കലംകാരിയും ഇക്കട്ടും നഗരങ്ങളുടെ സ്വന്തമല്ലെന്ന് സുബേദ

ഈ പ്രായത്തിലിനി എന്ത് തുടങ്ങാനാ.. എന്ന് പറഞ്ഞ് പലരും പിന്‍വാങ്ങുന്ന ഘട്ടത്തില്‍ സുബേദ സ്ത്രീകള്‍ക്കു വേണ്ടി പുതിയൊരു സംരംഭവുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.
സുബേദ ജോസ് തന്റെ കടയില്‍(വലത്)
സുബേദ ജോസ് തന്റെ കടയില്‍(വലത്)

എസ്ബിടി ബാങ്ക് മാനേജരായിരുന്ന സുബേദ അഞ്ചു വര്‍ഷത്തെ സര്‍വീസ് അവശേഷിക്കേ വളന്ററി റിട്ടയര്‍മെന്റ് എടുത്തത് വെറുതെ ഇരിക്കാനായിരുന്നില്ല. ഇപ്പോള്‍ തൊടുപുഴ ഈസ്റ്റ് മങ്ങാട്ട് കവലയില്‍ കലംകാരി എന്ന പേരില്‍ സ്വന്തമായൊരു ബ്യൂട്ടിക് നടത്തുകയാണീ തൊടുപുഴക്കാരി. ഈ പ്രായത്തിലിനി എന്ത് തുടങ്ങാനാ.. എന്ന് പറഞ്ഞ് പലരും പിന്‍വാങ്ങുന്ന ഘട്ടത്തില്‍ സുബേദ സ്ത്രീകള്‍ക്കു വേണ്ടി പുതിയൊരു സംരംഭവുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്. സുബേദയെക്കൂടാതെ വേറെ മൂന്ന് സ്ത്രീകളാണ് കലംകാരിയില്‍ ജോലി ചെയ്യുന്നത്. 

തൊടുപുഴ പോലൊരു ചെറിയ നഗരത്തില്‍ കലംകാരിയും ഇക്കട്ടും മറ്റു കണ്ടംപററി വസ്ത്രങ്ങളൊന്നും അത്ര സുലഭമല്ല എന്ന് പറയേണ്ടതില്ലല്ലോ... അവിടെയുള്ളവരെല്ലാം വ്യത്യസ്തമായ ഷോപ്പിങ്ങിന് എറണാകുളത്താണ് വരുന്നത്. അതുകൊണ്ടുകൂടിയാണ് സുബേദ തന്റെ കട എതിനിക് തുണിത്തരങ്ങള്‍ കൊണ്ട് നിറച്ചത്. പുറത്തുള്ളതിന്റെ 600- 700 രൂപ വ്യത്യാസത്തില്‍ ഇവിടെ കലംകാരി സാരികള്‍ മനസിനിണങ്ങുന്ന ഡിസൈനില്‍ ലഭ്യമാണ്. സാരിയും റണ്ണിങ്ങ് മെറ്റീരിയല്‍സും കുഞ്ഞുങ്ങളുടെ ഉടുപ്പുമാണ് കൂടുതലായും കലംകാരിയിലുള്ളത്. എടുക്കുന്ന തുണി ഇഷ്ടമുള്ള ഡിസൈനില്‍ അവിടെ തന്നെ തയ്പ്പിക്കാനുള്ള സൗകര്യവും സുബേദ ഒരുക്കിയിട്ടുണ്ട്.

സിന്ധുവിനും റംലയ്ക്കും ബെറ്റിയ്ക്കുമൊപ്പം സുബേദ
സിന്ധുവിനും റംലയ്ക്കും ബെറ്റിയ്ക്കുമൊപ്പം സുബേദ

1985ലാണ് സുബേദ ജോസ് എസ്ബിടിയില്‍ ജോയിന്‍ ചെയ്തത്. 31 വര്‍ഷം ജോലി ചെയ്തു. ഓഫീസറുടെ പോസ്റ്റില്‍ ഇരിക്കുമ്പോഴാണ് വോളന്ററി റിട്ടയര്‍മെന്റ് എടുക്കുന്നത്. ഫീല്‍ഡില്‍ അഡ്വാന്‍സ് ഓഫിസറുടെ ചുമതല കൂടിയുള്ളതുകൊണ്ട് രാവിലെ പോയാല്‍ രാത്രി എട്ടരയൊക്കെ ആയാലെ വീട്ടിലെത്തു. അവസാന സമയത്തൊക്കെ അമ്മ ഞായറാഴ്ചകളിലും ജോലിക്കു പോയിരുന്നെന്ന് സുബേദയുടെ മകള്‍ നജ്മ ജോസും പറയുന്നു. ജോലിയുടെ ഭാരം താങ്ങാനാവാതെയായപ്പോഴായിരുന്നു വിരമിക്കല്‍. മൂവാറ്റുപുഴയിലെ അസൈന്‍മെന്റ് കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് എടുക്കണമെന്ന് സുബേദ ആദ്യമേ കരുതിയിരുന്നു.  

24മത്തെ വയസിലാണ് ജോലി കിട്ടുന്നത്. ആദ്യത്തെ ജോലി എറണാകുളത്തെ കേരള സ്‌റ്റേറ്റ് ഹൗസിങ് ഫെഡറേഷനിലായിരുന്നു. ഒരു വര്‍ഷം തികയുമ്പോഴേക്കും ബാങ്കിലും കിട്ടി. ജോലി ചെയ്തിരുന്ന സമയം വളരെ ആത്മാര്‍ഥമായാണ് ജോലി ചെയ്തിരുന്നതെന്നും മാനേജര്‍ പോസ്റ്റില്‍ എത്തിയപ്പോള്‍ ബാങ്കിംഗ് ജോലി ഒരുതരം മടുപ്പായെന്നും അവര്‍ പറയുന്നു. ഇത് വിട്ട് വേറെന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ ശക്തമായപ്പോഴാണ് വോളന്ററി റിട്ടയര്‍മെന്റ് എടുക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം വെറുതെയായില്ല എന്ന് മാത്രമല്ല.. തൊടുപുഴക്കാര്‍ക്ക് വലിയ ഉപകാരമായി താനും.

