്ത തിരികെ വാങ്ങി. പത്രാധിപര്‍ക്ക് തന്നെ ഭയമുള്ളപ്പോള്‍ ഉദ്യോഗസ്ഥന്‍മാര്‍ അനുവദിക്കുമോ?  ഞാന്‍ ആ വാര്‍ത്ത ദേശാഭിമാനിയിലെ ഗോവിന്ദപിള്ളയ്ക്ക് കൊടുത്തു. ഹൈക്കോടതി വാര്‍ത്തയല്ലേ, സെന്‍സര്‍ ചെയ്താല്‍ അപ്പോള്‍ നോക്കാമെന്നും പറഞ്ഞു. എന്നാല്‍ പാര്‍ട്ടി എംഎല്‍എയ്ക്ക് അനുകൂലമായ ആ വാര്‍ത്ത ദേശാഭിമാനിയിലും വെളിച്ചം കണ്ടില്ല. അത്രയ്ക്കുണ്ടായിരുന്നു അന്നത്തെ സെന്‍സര്‍ഷിപ്പ്. അകാലിദള്‍ മാത്രമാണ് അക്കാലത്ത് പരസ്യപ്രതിഷേധ പ്രകടനം നടത്തിയതെന്ന് തോന്നുന്നു. മിക്കവരും അറസ്റ്റ് വരിച്ച് ജയിലില്‍പ്പോയി. പിണറായി വിജയന്‍ ധിക്കാരിയായതുകൊണ്ടു മാത്രമാണ് അടികിട്ടിയത്.
ജാമ്യത്തിലിറങ്ങിയ സമയം. ആ സമയത്താണ് ഇന്ദിരയുടെ കേരള സന്ദര്‍ശനം. ഹെര്‍ണിയ ഓപ്പറേഷനായി ഞാന്‍ എറണാകുളത്തെ സിറ്റി ഹോസ്പിറ്റലിലായിരുന്നു. എന്നെ തേടി 28-ാം നമ്പര്‍  മുറിയില്‍ പൊലീസുകാര്‍ പരിശോധനയ്‌ക്കെത്തി. ഇന്ദിര വരുമ്പോള്‍ കരിങ്കൊടി കാണിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നായിരുന്നു അവരുടെ ഭീതി. 
വൈക്കം സത്യഗ്രഹത്തിന്റെ ജൂബിലിക്ക് കരിങ്കൊടി കാണിക്കാന്‍ പൊലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ മാതൃഭൂമിയില്‍ നിന്ന് എന്നെ പിരിച്ചുവിടാനും ശ്രമമുണ്ടായി. വി.എം. നായര്‍ ഇടപെട്ടതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല. ഇതിനിടയില്‍ തുടര്‍ച്ചയായ ലഘുലേഖകള്‍ ഞങ്ങളിറക്കി. ആറു കുറിപ്പുകള്‍ വരെ പ്രസിദ്ധീകരിക്കപ്പെട്ടു.

നക്ഷത്രമെണ്ണിയ ബുദ്ധിജീവികള്‍
  ഇതിനിടെ ചന്ദ്രശേഖര്‍ ഗ്രൂപ്പില്‍പ്പെട്ട  മോഹന്‍ധാരിയെ കാണാന്‍ ഞങ്ങള്‍ ബറോഡയില്‍ പോയി. ഒളിവിലായിരുന്നു അന്ന് അദ്ദേഹം. ജെപിയുടെ സമ്മര്‍ദം അതിജീവിക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍ തന്നെ നില്‍ക്കണമെന്നും പറയാനാണ് ഞങ്ങള്‍ ചന്ദ്രശേഖര്‍ ഗ്രൂപ്പിലെ അഞ്ചുപേരെയും  കണ്ടത്. എംജി യൂണിവേഴ്‌സിറ്റിയിലെ ഡീനായ എം.പി മത്തായിയും ഞാനുമൊന്നിച്ചാണു പോയത്. പാര്‍ട്ടി വിട്ടുപോരാനല്ല പ്രേരിപ്പിക്കണ്ടതെന്ന് ജെപിയോടും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇഎംസിനും ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. കോണ്‍ഗ്രസിനകത്ത് തന്നെ ഒരു റിബല്‍ ഗ്രൂപ്പുണ്ടെന്നതാണ് അദ്ദേഹം ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് തരാന്‍ കാരണം. നിങ്ങളെല്ലാം ജനതയിലേക്ക് പോയാല്‍ ഞങ്ങള്‍ക്ക് ഇന്ദിരാഗാന്ധിക്ക് കീഴടങ്ങേണ്ടി വരുമെന്ന് ബസവ പുന്നയ്യ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇഎംഎസ് അതു മയപ്പെടുത്തുകയും ചെയ്തു.  
അടിയന്തരാവസ്ഥയുടെ ഗുണകരമായ മാറ്റങ്ങളായി പലരും അച്ചടക്കത്തെ കണ്ടിരുന്നു. തീവണ്ടികളും ബസുകളും സമയത്തിനോടും. എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ അടക്കം ആരും പണിമുടക്കില്ല. സര്‍ക്കാരുദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകും. മഹാരാജാസിലാണെങ്കില്‍ ഓമനക്കുട്ടനും സാനുവുമൊക്കെ കൃത്യമായി ക്‌ളാസിലെത്തും. ശരിക്കും പ്രശ്‌നം ബുദ്ധിജീവികള്‍ക്കായിരുന്നു. യാഗം നടത്തുമ്പോള്‍ രാക്ഷസന്‍മാരെ എതിര്‍ത്തുവെന്ന് പ്രസംഗിച്ചതാണ് അഴിക്കോടിന്റെ അവസ്ഥ. അഞ്ചു തിരിയിട്ട വിളക്കെന്ന് എഴുതിയ കവികളും കേരളത്തിലുണ്ടായിരുന്നു. ഒഎന്‍വിയും കൃഷ്ണവാര്യരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നോര്‍ക്കണം. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ ടി. പത്മഭാനാഭന്‍, എം.കെ. സാനു, എം.ഗോവിന്ദന്‍  എന്നിവരൊക്കെ പൗരാവകാശ സംരക്ഷണ പരിപാടി നടത്തി. അന്ന് സി.പി. ശ്രീധരന്റെ മകനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ അതിനെ  പരസ്യമായി എതിര്‍ത്തു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തതിന്റെ ക്രെഡിറ്റൊക്കെ പലരും ഏറ്റെടുത്തു.
സമാധാനാന്തരീക്ഷം മധ്യവര്‍ഗക്കാരുടെ ഇടയില്‍ അടിയന്തരാവസ്ഥയ്ക്ക് അനുകൂല സമീപനമുണ്ടാക്കി. അച്ചടക്കം അടിമത്വമല്ലെന്ന് ബോധ്യപ്പെടാന്‍ ഏറെ സമയം വേണ്ടി വന്നു. 
അന്നെഴുതിയ ഒരു ലഘുലേഖയുടെ അവസാന വാചകം ഇതായിരുന്നു. ''ഇന്ദിര നശിക്കും, ജനത ജയിക്കും.'' അറം പറ്റുന്നതുപോലെയായി അത്. ഇന്ദിര കൊല്ലപ്പെട്ടു- പി.രാജന്‍ പറഞ്ഞുനിര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com