നചികേത ദേസായി
നചികേത ദേസായി

നചികേത ദേസായി പറയുന്നു; ഇരുണ്ടനാളുകളിലെ എന്റെ പത്രപ്രവര്‍ത്തനം 

'രണഭേരി' എന്ന് പേരുള്ള ആ ന്യൂസ് ബുള്ളറ്റിന്റെ ആറായിരം കോപ്പിയാണ് ഞങ്ങള്‍ ഓരോ ആഴ്ചയും പുറത്തിറക്കിയത്


മഹാത്മാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മഹാദേവ് ദേസായിയുടെ മകനും ജയപ്രകാശ് നാരായണന്റെ സന്തതസഹചാരിയുമായിരുന്ന നാരായണ്‍ ദേസായിയുടെ പുത്രനാണ് നചികേതാ ദേസായി.  ഇപ്പോള്‍ യോഗേന്ദ്ര യാദവ് നയിക്കുന്ന സ്വരാജ് അഭിയാന്‍ എന്ന സംഘടനയുടെ നാഷണല്‍ സ്റ്റിയറിങ് കമ്മിറ്റി അംഗമായ അദ്ദേഹം നിരവധി ദേശീയ, അന്തര്‍ദേശീയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനരംഗത്ത് തന്റെ തുടക്കമായി തീര്‍ന്ന, രഹസ്യമായി പുറത്തിറക്കിയ ബുള്ളറ്റിന്‍ എങ്ങനെയാണ് വിദേശമാധ്യമപ്രവര്‍ത്തകര്‍ക്കടക്കം വാര്‍ത്താ ഉറവിടമായിത്തീര്‍ന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു

രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങളെ മരവിപ്പിച്ചുകൊണ്ട് 1975 ജൂണ്‍ 25-ന് ഏറെ വൈകിയിട്ട് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു സാമൂഹ്യപ്രവര്‍ത്തകനായ എന്നെ പത്രപ്രവര്‍ത്തനത്തിലേക്ക് വഴിതിരിച്ചുവിടുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. 
സമ്പൂര്‍ണവിപ്‌ളവ നായകനും സര്‍വോദയ നേതാവുമായ ജെ.പി. എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ജയപ്രകാശ് നാരായണ്‍ സ്ഥാപിച്ച തരുണ്‍ ശാന്തിസേന എന്ന യുവജനസംഘടനയുടെ ദേശീയ കണ്‍വീനറായിരുന്നു അന്ന് ഞാന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ക്രമക്കേടുകള്‍ മുന്‍നിര്‍ത്തി അലഹാബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. എല്ലാ കോണ്‍ഗ്രസിതര പാര്‍ട്ടികളുമടങ്ങുന്ന പ്രതിപക്ഷകക്ഷികളുടേതായ ഒരു പടുകൂറ്റന്‍ റാലി ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്നു. ജെ.പിയായിരുന്നു അത് സംഘടിപ്പിച്ചത്. രാജിവെയ്ക്കുന്നതിന് പകരം പ്രസിഡന്റ് ഫക്രുദ്ദീന്‍ അലിയോട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. 

നടക്കാതെ പോയ ബോംബ് ആക്രമണം
ജയപ്രകാശ് നാരായണെയും ഇതര പ്രതിപക്ഷനേതാക്കളെയും തന്നെ എതിര്‍ക്കുന്ന എല്ലാ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രിയില്‍ തന്നെ ഇന്ദിരാഗാന്ധി ഉത്തരവിട്ടു. ബിഹാറില്‍ നിന്ന് വാരാണസിയിലേക്കുള്ള മടക്കയാത്രയില്‍ ട്രെയിനിലായിരുന്നു അപ്പോള്‍ ഞാന്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ജെ.പി അടക്കമുള്ള നേതാക്കളെ അറസ്റ്റുചെയ്തതുമായ വാര്‍ത്ത ജൂണ്‍ 26-ന് പ്രഭാതത്തില്‍ വാരാണസി സിറ്റി റയില്‍വേസ്‌റ്റേഷനിലെത്തിയപ്പോള്‍ പത്രം വായിച്ചപ്പോഴാണ് അറിയുന്നത്. വരുണയും ഗംഗയും ചേരുന്നിടത്ത് സര്‍വോദയ പ്രസ്ഥാനത്തിന്റെ ഉന്നതാധികാരസമിതിയായ സര്‍വസേവാ സംഘത്തിന്റെ ക്യാംപസിലാണ് ഞാന്‍ ജീവിച്ചിരുന്നത്. തീര്‍ച്ചയായും ജെ.പിയുടെ അടുത്ത സഹചാരിയായ എന്റെ പിതാവ് നാരായണ്‍ ദേസായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കുമെന്നും സര്‍വസേവാ സംഘത്തിന്റെ ക്യാംപസ് ശക്തമായ പൊലിസ് ബന്തവസ്‌സിലായിരിക്കുമെന്നും ഞാന്‍ സംശയിച്ചു. 
അച്ഛന്‍ ആ രാത്രി തന്നെ അജ്ഞാതമായ ഏതോ ഒരിടത്തേയ്ക്ക് പോയിയെന്ന് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു. എന്നോടും അങ്ങനെ ചെയ്തുകൊള്ളാന്‍ അവര്‍ ഉപദേശിച്ചു. 