ബ്യൂട്ടീക് എന്ന് കരുതി കലംകാരിയിലേക്ക് കയറാന്‍ ആര്‍ക്കും മടി വേണ്ട. എല്ലാ തരം സാമ്പത്തികാവസ്ഥകളും പരിഗണിച്ചുകൊണ്ടുള്ള പ്രൈസ് ടാഗുകളും ഇവിടെ കാണാന്‍ കഴിയും. തന്റെ അടുപ്പക്കാരെല്ലാം സാധാരണക്കാരാണ് ഞാനും ഒരു സാധാരണക്കാരിയാണ്.. അതുകൊണ്ട് അവര്‍ക്കുള്ളതുകൂടി ഞാന്‍ കരുതേണ്ടേ.. എന്നാണ് സുബേദ ചോദിക്കുന്നത്. എഴുന്നൂറ്റിയന്‍പത് സ്‌ക്വയര്‍ ഫീറ്റുള്ള കടയില്‍ പകുതി ഭാഗം തയ്യല്‍ ജോലികള്‍ക്കാണ്. ഭാക്കി ഭാഗത്ത് തുണികളും. സുബേദയുടെ ഒരു ചെറിയമ്മയുടെ മകള്‍ സിന്ധുവും അയല്‍ക്കാരി റംലയും പിന്നെ തയ്യല്‍ ജോലികള്‍ ചെയ്യാന്‍ ബെറ്റിയും അങ്ങനെ ഇവര്‍ നാലു സ്ത്രീകളാണ് കടയിലുളളത്.

2016 മെയ് 31 നായിരുന്നു ബാങ്കില്‍ നിന്ന് ഇറങ്ങിയത്. ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നതു കൊണ്ട് ജൂണ്‍ മുഴുവനും ബാങ്കില്‍ തന്നെയായിരുന്നു. ഓഗസ്റ്റിലാണ് ഈ ബിസിനസ് തുടങ്ങുന്നത്. താന്‍ സെലക്ട് ചെയ്യുന്ന ഡ്രസ്സിനോട് പൊതുവേ കൂട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു. അങ്ങനെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ നല്ല ആത്മവിശ്വാസമായി. അതുകൊണ്ട് തന്നെ കടയുടെ ആവശ്യത്തിന് ബാംഗ്ലൂരിലും ചെന്നൈലുമെല്ലാം പോയി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. കൊണ്ടുവരുന്ന വസ്ത്രങ്ങളെല്ലാം ഉടന്‍ തന്നെ വിറ്റു പോകുന്നുമുണ്ട്. 

യാതൊരു ബിസിനസ് പാരമ്പര്യവും ഇല്ലാത്ത ഒരു സ്ത്രീ ഇങ്ങനെ ഒരു സംരംഭവുമായി ഇറങ്ങിയപ്പോള്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന കുഞ്ഞു പ്രശ്‌നങ്ങളൊക്കെ സുബേദയ്ക്കും നേരിടേണ്ടി വന്നു. ബിസിനസ് എന്നൊക്കെ പറഞ്ഞപ്പോള്‍ എങ്ങനെയാകും, എന്താകും എന്നൊക്കെ ഒരു ടെന്‍ഷന്‍ കുടുംബത്തിനുണ്ടായിരുന്നു. പിന്നീടെല്ലാവരുടെയും പിന്തുണ ലഭിച്ചു. ഭര്‍ത്താവ് ജോസും സുബേദയും ഒരുമിച്ചാണ് തുണികളെടുക്കാന്‍ പോകാറുള്ളത്. 

വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ കട പ്രവര്‍ത്തിക്കുന്നത്. രാവിലെ പത്തിന് തുറന്നാല്‍ വൈകീട്ട് ആറിന് അടയ്ക്കും. സ്വന്തം കടയായതുകൊണ്ട് കുറച്ച് റിലാക്‌സേഷന്‍ നുണ്ട്, ബാങ്കില്‍ പോകുന്നതുപോലെ പ്രത്യേക ടൈം ഷെഡ്യൂളുകളുമില്ല. ഒരുപാട് ലാഭത്തിലല്ലെങ്കിലും ഒട്ടും നഷ്ടത്തിലുമല്ല കലംകാരീ എന്ന ഈ സ്ത്രീ സംരഭം. ഇങ്ങനെത്തന്നെ പോകണമെന്നാണ് സുബേദയുടെ ആഗ്രഹവും. വെറുതെയിരിക്കാതെ താല്‍പര്യമുള്ള എന്തെങ്കിലും കാര്യം ചെയ്യാനാണ് എല്ലാ സ്ത്രീകളോടും സുബേദയ്ക്ക് പറയാനുള്ളത്. 

മകള്‍ നജ്മ കാനഡയില്‍ എഞ്ചിനീയറാണ്. മകന്‍ സച്ചിന്‍ ഐടിഐ കഴിഞ്ഞ് വര്‍ക്ക് ഷോപ്പില്‍ പോകുന്നു. ഭര്‍ത്താവ് ജോസ് ഇവരുടെ പുരയിടത്തില്‍ തന്നെ മത്സ്യ കൃഷി ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com