ചിരിച്ച് ചിരിച്ച്... കളിച്ച്... കളിച്ച്... എല്ലാവരും ഷൈനിയുടെയും ശിവാനിയുടെയും സുംബ ക്ലാസിലേക്ക്

പത്തു പതിനഞ്ചു വര്‍ഷം മുമ്പ് വിദേശ സിനിമകളിലെ സുംബ നര്‍ത്തകരെ കണ്ട് എന്തൊരു ബോഡി ഷേപ് എന്ന് കണ്ണുമിഴിച്ച മലയാളികള്‍ ഇന്ന് ഫിറ്റ്‌നസിനു വേണ്ടി അതേ സുംബ തന്നെ പരീക്ഷിക്കുകയാണ്.
ഷൈനി ആന്റണി റൗഫ്
ഷൈനി ആന്റണി റൗഫ്

നിങ്ങളുടെ ഒഴിവു സമയം എനിക്ക് തരൂ.. ഞാന്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരവും സദാ പുഞ്ചിരി തൂകുന്ന മുഖവും ഹൃദയവും സമ്മാനിക്കാം.. കേരളത്തിലെ അറിയപ്പെടുന്ന സുംബ ട്രെയിനറായ ഡോക്ടര്‍ ഷൈനി ആന്റണി റൗഫാണ് ഇങ്ങനെ പറയുന്നത്. കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ഒരു വര്‍ഷത്തോളമായി സുംബാ ക്ലാസ് നടത്തി വരികയാണ് ഷൈനിയും കൂട്ടുകാരി ശിവാനിയും. പഞ്ചാബി സ്വദേശിയായ ശിവാനി കോട്ടയത്താണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. പത്തു പതിനഞ്ചു വര്‍ഷം മുമ്പ് വിദേശ സിനിമകളിലെ സുംബ നര്‍ത്തകരെ കണ്ട് എന്തൊരു ബോഡി ഷേപ് എന്ന് കണ്ണുമിഴിച്ച മലയാളികള്‍ ഇന്ന് ഫിറ്റ്‌നസിനു വേണ്ടി അതേ സുംബ തന്നെ പരീക്ഷിക്കുകയാണ്. ദുര്‍മേദസിനെ തടയുകതന്നെ ഏറ്റവും പ്രധാനം. ഇതിനു പുറമെ അസുഖങ്ങളെ പടിക്കപ്പുറത്തു നിര്‍ത്താം. ആത്മവിശ്വാസത്തോടെ മനസിനിണങ്ങിയ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം... 

ഒരു ദന്ത ഡോക്ടര്‍ കൂടിയായ ഷൈനിയുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. 47 വയസിലും 30കാരിയുടെ ചുറു ചുറുക്കുള്ള ഷൈനിയുടെ പ്രകൃതം കണ്ടാല്‍ അത് മനസിലാക്കാവുന്നതാണ്. തന്റെ അടുത്ത് വരുന്ന രോഗികളോട് ആദ്യം രോഗം മാറാന്‍ സ്വന്തമായി ചെയ്യാവുന്ന പ്രതിവിധികളെപ്പറ്റി പറഞ്ഞു കൊടുക്കുകയാണ് ഷൈനി ചെയ്യുന്നത്. പിന്നീട് അസുഖം മാറിയില്ലെങ്കിലേ ചികിത്സയുടെ അടുത്ത ഘട്ടം തുടങ്ങുകയുള്ളു. ഇങ്ങനെയൊരു ഡോക്ടടര്‍ ഇന്ന് അപൂര്‍വ്വമല്ലേ?..

ജീവിതശൈലീ രോഗങ്ങള്‍ക്ക് പിടികൊടുക്കാതിരിക്കാന്‍ ചെറിയ പ്രായത്തിലേ ശ്രദ്ധിക്കുകയല്ലേ നല്ലത്. വ്യായാമവും ഡയറ്റും മാത്രം മതി ആരോഗ്യ, സൗന്ദര്യ സംരക്ഷണനത്തിന്. വയറിന്റെ കാല്‍ഭാഗത്തില്‍ ഭക്ഷണവും കാല്‍ ഭാഗത്തില്‍ വെള്ളവും ഭാക്കി അര ഭാഗം ഒഴിച്ചിടുകയുമാണ് വേണ്ടത്. അല്ലാതെ വലിച്ചുവാരി തിന്നാല്‍ ആരോഗ്യവും സൗന്ദര്യവും നമ്മളെ എന്നന്നേയ്ക്കുമായി കൈവിടും. വൈറ്റ് പോയ്‌സണ്‍സ് എന്നാണിവ അറിയപ്പെടുന്ന പഞ്ചസാര, വനസ്പതി, മൈദ, എണ്ണയില്‍ പൊരിച്ച ആഹാരങ്ങള്‍ തുടങ്ങിയവയൊക്കെ പാടെ ഒഴിവാക്കുക. 

