ഇറുകിയ ജമ്പറും കടുംനിറത്തിലുള്ള ഫ്രോക്കും ധരിച്ച് ഇപ്പോള്‍ഇവിടെ നിന്നാരും വിളിക്കുന്നില്ല

മുംബൈ നഗരത്തോട് ചേര്‍ത്ത് എന്നും പറയുന്ന കാമാഠിപ്പുര ഇന്ന് പഴയ ചിഹ്നങ്ങള്‍ കുടഞ്ഞെറിയാനുള്ള ശ്രമത്തിലാണ് 
ഇറുകിയ ജമ്പറും കടുംനിറത്തിലുള്ള ഫ്രോക്കും ധരിച്ച് ഇപ്പോള്‍ഇവിടെ നിന്നാരും വിളിക്കുന്നില്ല

മുംബൈ സെന്‍ട്രലിലെത്തുമ്പോള്‍ സമയം വൈകീട്ട് ഏഴിനോടടുത്തിരുന്നു. ഒരു നീണ്ട വാചകത്തില്‍നിന്നു വാക്കുകള്‍ ഉതിരുന്നതുപോലെ സബര്‍ബന്‍ ട്രെയിനില്‍നിന്ന് പ്‌ളാറ്റ്‌ഫോമിലേയ്ക്ക് ആളുകള്‍ ചിതറിവീണു. സ്റ്റേഷനും കടന്ന് കാമാഠിപുര ലക്ഷ്യമാക്കി നടന്നു. ഒരു ചെറിയ മഴ ചാറി. മഹാനഗരത്തില്‍ ഇക്കാലത്ത് മഴ പതിവില്ല. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് സ്റ്റേഷന്‍ പിന്നിട്ട് റഹ്മാനിയ ഹോട്ടലിന് എതിര്‍വശത്തുള്ള വിശാലമായ കാമാഠിപുര റോഡിലേയ്ക്കു തിരിഞ്ഞു. ഹോട്ടലില്‍നിന്ന് 'ഗജ്‌രാരേ, ഗജ്‌രാരേ കാലേ കാല നയ്‌ന' എന്ന ഗാനം അപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഒരുകാലത്ത് ഒരു രൂപ നാണയമിട്ടാല്‍ എല്‍വിസ്‌പ്രെസ്‌ലി മുതല്‍ കിഷോര്‍കുമാര്‍ വരെയുള്ളവരുടെ ഗാനങ്ങള്‍ നമ്മെ പാടികേള്‍പ്പിച്ചിരുന്ന ജൂക് ബോക്‌സ് എന്ന യന്ത്രവിശേഷം ഇപ്പോള്‍ പോയ്മറഞ്ഞിരിക്കുന്നു.
മഹാനഗരത്തിലെ പ്രധാന ചുവന്നതെരുവായ കാമാഠിപുരയില്‍ വലിയ തിരക്കൊന്നുമില്ല. വഴിവക്കില്‍ നിരത്തിയിട്ടിരിക്കുന്ന കയര്‍ മെടഞ്ഞ കട്ടിലുകളില്‍ അല്പ ചില ഘര്‍വാലികള്‍ (വേശ്യാഗൃഹ നടത്തിപ്പുകാരികള്‍) ചടഞ്ഞിരുന്ന് തമ്പാക്ക് (പുകയില) ചവയ്ക്കുന്നു. അവരുടെ കയ്യാളന്മാരായ ഗുണ്ടകളും പിമ്പുകളും വെടിപറഞ്ഞ് അലസമായി നീങ്ങുന്നുണ്ട്.
ഒന്നാംലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ലൈംഗികദാഹം തീര്‍ക്കാനായി ഭരണകൂടം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു ചെറിയ വാടക മാത്രം ഈടാക്കി ലൈംഗികത്തൊഴിലാളികളെ ആകര്‍ഷിച്ചു. അന്നു ലോകത്തിലെ ഏറ്റവും പഴയ തൊഴിലിലേയ്ക്ക് ഇന്ത്യയുടെ നാനാഭാഗത്തുനിന്നും സ്ത്രീകളെത്തിയതായി എസ്. പുന്നേക്കറും കമലാറാവുവും ചേര്‍ന്നു രചിച്ച 'സ്റ്റഡി ഓഫ് പ്രോസ്റ്റിറ്റിയൂട്ട്‌സ് ഇന്‍ ബോംബെ' എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടകയിലെ 'യെല്ലമ്മ' (ദേവദാസി) സമ്പ്രദായത്തില്‍പ്പെട്ട് നട്ടം തിരിഞ്ഞ സ്ത്രീകളും കാമാഠിപുരയില്‍ ജീവിതമാര്‍ഗ്ഗം തേടിയെത്തിയതായി ആ പഠനത്തില്‍ വെളിപ്പെട്ടു. ഉദ്ദേശം ഒരുലക്ഷത്തിലേറെ ലൈംഗികത്തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നത്രെ. 
