ആര്‍.കെ സുന്ദരം
ആര്‍.കെ സുന്ദരം

കരണത്തടിച്ച് തുടക്കം, കാല്‍വെള്ളയില്‍ ക്രൂരവിനോദം

അടിയന്തരാവസ്ഥയ്‌ക്കെതിരേ ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് നടപടികള്‍ക്കു വിധേയനാക്കപ്പെട്ട സുന്ദരം മര്‍ദനങ്ങളുടെയും മനഃകേ്‌ളശത്തിന്റെയും ആ ദുര്‍ദിനങ്ങളെ ഓര്‍ത്തെടുക്കുന്നു

രണക്കുറ്റിക്ക് ഊക്കോടെ കിട്ടിയ ഒരടിയുടെ നടുക്കത്തില്‍നിന്നാണ് ആര്‍.കെ. സുന്ദരത്തിന് അടിയന്തരാവസ്ഥയുടെ ഭീകരാനുഭവങ്ങള്‍ തുടങ്ങുന്നത്. ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയോടു പൊരുത്തപെ്പടാനാകാതെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതായിരുന്നു ഗാന്ധിയനായ ആ യുവാവ് ചെയ്ത കുറ്റം. പക്ഷേ, അര്‍ധരാത്രി വാതിലില്‍ മുട്ടിവിളിച്ച പൊലീസുകാരന്റെ കരണത്തടിയെ ശരീരം ചെറുത്തില്‌ള. നിലതെറ്റി വീണു. അത് മര്‍ദനങ്ങളുടെ തുടക്കമായിരുന്നു; എട്ടു മാസത്തോളം നീണ്ട ജയില്‍വാസത്തിന്റേയും. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനും തിരുവനന്തപുരത്തെ ഗാന്ധിഭവന്‍ ജീവനക്കാരനുമായിരുന്നു ദീര്‍ഘകാലം.

മലയാളം ഹയര്‍ പഠിച്ചു. ഒമ്പതാം ക്‌ളാസ് പാസ്‌സായി. അന്നതു സാമാന്യം കാര്യമായ വിദ്യാഭ്യാസമായിരുന്നു. പക്ഷേ, സര്‍ക്കാര്‍ ജോലിയും സ്ഥിരവരുമാനത്തിന്റെ സുരക്ഷിതത്വവുമല്‌ള ആകര്‍ഷിച്ചതെന്ന് സുന്ദരം. ആചാര്യ വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനവുമായി ബന്ധപെ്പട്ട 1954-ലെ ബോധഗയ സമ്മേളനത്തില്‍ പങ്കെടുത്തു. അതുമുതല്‍ ഭൂദാന പ്രസ്ഥാനത്തിലുണ്ട്. ഇപേ്പാള്‍ സ്വദേശമായ കളിയിക്കാവിള വന്നിയൂരില്‍ 85-ാം വയസ്‌സിലും അദ്ദേഹത്തിന് ഇതു വിശ്രമജീവിതമല്‌ള. സാമൂഹിക, സന്നദ്ധ സംഘടനകളുമായി കഴിയുന്ന വിധത്തിലൊക്കെ സഹകരിച്ചും അഹിംസയും അക്രമരാഹിത്യവും പ്രചരിപ്പിച്ചും കര്‍മനിരതന്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഭാര്യ ശ്രീദേവിക്കും സുന്ദരത്തിനും നല്‍കുന്ന 1000 രൂപ വീതം വാര്‍ധക്യ പെന്‍ഷനാണ് പ്രധാന വരുമാനം. 