ഷൈനിയും സുഹൃത്തും സുംബ ക്ലാസിന്റെ ഒന്നാം
വാര്‍ഷികത്തില്‍

നൃത്തം ചെയ്യുന്നതിലൂടെ സന്തോഷമായിരിക്കാന്‍ കഴിയുമെന്ന് ഷൈനി വെറുതെയങ്ങ് പറയുന്നതല്ല. സന്തോഷം ജനിപ്പിക്കുന്ന സെറടോണിന്‍ എന്ന ഹോര്‍മോണ്‍ വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതുപോലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണും വ്യായാമത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതൊരു നല്ല പെയിന്‍ കില്ലര്‍ ആണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തുള്ള വേദന ഇല്ലാതാകും. പിസിഒഡി, തൈറോയ്ഡ് തുടങ്ങി സ്ത്രീകളെ വലയ്ക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ വരാതിരിക്കാനും വന്നാല്‍ ശരീരത്തില്‍ നിന്ന് തുടച്ചു നീക്കാനും മരന്നുകളേക്കാള്‍ അത്യാവശ്യം വ്യായാമമാണെന്ന് ഷൈനി വ്യക്തമാക്കുന്നു.   

എന്തുകൊണ്ട് സുംബ
വ്യായാമത്തിന് ഏത് മാര്‍ഗം വേണമെങ്കിലും സ്വീകരിക്കാമല്ലോ.. സുംബ തന്നെ വേണമെന്നില്ലല്ലോ.. അതിന് വ്യക്തമായ മറുപടിയുണ്ട് ഷൈനിയ്ക്ക്. സുംബ ഒരു നൃത്തരൂപമാണ്.. താളവും സംഗീതവുമുണ്ട്.. ചെറുചിരി എപ്പോഴും മുഖത്തുണ്ടാകും ഇതെല്ലാം പോസിറ്റീവ് ആണ്. പ്രധാനമായും നാലു സ്റ്റെപ്പുകളാണ് ലാറ്റിന്‍ നൃത്തരൂപമായ സുംബയിലുള്ളത്. ഒരു പ്രാവശ്യം സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500മുതല്‍ 800 വരെ കലോറി കത്തിപ്പോകും. എളുപ്പത്തില്‍ തടികുറഞ്ഞ് ശരീരം ഫിറ്റാവുകയും മസിലുകള്‍ ടോണ്‍ ചെയ്യുകയുമുണ്ടാകും. ഏറോബിക്‌സ് വ്യായാമത്തിന്റെ സുഖം തരുന്ന സുംബ ബ്രീത്തിങ് എക്‌സര്‍സൈസിന്റെ ഗുണവും ലഭ്യമാക്കും. സുംബ പലപ്പോഴും ഒരു ഗ്രൂപ്പായി ചെയ്യുമ്പോഴാണ് കൂടുതല്‍ ഫലം കിട്ടുക. ഇതുവഴി സ്ട്രസ്, ടെന്‍ഷന്‍ എന്നിവ കുറഞ്ഞ് മാനസികോല്ലാസം പ്രധാനം ചെയ്യും.