പതിനഞ്ചോളം ബൈലൈനുകള്‍ കാമാഠിപുരയിലുണ്ട്. ഇവിടെയുള്ള കെട്ടിടങ്ങള്‍ക്ക് പൊതുവെ മഞ്ഞച്ചായം പൂശിയിരിക്കുന്നു. ചിലതിന്റെ ജനലുകള്‍ക്കു നീലച്ചായമാണ് തേച്ചിരിക്കുന്നത്. അവയുടെ വാതില്‍നമ്പര്‍ ചുവന്ന ബള്‍ബുകള്‍കൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. പെട്ടന്നാകര്‍ഷിക്കാനുള്ള എളുപ്പവിദ്യ.
ചിലര്‍ ബാല്‍ക്കണിയില്‍നിന്ന്  ഗോഷ്ഠികള്‍ കാണിച്ചു വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് അധികമാരും ശ്രദ്ധിക്കുന്നില്ല. ഇറുകിയ ജമ്പറും മുട്ടോളമെത്തുന്ന കടുംനിറത്തിലുള്ള  പുള്ളികളുള്ള ഫ്രോക്കും ധരിച്ച, കൗമാരം വിട്ടുമാറാത്തവരും മധ്യവയസ്‌കരും ഇക്കൂട്ടത്തിലുണ്ട്. സിങ്ക്‌വൈറ്റും മറ്റു വിലകുറഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ധാരാളമായി പൂശിയ ആ മുഖങ്ങള്‍ ദൈന്യത ഉയര്‍ത്തും. 10x8 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മുറിയില്‍ 5 മുതല്‍ 8 പേര്‍ ഉറങ്ങുന്നു. മഴപെയ്താല്‍ പൊട്ടിയൊലിക്കുന്ന മേല്‍ക്കൂരയും അഴികള്‍ തുരുമ്പുപിടിച്ച ജനാലകളും വിസര്‍ജ്ജനവസ്തു പൊന്തുന്ന കക്കൂസും കൊതുകുകളുടെ സംഹാരതാണ്ഡവവും ഈ കെട്ടിടങ്ങളിലെ പതിവു കാഴ്ചയാണ്.
മഴ ശക്തമായി. ഞാനൊരു പാന്‍കടയുടെ അടുത്തേക്കു നീങ്ങി.  വീര്യം കൂടിയ ചാര്‍സൗബീസ് പാന്‍ വാങ്ങി വായിലിട്ടു ചവച്ചു. ഒരു ബസ്‌സ് വന്നുനിന്നു. അതില്‍ ആരും കയറാനോ ഇറങ്ങാനോ ഉണ്ടായിരുന്നില്ല. ഇവിടെ ബി.ഇ.എസ്റ്റി ബസ്സുകള്‍ സിനിമയില്‍ ഇടയ്ക്കിടെ വന്നു തലകാട്ടുന്ന അതിഥിതാരങ്ങളെപ്പോലാണ്. വല്ലപ്പോഴും മാത്രം വരുന്നു. അല്‍പ്പം ടാക്‌സികള്‍ പതുക്കെ സഞ്ചരിക്കുന്നുണ്ട്. തെരുവിലെ ഫ്‌ളൂറസന്റ് വിളക്കുകള്‍ക്കു താഴെ ഈയാം പാറ്റകള്‍ വട്ടമിട്ടു പറക്കുന്നു. മഴ പെയ്തതോടെ റോഡ് ചളിപിളിയായി. പാന്‍കട സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍നിന്ന് 'പൂമരംകൊണ്ട് കപ്പലുണ്ടാക്കി...' എന്ന ശ്രുതിമധുരമായ ഗാനം അന്തരീക്ഷം സംഗീതസാന്ദ്രമാക്കി. അന്തേവാസികളില്‍ ഒരു മലയാളിസാന്നിദ്ധ്യം ഉണ്ടെന്നു തോന്നുന്നു.