ഇന്ദിരയുടെ മര്‍മം
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടനെതന്നെ ഗാന്ധിഭവനിലുള്ള പ്രവര്‍ത്തകരെല്‌ളാം അതിനെതിരെ പ്രകടനം നടത്തിയിരുന്നു. ജയപ്രകാശ് നാരായണന്റെ മൂവ്‌മെന്റുമൊക്കെയായി ബന്ധപെ്പട്ടായിരുന്നു പ്രവര്‍ത്തനം. ജെ.പിയുടെ ലോക്‌സംഘര്‍ഷ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി. മന്മഥന്‍ സാറിന്റെ കൂടെ. കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിക്കാന്‍ രാജ്ഭവനു മുന്നില്‍ എല്‌ളാ ദിവസവും ഓരോ ആള്‍ വീതം ഉപവാസം നടത്തിയിരുന്നു. ആദ്യ ദിവസം മന്മഥന്‍ സാര്‍, രണ്ടാം ദിവസം ജനാര്‍ദനന്‍ പിള്ള, പിന്നെ രാമചന്ദ്രന്‍ പോറ്റി എന്നിങ്ങനെ. ഞാന്‍ ഇതുമായി  ബന്ധപെ്പട്ട പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ 'ബാക്ഗ്രൗണ്ടില്‍' നിന്നു. സമരത്തിന് ആളുകളെ പങ്കെടുപ്പിക്കാനും മറ്റും. 


അടിയന്തരാവസ്ഥയ്‌ക്കെതിരായ ലഘുലേഖകള്‍ വിവിധ സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നതിന്റെ ചുമതല എനിക്കായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു അറസ്റ്റ്. ആരാണിത് അച്ചടിച്ചിരുന്നതെന്ന് കൃത്യമായ വിവരമുണ്ടായിരുന്നില്‌ള. പക്ഷേ, എത്തിച്ചുതരുന്നതില്‍ കൃത്യതയുണ്ടായിരുന്നു. ജെപിയുടെ പ്രസംഗങ്ങളും മറ്റുമായിരുന്നു പ്രധാന ഉള്ളടക്കം. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രസംഗങ്ങളൊന്നും പത്രങ്ങളില്‍ വരാത്തതുകൊണ്ട് എതിര്‍പ്പും പ്രതിഷേധവും ജനങ്ങളിലെത്തിക്കാനുള്ള ഒരേയൊരു വഴി ഈ ലഘുലേഖകളായിരുന്നു. 'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ മര്‍മത്ത് ആഞ്ഞടിക്കണം' എന്നൊരു പരാമര്‍ശം അതിലൊന്നില്‍ ഉണ്ടായിരുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. 
പഴവങ്ങാടിയില്‍ സര്‍വോദയ മണ്ഡലത്തിന്റെ ഒരു യോഗം കഴിഞ്ഞു രാത്രി തൈക്കാട് ഗാന്ധിഭവനില്‍ കിടന്നു. മണക്കാട്ടായിരുന്നു അന്നു ഞാന്‍ താമസിച്ചിരുന്നത്. അടിയന്തരാവസ്ഥയ്‌െക്കതിരായ പ്രവര്‍ത്തനങ്ങളുമായി ഞാന്‍ ഓടിനടന്നപേ്പാള്‍ ഭാര്യ ശ്രീദേവിയുടെ അച്ഛന്‍ അവരേയും കുഞ്ഞുങ്ങളേയും കളിയിക്കാവിളയിലെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതില്‍പിന്നെ ഗാന്ധിഭവനില്‍ ഇടയ്ക്കിടയ്ക്ക് കിടക്കും. സുകുമാരന്‍ എന്നൊരു പ്രവര്‍ത്തകനും കൂടെയുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് നെടുമങ്ങാട്ട് പോയി ലഘുലേഖ സുഹൃത്തുക്കള്‍ക്കു വിതരണം ചെയ്തിരുന്നു.