മനുഷ്യന്റെ ജീവിത ലക്ഷ്യം സന്തോഷവും സമാധാനവുമാണെന്ന് വിശ്വസിക്കുന്നയാളാണ് ഷൈനി. അത് സ്വന്തം ജീവിതത്തില്‍ 100 ശതമാനം പ്രായോഗികമാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്ന് മാത്രമല്ല.. റിസള്‍ട്ട് കാണുന്നുമുണ്ട്. വിദേശത്ത് കുടുംബമായി ജീവിച്ചിരുന്ന ഷൈനിയുടെ കുടുംബം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോട്ടയത്ത് സ്ഥിരതാമസമാക്കിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയത്തെ പ്രമുഖ ക്ലബില്‍ നടന്ന  സുംബാ ട്രെയിനിംഗ് പ്രോഗ്രാമിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ആദ്യദിനങ്ങളില്‍ തന്നെ ഇതിന്റെ ഒരു ഗ്രെയ്‌സ് ഷൈനിയ്ക്ക്് കിട്ടി. അങ്ങനെ പ്രാക്ടീസ് നാല് വര്‍ഷത്തോളം തുടര്‍ന്നു. ഇതിനിടയില്‍ ഒരു സോഷ്യല്‍ കമ്മിറ്റ്‌മെന്റ് എന്ന നിലയില്‍ ഇതിനെ എങ്ങനെ വളര്‍ത്താമെന്ന ചിന്തയില്‍ നിന്നാണ് സുംബാ പ്രചരണപരിപാടികള്‍ ആരംഭിച്ചത്. പിന്നീട് രണ്ട് ദിവസത്തെ ട്രയിനിംഗ്  പ്രോഗ്രാമില്‍ ബ്ലാംഗ്ലൂരില്‍ പോയി പങ്കെടുത്തു. അതോടെ ഇന്‍സ്ട്രക്ടര്‍ എന്ന നിലയിലേക്ക് വളര്‍ന്നു പിന്നീടാണ് സുംബാ പ്രചരണപരിപാടികളിലേക്ക് എത്തുന്നത്.

ഷൈനിയുടെ സുംബാ ക്ലാസില്‍ എട്ടു വയസുകാരി മുതല്‍ 73കാരി വരെയുണ്ട്. ഏവര്‍ക്കും ഒരുപോലെ ഇതിണങ്ങുന്നു. ഇത് യൂടൂബില്‍ നോക്കി പഠിക്കാമെങ്കിലും ഷൈനിയെപ്പോലെയൊരു ഇന്‍സ്ട്രക്ടറെ കിട്ടുമെങ്കില്‍ ആരും അവസരം നഷ്ടപ്പെടുത്തരുത്. കാരണം ഓരോ ആളുകളുടെയും പ്രായവും ശരീരഘടനയും ആധാരമാക്കിയാണ് പരിശീലിപ്പിക്കേണ്ടത്. 

ആദ്യമായി ഒളശ അന്ധവിദ്യാലയത്തിലാണ് സുംബ പഠിപ്പിച്ചത്. ഇപ്പോഴും എല്ലാ ശനിയാഴ്ചയും അവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഷൈനിയ്ക്ക് ഇത് സോഷ്യല്‍ കമ്മിറ്റ്‌മെന്റു കൂടിയാണ്. അവസാനമായി ലോക ജലദിനത്തിനാണ് ഷൈനിയും കൂട്ടുകാരി ശിവാനിയും ചേര്‍ന്ന് കോട്ടയം പബ്ലിക് ലൈബ്രററിയി ബോധവല്‍ക്കരണ പരിപാടി നടത്തിയത്. അതുപോലെ തന്റെ പിറന്നാള്‍ ദിനത്തില്‍ സുംബാ ക്ലാസിലുള്ളവരോട് പഴയ വസ്ത്രങ്ങള്‍ കൊണ്ട് തനിക്ക് ഓരോ ബാഗ് ഉണ്ടാക്കി കൊണ്ടുവരാനാണ് ഷൈനി നിര്‍ദേശിച്ചത്. 70 ശതമാനം വിദ്യാര്‍ഥികളും ഷൈനിയ്ക്ക് ബാഗുകളുമായാണെത്തിയത്. ഇവരുടെ ക്രിയേറ്റിവിറ്റി വളര്‍ത്തുന്നതിനൊപ്പം പ്ലാസ്റ്റിക് ഉന്‍മൂലത്തിനുള്ള സന്ദേശം കൂടിയായിരുന്നു ആ ചോദിച്ചു വാങ്ങിയ സമ്മാനങ്ങള്‍ക്കു പിറകില്‍. ജീവിതശൈലി രോഗങ്ങള്‍ മനുഷ്യരില്‍ നിന്ന് തുടച്ചുമാറ്റുക എന്നതാണ് ഷൈനിയുടെ ലക്ഷ്യം... അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com