മുംബൈ ഡിസ്ട്രിക്റ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തക നന്ദിത ഠാക്കൂറിനെ ഞാന്‍ കാത്തുനിന്നു. മഴ മാറി. ഒരു ചെറു തെന്നല്‍ വീശി. ഒടുവില്‍ അവരെത്തി. നന്ദിതയ്ക്ക് വയസ്സ് 35 പ്‌ളസ് ആണ്. അല്‍പ്പം ഇരുണ്ട ശരീരം. കഴുത്തില്‍ സ്റ്റീല്‍ ചെയിനും കാതുകളില്‍ ലോലാക്കും കൈയില്‍ വാച്ചുമൊഴിച്ചാല്‍ മറ്റ് ആഭരണങ്ങളൊന്നുമില്ല. സാല്‍വാര്‍ കമ്മീസാണ് വേഷം. തോളില്‍ ഒരു തുണി സഞ്ചിയുമുണ്ട്. അവര്‍ സംസാരിക്കുമ്പോള്‍ ഒരു ചാനല്‍ അവതാരകയെപ്പോലെ ആംഗ്യവിക്ഷേപങ്ങള്‍ കാണിച്ചുകൊണ്ടിരുന്നു. വംഗസ്ര്തീസൗന്ദര്യത്തിന്റെ മൂര്‍ത്തിമത്ഭാവം. അല്‍പ്പനേരത്തെ കുശലപ്രശ്‌നത്തിനു ശേഷം ഞങ്ങള്‍ മെയിന്‍ റോഡ് ലക്ഷ്യമാക്കി നീങ്ങി. അവിടെയുള്ള രുചി ഹോട്ടലില്‍ കയറി. ഹോട്ടലില്‍ തിരക്കു തീരെ ഇല്ല.
കാമാഠിപുര സന്ദര്‍ശകര്‍ കുറഞ്ഞതാകാം അതിന്റെ കാരണങ്ങളിലൊന്ന്. ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു. ഹോട്ടല്‍ ബെയറര്‍ മെനുവിനു പകരം ഒരു തടിച്ച ഗ്രന്ഥം തന്നെ കൊണ്ടുവന്നുവച്ചു സ്ഥലം വിട്ടു. ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഫലൂദക്ക് കാത്തിരുന്നു.
എങ്ങനെയാണ് നന്ദിത സോഷ്യല്‍ വര്‍ക്കിലേക്ക് ആനയിക്കപ്പെട്ടത് എന്ന ചോദ്യത്തിന് കല്‍ക്കത്ത നിവാസിയായ അവര്‍  ഉത്തരം പറഞ്ഞതിങ്ങനെ:
''സോഷ്യോളജി ഐച്ഛിക വിഷയമെടുത്ത് പ്രസിഡന്‍സി കോളേജില്‍ എം.ഫില്‍ ചെയ്യുന്ന അവസരത്തില്‍ സോനാഗച്ചി എന്ന കല്‍ക്കത്ത ചുവന്നതെരുവിലെ ലൈംഗികത്തൊഴിലാളികളുടെ മക്കളെക്കുറിച്ച് പ്രോജക്ട് ചെയ്യാനായാണ് അവിടെ എത്തിയത്. ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് അവര്‍  വളര്‍ന്നിരുന്നത്. മതിയാംവണ്ണം ഭക്ഷണമോ മറ്റു സൗകര്യമോ ആ കുട്ടികള്‍ക്കുണ്ടായിരുന്നില്ല. മിക്കവരിലും എന്തെങ്കിലും മാരകമായ അസുഖങ്ങള്‍ ബാധിച്ചിരുന്നു. ആ കുട്ടികളുടെ ജീവിതം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അതോടെ ലൈംഗികത്തൊഴിലാളികളെക്കുറിച്ചു പഠിക്കാന്‍ താല്‍പ്പര്യമുദിച്ചു.' നന്ദിത പറയുന്നു. 

ചതിക്കപ്പെട്ട ജീവിതങ്ങള്‍


''ഇന്ത്യയില്‍ സ്ത്രീജീവിതം ആദിമുതല്‍ ഹനിക്കപ്പെട്ടതാണ്.' നന്ദിത ആമുഖമായി പറഞ്ഞു. ''കാമാഠിപുരയില്‍ എത്തുന്ന സ്ര്തീകള്‍ പലരും ചതിക്കുഴികളുടെ ഇരകള്‍ മാത്രം. സിനിമയില്‍ അഭിനയിക്കാനുള്ള തീവ്രമോഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു യുവതികളെ മഹാനഗരത്തിലെത്തിച്ചു. ഇവര്‍ അവസരം ലഭിക്കാതെ കറങ്ങിക്കറങ്ങി ഒടുവില്‍ ചുവന്നതെരുവില്‍ വന്നുപെട്ട കഥകള്‍ അനവധിയുണ്ട്. മൈമുന എന്ന കോഴിക്കോടുകാരിക്കു പതിനഞ്ചുവയസ്സുള്ളപ്പോള്‍ അധ്യാപകന്‍ പീഡിപ്പിച്ചു സ്‌നേഹിതര്‍ക്കു കൈമാറി. അവസാനം വേശ്യാത്തെരുവിലേക്കു വലിച്ചെറിഞ്ഞു. സോനം എന്ന യു.പിക്കാരിയെ ഇളയച്ഛന്‍ മഹാനഗരത്തില്‍ കൊണ്ടുവന്നു കാമാഠിപുരയിലെ ഘര്‍വാലിക്കു വിറ്റകഥ വേറെ. രണ്ടാനമ്മയുടെ കഠിനമര്‍ദ്ദനം സഹിക്കാനാകാതെ ഹൈദരബാദില്‍നിന്ന് ഒളിച്ചോടിയ സരസ്വതി എന്ന യുവതി ദാദര്‍ സ്റ്റേഷനിലെ ബഞ്ചില്‍ കിടന്നുറങ്ങവെ പൊലീസുകാര്‍ കൈക്കലാക്കി ബലാല്‍സംഗം ചെയ്ത് കാമാഠിപുരയില്‍ വിറ്റ വേറൊരു സംഭവവും ഈയടുത്ത് ഹിന്ദി ചാനലില്‍ വന്നിരുന്നു. 
