മൗഗ്ലി ഗേളിനെ വളര്‍ത്തിയത് കുരങ്ങുകളല്ല; കുട്ടിക്ക് മാനസിക അസ്വാസ്ഥ്യമായിരിക്കാമെന്ന് വിദഗ്ധര്‍

കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനെ തുടര്‍ന്ന് ഒരുപക്ഷെ മാതാപിതാക്കള്‍ തന്നെ കുട്ടിയെ വനത്തില്‍ ഉപേക്ഷിച്ചതായിരിക്കാനും സാധ്യതയുണ്ട്
മൗഗ്ലി ഗേളിനെ വളര്‍ത്തിയത് കുരങ്ങുകളല്ല; കുട്ടിക്ക് മാനസിക അസ്വാസ്ഥ്യമായിരിക്കാമെന്ന് വിദഗ്ധര്‍

ഉത്തര്‍പ്രദേശിലെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം വനത്തില്‍ നിന്നും കണ്ടെത്തിയ പത്തുവയസുകാരിയാണ്. മൗഗ്ലിയെന്നാണ് ഇവളെ എല്ലാവരും വിളിക്കുന്നതെങ്കിലും വനദുര്‍ഗയെന്ന പുതിയ പേരാണ് അധികൃതര്‍ ഇവള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കുരങ്ങുകളുടെ സംരക്ഷണയിലായിരിക്കില്ല കുട്ടി വളര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍ ഇപ്പോള്‍.

വനത്തില്‍ അകപ്പെട്ട് പോയതിന് ശേഷം കുട്ടി വിഷാദരോഗത്തിലേക്ക് വഴുതിവീണിരിക്കാമെന്ന് പ്രമുഖ മനഃശാസ്ത്ര വിദഗ്ധനായ ഡോ.ഡേവിഡ് പറയുന്നു. വിഷാദാവസ്ഥയിലായിരിക്കാം കുട്ടി പിന്നീട് സ്ഥലകാല ബോധമില്ലാതെ കുരങ്ങുകളെ അനുകരിക്കാന്‍ ആരംഭിച്ചത്. ഈ പ്രായത്തിലുള്ള മറ്റ് കുട്ടികളും ഇങ്ങനെ അനുകരിക്കുന്നത് സ്വാഭാവികമാണ്.

ബിഹേവിയറല്‍ തെറാപ്പി പോലുള്ള ചികിത്സയിലൂടെ കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും. മാനസീകസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടി ചിലപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി വനത്തിലേക്ക് പോയതായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. ഡേവിഡ് പറയുന്നു. 

ജനുവരി 25നാണ് കുട്ടിയെ പൊലീസ് വനത്തില്‍ നിന്നും രക്ഷിക്കുന്നത്. ജനുവരിയില്‍ തന്നെയായിരിക്കാം പെണ്‍കുട്ടി വനത്തില്‍ പെട്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുട്ടി വനത്തില്‍ കുരങ്ങുകളുടെ സംരക്ഷണയിലായിരിക്കാം കഴിഞ്ഞതെന്ന വാദം ഉത്തര്‍പ്രദേശ് വനം വകുപ്പ് ഉദ്യോഗസ്ഥരും തള്ളിയിട്ടുണ്ട്. വനപാലകരുടേയും, വനത്തില്‍ സ്ഥാപിച്ചിട്ടുള്ള നൂറിലധികം സുരക്ഷാ ക്യാമറകളുടേയും ശ്രദ്ധയില്‍പ്പെടാതെ കുട്ടി വനത്തില്‍ കഴിഞ്ഞതെങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. 

കുട്ടിയെ കണ്ടെടുത്ത വനമേഖലയില്‍ കുരങ്ങുകളുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് സംഘത്തിലെ ഒരു ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കുട്ടിക്ക് നേരത്തെ മാനസീക പ്രശ്‌നമുണ്ടായിരുന്നു എന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതിനെ തുടര്‍ന്ന് ഒരുപക്ഷെ മാതാപിതാക്കള്‍ തന്നെ കുട്ടിയെ വനത്തില്‍ ഉപേക്ഷിച്ചതായിരിക്കാനും സാധ്യതയുണ്ട്.

കുട്ടിക്ക് ഏതെങ്കിലും രീതിയിലുള്ള മാനസികാഘാതമോ, പീഡനമോ ഏറ്റതിലൂടെയാണോ ഇതുപോലൊരു മാനസികാവസ്ഥയിലേക്ക് എത്തപ്പെട്ടതെന്നും കണ്ടെത്തേണ്ടതുണ്ട്. ബിഹേവിയറല്‍, ഇന്റലിജന്‍സ് കമ്യൂണിക്കേഷന്‍ ടെസ്റ്റിലൂടെ മാനശാസ്ത്ര വിദഗ്ധര്‍ക്ക് ഇതറിയാന്‍ സാധിക്കും.

നാലു കാലില്‍ നടന്നിരുന്നതിന് പുറമെ കൈ ഉപയോഗിക്കാതെ കുരങ്ങുകളുടേതിന് സമാനമായി വായകൊണ്ടായിരുന്നു ഈ പെണ്‍കുട്ടിയും ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി ഇപ്പോള്‍ രണ്ട് കാലില്‍ നടക്കാന്‍ ആരംഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com