വിരലടയാളമെടുക്കാന്‍ വിരലുകളില്ല; കുഷ്ഠരോഗം ബാധിച്ച രോഗിക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നു

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആധാര്‍ ആണ് സാജിതയുടെ ഉപജീവനത്തിന് തടസം നില്‍ക്കുന്നത്. 
സാജിത ബീഗം
സാജിത ബീഗം

ബെംഗളൂരു: സാജിത ബീഗം എന്ന 65കാരിക്ക് മൂന്നുമാസമായിട്ട് അവരുടെ പെന്‍ഷന്‍ ലഭിക്കുന്നില്ല. മാഗഡി റോഡിലെ കുഷ്ഠരോഗാശുപത്രിയില്‍ കഴിയുന്ന ഇവരെ കുടുംബം തിരിഞ്ഞുനോക്കിയിട്ട് വര്‍ഷങ്ങളായി. കുഷ്ഠരോഗികള്‍ക്ക് മാസംതോറും കിട്ടുന്ന 1000 രൂപ പെന്‍ഷന്‍കൊണ്ടാണ് സാജിത ജീവിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതും നിന്നിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ആധാര്‍ ആണ് സാജിതയുടെ ഉപജീവനത്തിന് തടസം നില്‍ക്കുന്നത്. 

കഴിഞ്ഞ ഓഗസ്റ്റില്‍ രാജാജിനഗര്‍ ഡെപ്യൂട്ടി തഹസില്‍ദാറില്‍ നിന്നും സാജിതയ്ക്ക് ഒരു എഴുത്ത് കിട്ടി. ആധാര്‍ കാര്‍ഡുമായി അവരുടെ പെന്‍ഷന്‍ ബന്ധിപ്പിക്കുന്നതില്‍ വീഴ്ചപറ്റി, അതുകൊണ്ട് ഏഴ് ദിവസത്തേക്ക് പെന്‍ഷന്‍ തടഞ്ഞുവെയ്ക്കുന്നു എന്നുമായിരുന്നു എഴുത്തില്‍. പക്ഷേ സാജിതയ്ക്ക് ഇതുവരെ ആധാര്‍ എടുക്കാനായിട്ടില്ല.

ആധാറും പെന്‍ഷനും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് നിയമം. ആധാര്‍ കാര്‍ഡില്ലെങ്കില്‍ ഇന്ത്യയില്‍ ഒന്നും നടക്കില്ല. ഇതിന്റെ പ്രധാന തിരിച്ചറിയല്‍ ഉപാധിയാണ് വിരലടയാളം. കുഷ്ഠരോഗം ബാധിച്ച് വിരലുകള്‍ എല്ലാം നഷ്ടപ്പെട്ട സാജിത എങ്ങനെ ആധാര്‍ കാര്‍ഡ് എടുക്കാനാണ്. പൂര്‍ണ്ണമായും കാഴ്ച കൂടി നഷ്ടപ്പെട്ട ഇവര്‍ക്ക് ഏക ആശ്രയം സര്‍ക്കാരില്‍ നിന്നും പെന്‍ഷനായി കിട്ടിക്കൊണ്ടിരുന്ന 1000 രൂപയായിരുന്നു. 

'സാജിത അവരുടെ വളരെ ചുരുങ്ങിയ ജീവിതം പെന്‍ഷനായിക്കിട്ടിക്കൊണ്ടിരുന്ന ആ തുകയില്‍ നിന്നാണ് നിവൃത്തിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ മൂന്ന് മാസമായി അതും അവര്‍ക്ക് ലഭിക്കുന്നില്ല. കണ്ണിന് കാഴ്ചയില്ലാത്ത, രോഗം ആരോഗ്യത്തെ തളര്‍ത്തിയ അവര്‍ ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ല. വിരലുകളൊന്നും ഇല്ലാതെ എങ്ങനെയാണ് ആധാറിനു വേണ്ടി ഇവരുടെ ബയോമെട്രിക്കല്‍ രേഖകള്‍ ശേഖരിക്കുക..?' - അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ അയൂബ് അലി സായ് ചോദിക്കുന്നു.

സാജിതയുടെ പ്രത്യേക കേസ് ആയി പരിഗണിച്ച് വിരലടയാളമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന് ഡോക്ടര്‍ അയൂബ് അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. 'ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവ് മൂലം ജനങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ പോലുള്ള അവകാശങ്ങള്‍ തടഞ്ഞ് വയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com