അത് കിട്ടിയ ആരോ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയിക്കൊടുത്തു. അങ്ങനെയാണ് സിറ്റി പൊലീസിലെ ക്‌ളമന്റ് എന്ന സിഐയും വേലായുധന്‍ നായര്‍ എന്ന പൊലീസുകാരനും ഉള്‍പെ്പടെയുള്ള സംഘം അന്വേഷിച്ചുവന്നത്. ഞാന്‍ ഓഫീസ് മുറിയിലും സുകുമാരന്‍ ഹാളിലും. ഗേറ്റില്‍ വന്നു പൊലീസ് തട്ടിവിളിച്ചു. വാച്ചര്‍ നോക്കിയപേ്പാള്‍ പൊലീസ്. തുറന്നുകൊടുക്കാതെ പറ്റില്‌ളലേ്‌ളാ. ഇതൊന്നും അകത്ത് ഞങ്ങള്‍ അറിയുന്നില്‌ള. ക്‌ളമന്റ് അധികം ഉയരമില്‌ളാതെ തടിച്ചിട്ടാണ്. നല്‌ള ആരോഗ്യവാന്‍. കതകില്‍ തട്ടി. ഞാന്‍ തുറന്നതും കരണത്ത് ഒറ്റ അടിയായിരുന്നു. ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്‌ള. അടിയോടുകൂടെ ഞാന്‍ വീണുപോയി. തൂക്കിയെടുത്ത് കസേരയില്‍ ഇരുത്തി. എനിക്കൊന്നും സംഭവിച്ചിട്ടില്‌ള എന്നു മനസ്‌സിലായപേ്പാള്‍ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി. സുകുമാരന്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നുണ്ട് പുറത്ത്. സുന്ദരത്തിനെ എവിടെയാണു കൊണ്ടുപോകുന്നത് എന്ന് അയാള്‍ ചോദിച്ചു. വായടപ്പിക്കുന്ന തെറിയായിരുന്നു മറുപടി. വന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു എന്നാണ് എന്റെ ബലമായ സംശയം. നേരെ കൊണ്ടുപോയത് ശാസ്തമംഗലത്തെ പൊലീസ് ക്യാമ്പിലേക്കാണ്.

കാര്യമായ ചോദ്യം ചെയ്യലൊന്നുമുണ്ടായില്‌ള അവിടെ. പിറ്റേന്നു രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടുത്തെ ലോക്കപ്പിലിട്ടു. അതൊരു വല്‌ളാത്ത അനുഭവമായിരുന്നു. മൂത്രത്തിന്റെ നാറ്റവും കൊതുകും ഭീകരാന്തരീക്ഷവും. രാവിലെ വീണ്ടും ക്‌ളമന്റിന്റെ ചോദ്യം ചെയ്യല്‍. ലഘുലേഖ എവിടെനിന്നു കിട്ടുന്നു, ആര് അച്ചടിക്കുന്നു, ആരൊക്കെയാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയ കാര്യങ്ങള്‍. എനിക്കൊന്നും അറിയില്‌ള എന്ന മറുപടിയില്‍ ഞാന്‍ ഉറച്ചുനിന്നു. നീയൊക്കെ ഇന്ദിരാഗാന്ധിയെ എന്തു ചെയ്യുമെടാ, ഏതു മര്‍മത്തില്‍ അടിക്കുമെടാ എന്നൊക്കെയുള്ള ആക്രോശങ്ങള്‍. അല്‌ളാതെ ഉത്തരം ആവശ്യമായുള്ള ചോദ്യങ്ങളായിരുന്നില്‌ള അതൊന്നും. 

മര്‍ദനത്തിന്റെ ഭീകരത
അന്ന് അവിടെനിന്നു നെടുമങ്ങാട് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ശ്രീകുമാരന്‍നായര്‍ എന്നൊരാളും അവിടെ കസ്റ്റഡിയിലുണ്ടായിരുന്നു. ഈ ശ്രീകുമാരന്‍നായര്‍ക്കും ഞാന്‍ നെടുമങ്ങാട്ടു പോയപേ്പാള്‍ ലഘുലേഖ കൊടുത്തിരുന്നു. അതു കൈവശംവച്ചതിനാണ് അദ്ദേഹത്തെ പിടിച്ചത്. അവിടെവച്ചാണ് ഭീകരമായ മര്‍ദനമേറ്റത്. ലഘുലേഖയ്ക്കു പിന്നിലെ പ്രവര്‍ത്തകര്‍ ആരൊക്കെയാണ് എന്ന വിശദമായ ചോദ്യം ചെയ്യലും അവിടെയാണുണ്ടായത്. ആരുടെയെങ്കിലും പേരു പറഞ്ഞ് എനിക്ക് രക്ഷപെ്പടുക എന്നുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്‌ള. ഒരാളുടെപോലും പേരു പറഞ്ഞുമില്‌ള.

