കാമുകന്റെ വീട്ടുകാരെ പോക്കറ്റിലാക്കണോ? 

പൂര്‍ണ്ണമായും തയ്യാറാണെങ്കില്‍ മാത്രമേ ഈ സാഹസത്തിന് മുതിരാവൂ എന്നതാണ് നിങ്ങള്‍ക്കുവേണ്ട ആദ്യ ഉപദേശം.
കാമുകന്റെ വീട്ടുകാരെ പോക്കറ്റിലാക്കണോ? 
Updated on

നിങ്ങളുടെ ബന്ധം ഏത് ട്രാക്കിലാണ് നീങ്ങുന്നതെന്ന വ്യക്തമായ തിരിച്ചറിവാണ് കാമുകന്റെ വീട്ടുകാരുമായുള്ള കൂടികാഴ്ചയിലേക്ക് നിങ്ങളെ എത്തിക്കുന്നത്. പൂര്‍ണ്ണമായും തയ്യാറാണെങ്കില്‍ മാത്രമേ ഈ സാഹസത്തിന് മുതിരാവൂ എന്നതാണ് നിങ്ങള്‍ക്കുവേണ്ട ആദ്യ ഉപദേശം. നിങ്ങളുടെ ബന്ധത്തെകുറിച്ച് ഉറപ്പില്ലാതെയാണ് മുന്നോട്ട് നീങ്ങുന്നതെങ്കില്‍ ഈ കൂടികാഴ്ച്ച ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ ഗൗരവത്തോടെയാണ് നിങ്ങളുടെ ബന്ധം മുന്നോട്ട് നീങ്ങുന്നതെങ്കില്‍ ഇതില്‍ നിന്ന് അധികനാള്‍ ഒഴിഞ്ഞ് നടക്കാനും പറ്റില്ല. 

ഈ കൂടികാഴ്ച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. 

തുടക്കം സഹോദരങ്ങളില്‍ നിന്നാകട്ടെ

കാമുകന്റെ വീട്ടിലേക്കുള്ള ഏറ്റവും എളുപ്പവഴിയാണ് സഹോദരങ്ങള്‍. വീട്ടിലെ മുതിര്‍ന്നവരുമായുള്ള കൂടികാഴ്ചയില്‍ ഇവര്‍ നിങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്നുറപ്പ്. വളരെ സൗഹൃദപരമായ അന്തരീക്ഷത്തില്‍ അവരെ പരിചയപ്പെടുകയും അവരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുക. പക്ഷെ ഇവരോട് സംസാരിക്കുമ്പോഴും ഒന്ന് ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ പറയുന്നവ കാമുകന്റെ മാതാപിതാക്കളുടെ അടുത്തെത്തിക്കാനും ഇക്കൂട്ടര്‍ മിടുക്കരാണ്. എന്നാല്‍ വീട്ടിലെ മുതിര്‍ന്നവരെ എങ്ങനെ കൈയ്യിലെടുക്കണം എന്ന കൃത്യമായ ടിപ്‌സ് ഇവരില്‍ നിന്ന് കിട്ടുമെന്നുറപ്പ്. 

പ്രധാന തിയതികള്‍ മറക്കണ്ട

അമ്മയുടെ ജന്മദിനം, അച്ഛന്റെ ജന്മദിനം. അവരുടെ വിവാഹവാര്‍ഷികം ഇങ്ങനെയുള്ള പ്രധാന ദിവസങ്ങളൊന്നും മറക്കണ്ട. ഇതൊക്കെ ബോണസ് പോയിന്റാണ്. അതുകൊണ്ട് കലണ്ടറില്‍ കട്ടിയായിതന്നെ ഈ ദിനങ്ങള്‍ അടയാളപ്പെടുത്തിക്കോ. ഒരു മെസേജായോ ഫോണ്‍ കോള്‍ രൂപത്തിലോ ഒക്കെ നിങ്ങളുടെ ആശംസ അവരെ അറിയിക്കാം. ഇവരോടെല്ലാം കൂടുതല്‍ അടുപ്പമായി കഴിഞ്ഞാല്‍ പിന്നെ മദേഴ്‌സ് ഡേയും ഫാദേഴ്‌സ് ഡേയുമൊക്കെ  കലണ്ടറില്‍ ചേര്‍ക്കാം. ഇതൊന്നും അത്ര ഇംപ്രസീവ് ആയി ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നില്ലായിരിക്കാം പക്ഷെ മിക്ക മാതാപിതാക്കളും ഇതെല്ലാം ആഗ്രഹിക്കുന്നവരാണ്. 