കര്‍ണ്ണാടകയിലെ ഒരു ഗ്രാമത്തലവന്റെ നിയന്ത്രണത്തിലായിരുന്ന മല്ലിക ഒടുവില്‍ ശുക്‌ളാജി സ്ട്രീറ്റ് എന്ന ടോളറേറ്റഡ് ഏരിയയില്‍ ഘര്‍വാലി ചമഞ്ഞിരിക്കുന്നു. കാമുകനാല്‍ വഞ്ചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വഴിതെറ്റി വന്നവര്‍, തൊഴിലന്വേഷകര്‍ തുടങ്ങിയ വിവിധ ഭാഷകള്‍ സംസാരിക്കുന്ന കാമാഠിപുരയിലെ സ്ര്തീകളില്‍ ഇന്ത്യന്‍ സ്ര്തീ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ കാണാം' നന്ദിത ദീര്‍ഘശ്വാസമെടുത്തു. 
''മുംബൈയിലെ കാമാഠിപുര, കല്‍ക്കത്ത സോനാഗച്ചി, പുനെയിലെ ബുധ്‌വാര്‍പേഠ്, ഭാണ്ഡുപ്പിലെ സോനാപ്പൂര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മില്‍ പലരും നെറ്റിചുളിച്ചേക്കാം. പക്ഷേ, അവിടെയുള്ള സ്ര്തീകളുടെ ദീനരോദനം ആരറിയാന്‍? ഒരു സ്ര്തീ അല്ലെങ്കില്‍ ബാലിക സ്വമേധയാ പീഡനത്തിനു വിധേയമാകുന്നില്ല, അല്ലെങ്കില്‍ വേശ്യ ആകുന്നില്ല.  പണം, സാഹചര്യങ്ങള്‍, പലതരത്തിലുള്ള പ്രലോഭനങ്ങള്‍, ജോലിവാഗ്ദാനം തുടങ്ങിയവ അതിനു ചൂട്ടുപിടിക്കുന്നു. ആവാഹന്‍, ആശ മഹിളാ സമസ്യ, ഡിസൈര്‍ തുടങ്ങിയ പല എന്‍ജിഒകളും പ്രവര്‍ത്തനനിരതരാണെങ്കിലും ഈ സ്ര്തീകളെ തങ്ങളുടെ പഴയ തൊഴിലില്‍നിന്നു പിന്‍തിരിപ്പിക്കുക ഏറെ ദുഷ്‌കരമാണ്.' നന്ദിതാ ഠാക്കൂറിന്റെ വാക്കുകളില്‍ അല്‍പ്പം നിരാശ കലര്‍ന്ന മട്ട്. അവര്‍ തുടര്‍ന്നു: ''ചുവന്നതെരുവില്‍ അകപ്പെട്ടാല്‍ ഒരിക്കലും പുറംലോകം കാണാന്‍ ഘര്‍വാലികളും ഗുണ്ടകളും അനുവദിക്കണമെന്നില്ല.'