''അടിയന്തരാവസ്ഥയ്ക്ക് എതിരാണു ഞങ്ങള്‍. അടിയന്തരാവസ്ഥ രാജ്യത്തിന് ആവശ്യമില്‌ള. ഇന്ദിരാഗാന്ധിയുടെ അധികാരം ഉറപ്പിച്ചുനിര്‍ത്താന്‍ മാത്രമാണിതൊക്കെ ചെയ്യുന്നത്' എന്ന മറുപടിയാണ് നല്‍കിയത്. അതോടെ അവര്‍ക്ക് ഒരുതരം പകയായി. ബെഞ്ചില്‍ പിടിച്ചുകിടത്തിയിട്ട് കാലുകള്‍ ബെഞ്ചിനോടു ചേര്‍ത്തുകെട്ടി.  കൈകള്‍ പിന്നോട്ടും പിടിച്ചുകെട്ടി. എന്നിട്ട് കാല്‍പാദത്തിനടിയില്‍ ചൂരല്‍കൊണ്ട് അടിതുടങ്ങി. ജീവിതത്തില്‍ അന്നോളം അനുഭവിച്ചിട്ടില്‌ളാത്ത വേദനയായിരുന്നു അത്. ജീവന്‍തന്നെ പറിഞ്ഞുപോകുന്നതുപോലെ. കുറെ അടികൊണ്ടപേ്പാള്‍ ബോധം പോയി. ബോധം വന്നപേ്പാള്‍ കെട്ടൊന്നുമില്‌ള. പക്ഷേ, സംസാരിക്കാന്‍പോലും സാധിക്കുന്നില്‌ള. വലിച്ചിഴച്ചാണ് ലോക്കപ്പില്‍ കൊണ്ടിട്ടത്. ശ്രീകുമാരന്‍നായര്‍ അതിനകത്തുണ്ട്. 


പിറ്റേന്നു രാവിലെ വന്നിയൂരിലെ തറവാട്ടുവീട്ടില്‍ കൊണ്ടു പോയി തെളിവെടുക്കാന്‍. നാട്ടുകാരൊക്കെ കൂടിയപേ്പാള്‍ ഞാന്‍ രാജ്യദ്രോഹിയെപേ്പാലെ പൊലീസിനൊപ്പം കൂനിക്കൂടി നില്‍ക്കുന്നു; നേരെ നില്‍ക്കാന്‍ സാധിക്കുന്നില്‌ള. ആ രംഗം എന്നെ ശരിക്കും വേദനിപ്പിച്ചു. അറസ്റ്റും പൊലീസ് മര്‍ദനവുമൊന്നുമായിരുന്നില്‌ള പ്രശ്‌നം. തെറ്റായ ഒരു കാര്യത്തിനെതിരെ പ്രവര്‍ത്തിച്ചതിന് പരിചയക്കാരുടേയും വീട്ടുകാരുടേയുമൊക്കെ മുന്നില്‍ കൊള്ളരുതാത്ത കുറ്റവാളിയെപേ്പാലെ പ്രദര്‍ശിപ്പിച്ചത് സഹിക്കാന്‍ കഴിഞ്ഞില്‌ള. വീട്ടില്‍ അവര്‍ വലിച്ചുവാരിയിട്ടു റെയ്ഡു നടത്തി. പ്രത്യേകിച്ചൊന്നും അവിടെനിന്നു കിട്ടാനില്‌ളലേ്‌ളാ. ചുമരലമാര നിറയെ പുസ്തകങ്ങളായിരുന്നു. അതൊക്കെ നാനാവിധമാക്കി. അത്രതന്നെ. അടുത്ത ദിവസം രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. 


മജിസ്‌ട്രേറ്റ് പ്രത്യേകിച്ചൊന്നും ചോദിച്ചില്‌ള. റിമാന്‍ഡ് ചെയ്തു. അട്ടക്കുളങ്ങര സബ്ജയിലിലേക്ക്. രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തിയവര്‍ അവിടെയുണ്ട്. ഡി.ഐ.ആര്‍. പ്രകാരം രണ്ടുമാസത്തെ തടവിലെത്തിയതാണ്, രാമചന്ദ്രന്‍ പോറ്റി, കെ.പി.കെ. പിഷാരടി തുടങ്ങിയവര്‍. കോട്ടയത്തു സര്‍വോദയ മണ്ഡലത്തിന്റെ പ്രവര്‍ത്തകനായ കൊച്ചേട്ടനുമുണ്ട്; പിന്നെ കോട്ടയംകാരന്‍ തന്നെയായ ഒരു ഡോക്ടറും. ജയിലില്‍ ഉപദ്രവമൊന്നുമുണ്ടായില്‌ള. 


