കാടും പാടവും പോയാലെന്താ.. ഇനി നമുക്ക് മയിലാട്ടം കാണാമല്ലോ

പശ്ചിമഘട്ടത്തിലെ പ്രകൃതിനാശവും തണ്ണീര്‍ത്തടങ്ങളുടെ ശോഷണവും ഈ നിലയില്‍ തുടര്‍ന്നാല്‍ താമസിയാതെ കേരളം ഇനി മയിലുകളാടും മാലിനി തന്‍ തീരം
കാടും പാടവും പോയാലെന്താ.. ഇനി നമുക്ക് മയിലാട്ടം കാണാമല്ലോ

കേരളം ഊഷരഭൂമി ആയി മാറുന്നതിന്റെ സൂചനയാണ് മയിലുകളുടെ എണ്ണത്തിലുള്ള വര്‍ധനയെന്ന് കാര്‍ഷിക സര്‍വകലാശാലാ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് നടത്തിയ പഠനം.

പശ്ചിമഘട്ടത്തിലെ പ്രകൃതിനാശവും തണ്ണീര്‍ത്തടങ്ങളുടെ ശോഷണവും ഈ നിലയില്‍ തുടര്‍ന്നാല്‍ താമസിയാതെ കേരളം ഇനി മയിലുകളാടും മാലിനി തന്‍ തീരം. 
കേരളം വരണ്ടുകൊണ്ടിരിക്കുന്നതിന്റെ ഫലമായിട്ടാണ് സംസ്ഥാനത്തെ മയിലുകളുടെ എണ്ണത്തിലുള്ള വര്‍ധനയെന്ന് കേരളാ കാര്‍ഷിക സര്‍വകലാശാല വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ സൂചന. കാലാവസ്ഥാ വ്യതിയാനവും മയിലുകളുള്‍പ്പെടെയുള്ള ചില പക്ഷികളുടെ എണ്ണത്തില്‍ കേരളത്തില്‍ കാണുന്ന വര്‍ധനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വൈല്‍ഡ് ലൈഫ് സ്റ്റഡീസ് തലവനായ പ്രഫ. നമീര്‍ പി.ഒയും സാന്‍ജോ ജോസുമടങ്ങുന്ന രണ്ടംഗസംഘമാണ് പഠനം നടത്തുന്നത്. പഠനത്തിന്റെ അവസാനരൂപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവരും. 
2011-ല്‍ പ്രസിദ്ധീകരിച്ച ബേഡ്‌സ് ഒഫ് കേരള-സ്റ്റാറ്റസ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ എന്ന പുസ്തകത്തില്‍ കേരളത്തിലെ വനപ്രദേശങ്ങളിലും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലും ഈ പക്ഷി കാണപ്പെടുന്നതായി പറയുന്നുണ്ട്. 
'കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി കേരളത്തില്‍ പലയിടത്തും ഈ പക്ഷിയെ കണ്ടുവരുന്നുണ്ട്. ഒരു അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതല്ലായിരുന്നു സ്ഥിതി.. തീര്‍ച്ചയായും ഇത് നല്‍കുന്നത് ശുഭസൂചനയല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് മയിലുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത് എന്ന വസ്തുതയാണ് മനസ്സിലാക്കാനാകുന്നത്. മയിലുകള്‍ സാധാരണയായി വരണ്ട ഭൂവിഭാഗങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്..'  നമീര്‍ ചൂണ്ടിക്കാട്ടി. 

പ്രഫ. നമീര്‍ പി.ഒ

പ്രശസ്ത പക്ഷിനിരീക്ഷകനായ സലിം അലി കൊച്ചി മഹാരാജാവിന്റെ അഭ്യര്‍ഥനപ്രകാരം നടത്തിയ പഠനത്തില്‍ ഈ പക്ഷിയെ കണ്ടതായി പറയുന്നില്ല. എന്നാല്‍ 1969-ല്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ മയിലുകളെ അപൂര്‍വമായി 1963-ല്‍ തൃശൂര്‍ മേഖലയില്‍ കണ്ടതായി പറയുന്നുണ്ട്. 
2012-ല്‍ പ്രസിദ്ധീകരിച്ച പമേല റമൂസെന്‍ എഴുതിയ ബേഡ്‌സ് ഒഫ് സൗത്ത് ഏഷ്യ- ദ റിപ്ലി ഗൈഡ് എന്ന പുസ്തകത്തില്‍ ഇന്ത്യയിലുടനീളം വരണ്ട നിമ്‌നഭൂമിയില്‍ ഈ പക്ഷിയെ കണ്ടുവരുന്നതായി പറയുന്നു. 
'കാലാവസ്ഥാവ്യതിയാനം ആണ് ഇതിലെ പ്രധാന ഘടകമെന്നാണ് മനസ്സിലാക്കേണ്ടത്..' നമീര്‍ ചൂണ്ടിക്കാട്ടുന്നു. 1950നും 1916നുമിടയില്‍ 0.66 ഡിഗ്രി സെല്‍ഷ്യസാണ് കേരളത്തിലെ താപനിലയില്‍ വര്‍ധനയുണ്ടായത്. ഓരോ വര്‍ഷവും 0.01 ഡിഗ്രി വര്‍ധന താപനിലയില്‍ സംഭവിക്കുന്നതുകൊണ്ട് 2051- ആകുമ്പോഴേക്കും സ്ഥിതി കൂടുതല്‍ ഗുരുതരമാകും. 
പശ്ചിമഘട്ടത്തിലെ വനനശീകരണവും അനിയന്ത്രിതമായ തണ്ണീര്‍ത്തടങ്ങളുടെ ശോഷണവുമാണ് ഡക്കാന്‍ പീഠഭൂമിയിലേതതിന് സമാനമായ രീതിയില്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ പടരാന്‍ കാരണമെന്നാണ് സൂചിപ്പിക്കുന്നത്. 
'സാധാരണയായി മയിലുകള്‍ ഈര്‍പ്പവും പച്ചപ്പും നിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കുന്നവയല്ല. കേരളത്തിന്റെ സവിശേഷതയായ ഈ രണ്ടുഗുണങ്ങളും വലിയ തോതില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് മയിലുകളുടെ എണ്ണത്തിലെ വര്‍ധനയെന്നതുതന്നെയാണ് സൂചന..' നമീര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com