ഉദാഹരണമായി നന്ദിത ഒരു സംഭവം പറഞ്ഞു: ''പൂത്തിരി കത്തി, ചിറകുവിടര്‍ത്തി പാറിനടന്ന ബാല്യകാലമായിരുന്നു തുള്‍സിതാപ്പയുടേത്. നീപ്പാളില്‍നിന്ന് കങ്കാണി ഗൃഹജോലി വാഗ്ദാനം ചെയ്ത് അവളെ മഹാനഗരത്തിലെത്തിച്ചു. അവസാനം വന്നുപെട്ടത് കാമാഠിപുരയില്‍. ഘര്‍വാലി മധുരപലഹാരങ്ങളും പുതുവസ്ര്തങ്ങളും നല്‍കി തുളസിയെ മയക്കാന്‍ ശ്രമിച്ചു. കൂട്ടാക്കാതായപ്പോള്‍ ജനലുകളില്ലാത്ത ഒറ്റമുറിയില്‍ അടച്ചുപൂട്ടി. ഭക്ഷണമോ പച്ചവെള്ളം പോലുമോ അവള്‍ക്കു നല്‍കിയില്ല. എന്നിട്ടും കാര്യം സാധിക്കാതായപ്പോള്‍ നാലാംമുറയായി. ഘര്‍വാലികള്‍ വന്‍തുക വാങ്ങി 'പര്‍ദ്ദതോട്‌ന' (ചര്‍മ്മം പൊട്ടിക്കല്‍) പരിപാടിക്കായി ഒരു സേഠിനെ വിളിച്ചുവരുത്തി. മദ്യപിച്ച് ലക്കുകെട്ട സേഠിനേയും ഉച്ചമയക്കത്തിലായിരുന്ന ഘര്‍വാലിയടക്കമുള്ള അന്തേവാസികളേയും വെട്ടിച്ച് തുള്‍സി ഓടിയോടി ബൈക്കുളയിലെത്തിയെങ്കിലും തേടിവന്ന ഗുണ്ടകള്‍ അവളെ പൊക്കിയെടുത്തു കാമാഠിപുരയില്‍ത്തന്നെ എത്തിച്ചു.'
'ഒരു നീപ്പാളി പെണ്‍കുട്ടിയെ കൈകാലുകള്‍ ഛേദിച്ച നിലില്‍ നെറൂള്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ട്രാക്കില്‍ ബോധമറ്റു കിടക്കുന്നതു കണ്ടെത്തി' എന്നു പത്രങ്ങള്‍ പിറ്റേന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ വാര്‍ത്ത പിന്നീട് ആരോ പണം കൊടുത്തു മൂടി. 
''വൈകീട്ട് 6 മണിക്കുശേഷം പുലര്‍ച്ച 2 മണിവരെയെങ്കിലും ചുവന്ന തെരുവില്‍ 'ദന്തേ കാ ടൈം' (ബിസിനസ്‌സ് സമയം) ആണ്. വയോവൃദ്ധര്‍ മുതല്‍ യൗവ്വനാരംഭത്തിലുള്ള യുവാക്കള്‍ വരെ ഇവിടം സന്ദര്‍ശിക്കുന്നതായി കാണാം. അതുകൊണ്ട് ഞങ്ങളെപ്പോലുള്ളവരുടെ പ്രവര്‍ത്തനം രാവിലെ പത്തിനു ശേഷം ആരംഭിക്കുന്നു. പാവപ്പെട്ട സെക്‌സ് വര്‍ക്കേഴ്‌സിനെ ബോധവല്‍ക്കരിക്കാന്‍ പ്രയാസമാണെന്നു ആദ്യം തോന്നിയിരുന്നു. ലൈംഗികത്തൊഴിലാളികളോട് അവിടെ വരുന്ന പുരുഷന്‍മാരെ നിര്‍ബ്ബന്ധിച്ച് ഗര്‍ഭനിരോധന ഉറകള്‍ ധരിപ്പിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പത്രപരസ്യങ്ങളും പോസ്റ്ററുകളും തെരുവു നാടകങ്ങളും കാമാഠിപുരയില്‍ പതിവായി നടത്തിപ്പോന്നു. പത്രങ്ങള്‍ കുറഞ്ഞ പരസ്യക്കൂലിയില്‍ പ്രാമുഖ്യം നല്‍കി പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ ഉറകള്‍ ധരിക്കാതെ പുരുഷന്മാര്‍ ചുവന്ന തെരുവില്‍ സ്ര്തീകളുമായി ബന്ധപ്പെടാറില്ല എന്നു മനസ്സിലാക്കുന്നു.' ഒരു ചോദ്യത്തിന് ഉത്തരമായി നന്ദിത വിശദീകരിച്ചു.