ബനാറസ് ഹിന്ദ് സര്‍വകലാശാല
ബനാറസ് ഹിന്ദ് സര്‍വകലാശാല

വീട്ടിലെത്തിയ ദിവസം അര്‍ധരാത്രിയോടടുത്തുകാണും, മുന്‍വശത്തെ കതകിലൊരു മുട്ടു കേട്ടു. എന്നെ അന്വേഷിച്ചെത്തിയ പൊലിസായിരിക്കും അതെന്ന് ഞങ്ങള്‍ ഊഹിച്ചു. പക്ഷെ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വാതില്‍ തുറന്നപ്പോള്‍ കണ്ടത് എന്റെ സുഹൃത്തായ ലാല്‍ മുനി ചൗബേയെയായിരുന്നു. ബിഹാറിലെ ഒരു പ്രമുഖ യുവജന നേതാവാണ് ചൗബേ. തന്നോടൊപ്പം ഉടന്‍ ചെല്ലാന്‍ ചൗബെ എന്നോട് ആവശ്യപ്പെട്ടു. ബിഹാറിലെ തന്റെ ജന്‍മനഗരമായ ഭാഭ്വയിലേക്ക് പോകാനും ഡൈനാമിറ്റ് സ്റ്റിക്കുകളാല്‍ തന്റെ ജീപ്പ് നിറയ്ക്കാനും ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലങ്ങളെല്ലാം ബോംബ് വെച്ചുതകര്‍ക്കാനും തനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ പദ്ധതി നടപ്പാക്കും മുന്‍പ് തൊട്ടടുത്ത ദിവസം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള തന്റെ ഒളിയിടത്തില്‍ നിന്ന് ചൗബേ അറസ്റ്റ് ചെയ്യപ്പെട്ടു. നേപ്പാള്‍ അതിര്‍ത്തിയിലെ ഗോരഖ്പൂരിലേക്ക് ഉറ്റ സുഹൃത്ത് അശോക് മിശ്രയുമൊത്ത് ഞാന്‍ രക്ഷപ്പെട്ടു. 

ഒരാഴ്ചയ്ക്ക് ശേഷം ഞങ്ങള്‍ വാരാണസിയിലേക്കുതന്നെ മടങ്ങി. അടിയന്തരാവസ്ഥക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതായി സൈക്‌ളോ സ്‌റ്റൈല്‍ ചെയ്ത ഒരു വര്‍ത്തമാനപത്രം പ്രസിദ്ധീകരിക്കാനും തീരുമാനമുണ്ടായി. ഞാന്‍ സര്‍വസേവാ സംഘത്തിന്റെ പ്രധാന ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി സൈക്‌ളോ സ്‌റ്റൈല്‍ മെഷിന്‍ മോഷ്ടിച്ചു. ഗംഗയുടെ തീരത്ത്, വാരാണസിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയായി അശോക് മിശ്രയുടെ ഗ്രാമമായ ചാന്ദ്പൂരിലേക്ക് ഞങ്ങള്‍ പോയി. 
'രണഭേരി' എന്ന് പേരുള്ള ആ ന്യൂസ് ബുള്ളറ്റിന്റെ ആറായിരം കോപ്പിയാണ് ഞങ്ങള്‍ ഓരോ ആഴ്ചയും പുറത്തിറക്കിയത്.  രണ്ടുപേജുള്ള ഈ പത്രികയുടെ മുഖ്യ സര്‍ക്കുലേഷന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലുമായിരുന്നു. അതേസമയം കുറച്ചുകോപ്പികള്‍ ഞങ്ങള്‍ കാഠ്മണ്ഡുവിലേക്കും അയച്ചു. 
ഇന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ കടുത്ത സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയിരുന്നതുകൊണ്ട് മിക്ക വിദേശ പത്രപ്രതിനിധികളും അവരുടെ ആസ്ഥാനം കാഠ്മണ്ഡുവിലേക്ക് മാറ്റിയിരുന്നു. ഞങ്ങളുടെ ബുള്ളറ്റിനില്‍ വരുന്ന വാര്‍ത്തകള്‍ അതുകൊണ്ടുതന്നെ വിദേശമാധ്യമപ്രതിനിധികള്‍ക്ക് നല്ല വാര്‍ത്താ ഉറവിടമായി. 
അടിയന്തരാവസ്ഥയാണ് അങ്ങനെ എന്നെ ഒരു പത്രപ്രവര്‍ത്തകനാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com