വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കളുടെ ചിത്രങ്ങള്‍ കണ്ണീരണിയിക്കുന്നു

ആരും സഹായിക്കാനില്ലാതെ നില്‍ക്കുന്ന നിരവധി വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കളുടെ ചിത്രങ്ങള്‍ കണ്ണീരണിയിക്കുന്നു

ടെക്‌സാസ്: കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ അമേരിക്കയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തമാണ് ഹാര്‍വെ ചുഴലിക്കാറ്റ്. ദുരന്തത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. ധാരാളം കെട്ടിടങ്ങളും വാഹനങ്ങളും വെള്ളം കയറിയും കാറ്റടിച്ചും നശിച്ചു.

ഇതിനിടെ വെള്ളപ്പൊക്കത്തില്‍ പലയിടങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന നായക്കളുടെ ചിത്രങ്ങള്‍ ഹൃദയഭേദകമാണ്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട തുരുത്തുകളില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന ഈ വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെയാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്. ഫോട്ടോയെടുക്കുന്ന ആളുകള്‍ തന്നെ ഇവറ്റകളെ രക്ഷപ്പെടുത്തുന്നു എന്നുള്ളത് ആശ്വാസകരമായ വാര്‍ത്തയാണ്.

ആരും സഹായിക്കാനില്ലാതെ നില്‍ക്കുന്ന നിരവധി വളര്‍ത്തു മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചുറ്റും വെള്ളം നിറഞ്ഞതിനാല്‍ ഭീതിയോടെ ആരെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് നായ്ക്കള്‍. അതേസമയം ടെലഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട ഒരു നായയുടെ ചിത്രമെടുത്തയാള്‍ തന്നെ അതിനെ രക്ഷിച്ചു. 

എല്ലായിടത്തും വെള്ളം പൊങ്ങി ജീവന്‍ അപകടത്തിലാവുന്ന അവസ്ഥയായപ്പോള്‍ ആളുകള്‍ വീടും വാഹനങ്ങളുമെല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പലര്‍ക്കും തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ രക്ഷിക്കാനായില്ല. ടെക്‌സാസിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ ദുരിതം വിതച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com