ഇര്‍വിങ്ങ്‌വാലസും ഹരോള്‍ഡ് റോബിന്‍സും വായിച്ച് ഹരംകൊണ്ടു നടന്ന ബാംഗ്‌ളൂരിലെ സമ്പന്ന കുടുംബത്തില്‍ പിറന്ന ബിരുദധാരിയായ സുജാത (യഥാര്‍ത്ഥ പേരല്ല) കാമുകന്റെ സുന്ദരമോഹന വിവാഹ വാഗ്ദാനത്തില്‍ മയങ്ങി വീട്ടില്‍നിന്ന് ഒളിച്ചോടി മുംബൈയിലെത്തി. വാടകമുറിയിലെ അത്യന്തം ആഹ്‌ളാദകരമായ ജീവിതം. എന്നാല്‍ അധികനാള്‍ നീണ്ടുനിന്നില്ല. ആദ്യം അവളുടെ മോതിരങ്ങളും പിന്നെ ലോലാക്കുകളും അതിനുശേഷം നെക്‌ലേസുകളും ഊരിവിറ്റ് ചെലവുകള്‍ നടത്തി. പണം തീര്‍ന്നപ്പോള്‍ അയാള്‍ സ്‌നേഹിതരെന്നു പറയുന്നവരെ വാടകമുറിയിലേക്കു കൊണ്ടുവരാന്‍ തുടങ്ങി. പ്രലോഭിപ്പിച്ചും ഒടുവില്‍ അടിച്ചും ഇടിച്ചും തൊഴിച്ചും സുജാതയെ പീഡിപ്പിച്ച് അയാള്‍ അതിഥികള്‍ക്കു കാഴ്ചവച്ച് പോക്കറ്റ് നിറച്ചു. വീട്ടുകാര്‍ സുജാതയെ പടിയടച്ചു പിണ്ഡം വെച്ച വാര്‍ത്തയും അവളറിഞ്ഞു. ഒടുവില്‍ ഗ്രാന്റ് റോഡിലെ പീലാ ഹൗസില്‍ എത്തിച്ചേര്‍ന്ന സുജാത ഒരു ചാപിള്ളയെ പ്രസവിച്ചു.
ഇപ്പോള്‍ നാല്പതു കഴിഞ്ഞ സുജാത വേശ്യാവൃത്തി ഉപേക്ഷിച്ചിരിക്കുന്നു. ബൈക്കുളയിലെ ചാളുകളൊന്നില്‍ താമസിക്കുന്ന അവര്‍ പകല്‍ 'ലിജ്ജത്ത്' പപ്പടമുണ്ടാക്കുന്ന മഹിളാസംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുള്ളപ്പോള്‍ ഗ്രാന്റ് റോഡ് പരിസരത്തും മുംബൈ ഡിസ്ട്രിക്റ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ എച്ച്.ഐ.വി ബോധവല്‍ക്കരണ ശ്രമങ്ങളില്‍ ഭാഗഭാക്കുമാണ്. സുജാതയുടേയും മറ്റനേകം സ്ത്രീകളുടേയും മനഃപരിവര്‍ത്തനം നന്ദിതയെപ്പോലുള്ളവരുടെ ആശ്രാന്തപരിശ്രമങ്ങള്‍ സമ്മാനിച്ച മധുരിപ്പിക്കുന്ന ഫലമാണ്.
രുചി ഹോട്ടലില്‍ തിരക്കേറിയപ്പോള്‍ ഞങ്ങള്‍  പുറത്തിറങ്ങി. ''നമുക്ക് എന്റെ ഫ്‌ളാറ്റില്‍ പോകാം.' നന്ദിത പുറത്തിറങ്ങി ടാക്‌സിക്കു കൈകാണിച്ചു. വൃദ്ധനായ ടാക്‌സി ഡ്രൈവര്‍ ചോദിച്ചു: ''കഹാം ജാനാ ഹേ സാബ്?' സുജാത പറഞ്ഞു: ''ബൈക്കുള സേവാസദന്‍ ലൈന്‍.' സമയം എട്ടു കഴിഞ്ഞിരിക്കുന്നു. സേവാസദന്‍ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള ഗീതാഞ്ജലി അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലാണ് നന്ദിത സ്‌നേഹിതനുമൊത്തു താമസിക്കുന്നത് 'ലിവിങ്ങ് ടുഗതര്‍'. അവര്‍ താക്കോലെടുത്ത് ഫ്‌ളാറ്റ് തുറന്നു. ഫര്‍ണീച്ചറും മറ്റു വസ്തുസാമഗ്രികളും ചിട്ടയോടെ സ്ഥാനം പിടിച്ചിരിക്കുന്നു.

പീഡനം, പിന്നെ അവഹേളനം


''ഞാന്‍ ഇവിടെ വരുമ്പോള്‍ കാമാഠിപുരയില്‍ ലൈംഗിക ദാഹം ശമിപ്പിക്കാന്‍ വരുന്നവരുടെ എണ്ണം കണക്കാക്കാന്‍ പ്രയാസമായിരുന്നു. എന്നാല്‍ പത്തുവര്‍ഷത്തിനുശേഷം സ്ഥിതിഗതികള്‍ ആകെ മറിയിരിക്കുന്നു. ഗ്രാമങ്ങളില്‍നിന്നു വരുന്ന ചില തൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ ഇപ്പോഴും ഇടയ്ക്കിടെ കാണാമെങ്കിലും എച്ച്.ഐ.വി ഒരു മാരകരോഗമാണെന്നു ജനം മനസ്‌സിലാക്കിയിട്ടുണ്ട്. ആദ്യകാലത്ത് ഈ ചുവന്നതെരുവ് ഇടനിലക്കാരുടേയും ഗുണ്ടകളുടേയും വിളനിലമായിരുന്നു. ഇവിടെ പിടിച്ചുപറി മുതല്‍ കൊലപാതകം വരെ നിത്യസംഭവമായിരുന്നു. ഇന്ന് അതൊരു പഴങ്കഥയായി.'