വിരുന്നിന് ക്ഷണിച്ചാല്‍ മാറിനില്‍ക്കരുത്

കാമുകന്റെ വീട്ടിലേക്കുള്ള ക്ഷണം നിരസിക്കണ്ട പക്ഷെ ഒരു കാര്യം ഉറപ്പിക്കണം അവിടെയെങ്കിലും സമയത്തെത്തണം. വളരെ കാഷ്വല്‍ ആയ വിരുന്നാണെങ്കിലും ആദ്യ തവണ കുറച്ച് ഔപചാരികതയാകാം. പിന്നെ വീട്ടിലേക്ക് പോകുമ്പോള്‍ വെറും കൈയ്യോടെ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചോക്ലേറ്റോ മറ്റ് മധുരപലഹാരങ്ങളോ അവര്‍ക്കായി കരുതുന്നത് നല്ലതാണ്.  വീട്ടിലായിരിക്കുമ്പോള്‍ എന്തെങ്കിലും സഹായം ചെയ്ത് നല്‍കണോ എന്ന് ചോദിക്കാന്‍ മറക്കണ്ട. ഒരു വിരുന്നുകാരിക്കും വീട്ടുകാരിക്കും ഇടയിലെ സ്ഥാനത്തു നിന്നുവേണം നിങ്ങളുടെ ഇടപെടലുകള്‍. 

മൗനം വേണ്ട

ഒരുപക്ഷെ അവര്‍ക്കിടയില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് കൃത്യമായി മനസിലായികൊള്ളണമെന്നില്ല. പൂര്‍ണ്ണമായും ഒറ്റപ്പെട്ട ഒരു അവസ്ഥപോലും നിങ്ങള്‍ക്കവിടെ തോന്നിയേക്കാം. പക്ഷെ ആ നിരാശ നിങ്ങളെ കീഴ്‌പ്പെടുത്താതിരിക്കാനുള്ള ശ്രമമാണ് നിങ്ങള്‍ നടത്തേണ്ടത്. ഒരിക്കലും ബോറടിക്കുന്നു എന്ന കാരണം കൊണ്ട് ഫോണിലേക്ക് ശ്രദ്ധ തിരിക്കരുത്. ഇങ്ങനെ ചെയ്താല്‍ അവരുടെ വിഷയങ്ങളിലേക്ക് നിങ്ങളെ ഉള്‍പ്പെടുത്താനുള്ള ശ്രമം പോലും ഉപേക്ഷിക്കപ്പെടും. എന്നാല്‍ ക്ഷമയോടെ അവരുടെ സംസാരങ്ങള്‍ കേട്ടിരുന്നാല്‍ അത് സാവധാനം നിങ്ങളിലേക്കെത്തും. വീട്ടിലേ ഓരോ അംഗത്തേയും ഒറ്റയ്ക്ക് പരിചയപ്പെടാനുള്ള അവസരം കിട്ടിയാലും അത് കളയരുത്. വ്യക്തിപരമായ അടുപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഒന്നിച്ചുള്ള ചര്‍ച്ചകളില്‍ നിങ്ങളുടെ ആശയങ്ങള്‍ ശക്തമായിതന്നെ അവതരിപ്പിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തെ അവര്‍ക്ക് മുന്നില്‍ തെളിയിക്കുന്നതാണെന്ന് മറക്കരുത്. 

തര്‍ക്കങ്ങള്‍ വേണ്ട

എപ്പോഴും ഒരു സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതാണ് നല്ലത്. ലളിതമായ കളിയാക്കലുകളിലൊക്കെ ഒപ്പം ചേരുന്നത് നല്ലതുന്നെ പക്ഷെ അതൊരിക്കലും കലഹത്തിലേക്ക് നീങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചോളൂ. കാമുകന്റെ പക്ഷത്ത് ചേരുന്നതാണ് ഏറ്റവും അനുയോജ്യം. നിങ്ങള്‍ക്ക് എതിര്‍പ്പുള്ള വിഷയങ്ങള്‍ പിന്നീട് നിങ്ങള്‍ ഇരുവരും മാത്രമായിരിക്കുമ്പോള്‍ സംസാരിച്ച് തീര്‍ക്കാവുന്നതാണ്.

തളരരുത്...

ഈ പറഞ്ഞതൊന്നും അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്നത് സത്യം. ഒരുപക്ഷെ നിങ്ങളെ അകറ്റി നിര്‍ത്താനുള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ വരെ നിങ്ങളുടെ ഭാവി പങ്കാളിയുടെ ബന്ധുക്കളില്‍ നിന്ന് നേരിടേണ്ടിവരും. ചിലപ്പോള്‍ നിങ്ങള്‍ക്ക് എവിടെയെങ്കിലും പാളിപോയെന്നും വരാം. ഈ സമയത്ത് ഒരു കാര്യം മാത്രം ശ്രദ്ധിക്കുക, ഒരിക്കലും പിന്നോട്ട് വലിയരുത്. നിരന്തരമായ ശ്രമങ്ങള്‍ നിങ്ങളെ അവരുടെ അടുത്തേക്ക് എത്തിക്കുക തന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com