രണ്ടു മാസം അവിടെ കഴിഞ്ഞു. ഇതിനിടയില്‍ മന്മഥന്‍ സാര്‍ എന്നെ കാണാന്‍ വന്നിരുന്നു. ലഘുലേഖ വിതരണം ചെയ്തു എന്ന 'കുറ്റം' സമ്മതിച്ചേക്കാന്‍ അദ്ദേഹം പറഞ്ഞു. ഞാനതു ചെയ്തതാണ്, നല്‌ള ഉദ്ദേശ്യത്തോടെ. അതുകൊണ്ട് ചെയ്തില്‌ള എന്നു പറയില്‌ള എന്നു ഞാന്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വീണ്ടും കോടതിയില്‍ ഹാജരാക്കിയപേ്പാള്‍ 'കുറ്റം' സമ്മതിച്ചതുകൊണ്ട് എന്നെ രണ്ടു മാസത്തേക്കു ശിക്ഷിച്ചു. തടവില്‍ കഴിഞ്ഞ കാലവും ശിക്ഷാകാലാവധിയും ഒന്നുതന്നെയായതുകൊണ്ട് പുറത്തുവിട്ടു. പക്ഷേ, മോചിപ്പിക്കുകയല്‌ള ചെയ്തത്. എന്റെ നാടിനടുത്ത് തമിഴ്‌നാടിന്റെ ഭാഗമായ കുഴിത്തുറയില്‍ കൊണ്ടുവന്നു പൊലീസിനെ ഏല്പിച്ചു. 


അടിയന്തരാവസ്ഥയ്‌ക്കെതിരെ നോട്ടീസടിച്ചു എന്ന വേറൊരു കേസില്‍ എന്നെക്കൂടി ചേര്‍ത്തു. തിരുവനന്തപുരത്തു താമസിച്ചു പ്രവര്‍ത്തിക്കുന്ന ഞാന്‍ മനസ്‌സറിയാത്ത കാര്യമായിരുന്നു അത്. പരമാവധി കേസുകളില്‍ തെളിവും പ്രതികളെയുമുണ്ടാക്കി പൊലീസുദ്യോഗസ്ഥര്‍ക്ക് ആളാകാനായിരുന്നു അത്. ആ കേസില്‍ തക്കലയിലും നാഗര്‍കോവിലിലും ലോക്കപ്പും ജയിലുമായി ആറുമാസം കിടന്നു. തക്കല കോടതിയിലായിരുന്നു വിസ്താരം. നോട്ടീസടിച്ച പ്രസ് ഉടമയുടെ രണ്ട് ആണ്‍മക്കളെ പിടിച്ചിരുന്നു. കേസിന് ബലം കൂട്ടാനാണ് തിരുവനന്തപുരത്തെ ലഘുലേഖക്കേസില്‍ ശിക്ഷിച്ച എന്നെക്കൂടി പ്രതിയാക്കിയത്. കേസ് നിന്നില്‌ള. 
പക്ഷേ, ആഴ്ചയില്‍ ഒരു ദിവസം തക്കല സ്റ്റേഷനിലെത്തി ഒപ്പിടണമായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ അതു തുടര്‍ന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. അതു നടന്നു. പീഡനങ്ങള്‍ രാജ്യസ്‌നേഹികളെ കൂടുതല്‍ ശക്തരാക്കുകയേ ഉള്ളുവെന്ന് അറിയാനുള്ള വിവേകം അധികാരത്തിമിരം ബാധിച്ചവര്‍ക്ക് ഉണ്ടായിരുന്നില്ല.
പീഡാനുഭവങ്ങള്‍ സ്വാതന്ത്ര്യമോഹികളെ പിന്നോട്ടടിക്കുമെങ്കില്‍ നമ്മുടെ രാജ്യത്തുനിന്ന് ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടുമായിരുന്നോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com