''ലൈംഗികത്തൊഴിലാളികള്‍ക്കിടയിലുള്ള ഞങ്ങളുടെ മനഃശാസ്ത്രപരമായ കൗണ്‍സിലിങ്ങ് ഒരു പരിധിവരെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.' അവര്‍ പറയുന്നു.
''സ്ത്രീജീവിതം ഇന്ത്യയില്‍ പൊതുവെ സുരക്ഷിതമല്ല. ഞങ്ങളെപ്പോലുള്ളവര്‍ 'പെപ്പര്‍ സ്‌പ്രേ' അടക്കമുള്ള പ്രതിരോധ ഉപകരണങ്ങള്‍ കരുതിയാണ് സഞ്ചരിക്കുക. ഓഫീസില്‍, ജോലിസ്ഥലങ്ങളില്‍, വീട്ടില്‍, സ്‌കൂളില്‍, കോളേജുകളില്‍ അങ്ങനെ മിക്ക സ്ഥലങ്ങളിലും സ്ത്രീകള്‍ അപമാനിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. 'റേപ്പ്കള്‍ച്ചര്‍' എന്നതിനെ ചുരുക്കിപ്പറയാം. സ്ത്രീയെ കീഴടക്കാനുള്ള ശാരീരിക ശക്തി പുരുഷന്‍ ദുര്‍വിനിയോഗം ചെയ്യുന്നതാണ് കാരണം. സ്ത്രീകള്‍ അബലകളെന്നു പൊതുസങ്കല്‍പ്പവും പുരുഷമേധാവിത്വത്തിന് ആക്കം കൂട്ടുന്നു.' നന്ദിത ശക്തമായി തുറന്നടിച്ചു. ''മനുസ്മൃതി പഠിപ്പിച്ചതങ്ങനെയാണ്. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതി. അതിനാല്‍ത്തന്നെ പുരുഷന്‍ സ്ത്രീ ജീവിതത്തില്‍ വെന്നിക്കൊടി പാറിക്കുന്നു. സ്ത്രീധനം, വിവാഹച്ചെലവ് തുടങ്ങിയവ മാതാപിതാക്കളുടെ പിരടിക്കു വീഴുമ്പോള്‍ മകള്‍  'പരായധന്‍' (അന്യരുടെ സ്വത്ത്) എന്നാണ് വിവക്ഷിക്കുന്നത്. നാലെണ്ണമടിച്ചു രണ്ടുകാലില്‍ നേരെനിന്നു നാലുവര്‍ത്തമാനം പറയുന്ന പുരുഷനെ ഇഷ്ടപ്പെടുന്ന സ്ര്തീകളും ഉള്ളതാണ് നമ്മുടെ സമൂഹം.
ബലാല്‍സംഗത്തിനിരയായ സ്ത്രീ (ഇര എന്നാണ് പത്രഭാഷ) നിയമത്തിനു മുന്നിലും അവഹേളിക്കപ്പെടുന്നു. 80 ശതമാനം റെക്കോഡ് ചെയ്ത കേസ്സുകളിലും പുരുഷന്‍ രക്ഷപ്പെടുന്നതായി നാം കാണുന്നു. തെളിവുകളുടെ അഭാവം, സാക്ഷികളുടെ കൂറുമാറ്റം തുടങ്ങിയവ ഇതിനു കാരണങ്ങളാകാം. എങ്കിലും ഹനി്ക്കപ്പെടുന്നതു സ്ത്രീത്വമാണ്. നന്ദിത ഒന്നു നിര്‍ത്തി ചൂടാറായ കോഫി ഒന്നുകൂടെ ചുണ്ടോടടുപ്പിച്ചു. നേരം വൈകിയെങ്കിലും മാനം തെളിഞ്ഞിരിക്കുന്നു. അങ്ങകലെ ആകാശത്തു ചെറിയ നക്ഷത്രങ്ങള്‍. ഞാന്‍ നന്ദിതയോടു യാത്രപറഞ്ഞിറങ്ങി. 
ലൈംഗികത്തൊഴിലാളികളുടേയും പുനരധിവാസത്തിന് മുംബൈ ഭരണകൂടം വര്‍ളിയില്‍ ഒരു മന്ദിരം തുറന്നിട്ടുണ്ട്. പപ്പടം, മെഴുകുതിരി, സോപ്പ് നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ മുംബൈ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പരിശീലനം നല്‍കിവരുന്നു. പക്ഷേ, സോഷ്യല്‍ 'സ്റ്റിഗ്മ' എന്ന സാമൂഹ്യപ്രതിബന്ധം ലൈംഗികത്തൊഴിലാളികളെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കുന്നില്ല എന്നതാണ് സത്യം. ഒരു വേശ്യാസ്ര്തീയെ ജോലിക്കെടുക്കാന്‍ സമൂഹം താല്‍പ്പര്യപ്പെടുന്നില്ല. കൂടാതെ അവരുടെ മക്കളെ സമൂഹം സാധാരണ കുട്ടികളില്‍നിന്നു മാറ്റിനിര്‍ത്തുന്നു. അതുകൊണ്ട് പിമ്പുകളായോ ഗുണ്ടകളായോ ആ കുട്ടികള്‍ മാറുന്നതു സ്വാഭാവികം. മുനിസിപ്പാലിറ്റി സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം കുട്ടികള്‍ സ്‌കൂളുകളുടെ പടികയറാറില്ല എന്ന് ഈ അന്വേഷണം കണ്ടെത്തി. 
എന്നാല്‍ പൊതുവെ പറഞ്ഞാല്‍ കാമാഠിപ്പുരിയിലെ 'ലൈംഗികക്കച്ചവടം' തകര്‍ന്ന നിലയിലാണ്. പ്രവര്‍ത്തനനിരതയും അര്‍പ്പണമനോഭാവക്കാരിയുമായ നന്ദിത ഠാക്കൂറിനെപ്പോലുള്ളവരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം മൂലമാണ് ഇതെന്ന് അടിവരയിട്ടു പറയാം.
''റേസറുകള്‍, യോനീസ്രവം, ശുക്‌ളം, രക്തം, ഇന്‍ജക്ഷന്‍ സിറിഞ്ചുകള്‍ ചിലപ്പോള്‍ ഗാഢചുംബനം എന്നിവയിലൂടെ എച്ച്.ഐ.വി. ബാധിക്കാം.' പ്രശസ്ത ത്വക് രോഗവിദഗ്ദ്ധന്‍ ഡോക്ടര്‍ ചേതന്‍ ഒബറോയ് അഭിപ്രായപ്പെട്ടു. എച്ച്.ഐ.വി ബാധിതയായ ഗര്‍ഭിണിവഴിയും കുഞ്ഞിനു രോഗം പകരാം. ലൈംഗികത്തൊഴിലാളികള്‍ മുംബൈ കോര്‍പ്പറേഷന്‍ വക സൗജന്യ മെഡിക്കല്‍ പരിശോധനയ്ക്കു വല്ലപ്പോഴും തയ്യാറാകുന്നുണ്ടെങ്കിലും ഇത്തരം സാധാരണ പരിശോധനയിലൂടെ എച്ച്.ഐ.വി അണുബാധ കണ്ടെത്താനാകുകയില്ല. ഇവിടെയുള്ള മിക്ക സ്ര്തീകളിലും ക്ഷയം, ലൈംഗിക രോഗങ്ങള്‍, ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ എന്നിവയും കണ്ടുവരുന്നു. ഗ്രാന്റ്‌റോഡ്, കാമാഠിപുര തുടങ്ങിയ സ്ഥലങ്ങളിലുള്ള വ്യാജഡോക്ടര്‍മാര്‍ ലൈംഗികത്തൊഴിലാളികളെ മുതലെടുക്കുന്നുണ്ടെന്നുകൂടി നാം ഓര്‍ക്കണം.
ഏതായാലും ചുവന്നതെരുവ് സന്ദര്‍ശകര്‍ താരതമ്യേന കുറഞ്ഞിട്ടുണ്ടെന്നു വ്യക്തം. മുംബൈ ഡിസ്ട്രിക്റ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വക്താവ് കാഠ്കര്‍, വേശ്യാത്തെരുവിലെ അന്തേവാസികളുടെ സംഖ്യ ആറായിരത്തോളം മാത്രമാണെന്ന് അവകാശപ്പെടുന്നു. അതായത് ആദ്യമുണ്ടായിരുന്നതിന്റെ 6 ശതമാനം മാത്രം.
പിടിച്ചുപറിയും ഗുണ്ടാവിളയാട്ടവും വിട്ടകന്ന കാമാഠിപുരയില്‍ ഭരണകൂടം വഴിയെ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പണിയാനാണ് ഉദ്ദേശ്യമെന്ന് കാഠ്കര്‍ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ അവശേഷിക്കുന്ന ലൈംഗികത്തൊഴിലാളികള്‍ എന്തുചെയ്യുമെന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com