വ്യത്യസ്തമായി ക്രിസ്മസ് ആഘോഷിക്കണോ? ഈ അഞ്ച് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം 

സ്ഥിരമായി ചെയ്തുവരുന്ന ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നെങ്കില്‍ പരീക്ഷിക്കാവുന്ന അഞ്ച് സ്ഥലങ്ങള്‍
വ്യത്യസ്തമായി ക്രിസ്മസ് ആഘോഷിക്കണോ? ഈ അഞ്ച് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം 

യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ നാളുകളാണ് ക്രിസ്മസ് കാലം. എന്നാല്‍ സ്ഥിരമായി ചെയ്തുവരുന്ന ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നെങ്കില്‍ പരീക്ഷിക്കാവുന്ന അഞ്ച് സ്ഥലങ്ങളുണ്ട്. 

സൂറിച്ച്, സ്വിറ്റ്‌സര്‍ലന്‍ഡ്

ക്രിസ്മസ് വിപണിയുടെ പാരമ്പര്യത്തിന് പ്രശസ്തമാണ് യൂറോപ്. ക്രിസ്മസിന്റെ നാല് ആഴ്ചകളിലും ഇവിടുത്തെ തെരുവുകളില്‍ ക്രിസ്മസ് മാര്‍ക്കറ്റ് സജീവമാകും. ഈ വിപണിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് സൂറിച്ചാണ്. റൊമാന്റിക് റാപ്പേര്‍സ്വില്‍ മാര്‍ക്കറ്റും എയിന്‍സിഡ്‌ലന്‍ മാര്‍ക്കറ്റും. ഷോപ്പിംഗ് നടത്താനും വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാനും ഇവിടം തിരഞ്ഞെടുക്കാവുന്നതാണ്. പ്രധാന റെയില്‍വേ സ്റ്റേഷനടുത്തുള്ള മാര്‍ക്കറ്റാണ് യൂറോപ്പിലെതന്നെ ഏറ്റവും വലിയ ക്രിസ്മസ് മാര്‍ക്കറ്റ്. വലിയ ക്രിസ്മസ് ട്രീകളും സവരോവ്‌സ്‌കി ആഭരണങ്ങളുമാണ് ഇവിടെ സുലഭമായി ലഭിക്കുന്നത്. 

റിയോ ഡി ജനേറിയോ, ബ്രസീല്‍

പ്രാദേശിക കാഴ്ചകള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ പോയിരിക്കേണ്ട സ്ഥലമാണ് ബ്രസീലിലെ റിയോ ഡി ജനേറിയോ. പ്രാദേശിക കാഴ്ചകളെല്ലാം അതിന്റെ പൂര്‍ണതയില്‍ ബ്രസീല്‍ പ്രദര്‍ശിപ്പിക്കുന്നതാകട്ടെ എല്ലാ വര്‍ഷവും തുടര്‍ച്ചായായി നടത്തിവരുന്ന ക്രിബ് ഫെസ്റ്റിവലിലും. ഇത് റിയോ ഡി ജനേറിയോയിലാണ് നടക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ഫ്‌ലോട്ടിംഗ് ക്രിസ്മസ് ട്രീ ഇവിടെ കാണാന്‍ കഴിയും. 278അടി ഉയരമാണ് ഇതിനുള്ളത്. മൂന്ന് മില്ല്യണ്‍ ലൈറ്റുകളാണ് ട്രീ അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ക്രിസ്മസ് നാടകങ്ങളും ക്രിബ് ഫെസ്റ്റിവലിനോട് ചേര്‍ന്ന് നടക്കാറുണ്ട്. പരമ്പരാഗത ക്രിസ്മസ് ഭക്ഷണവും ഇവിടെം ലഭിക്കും. 

ടാവോസ്, ന്യൂ മെക്‌സിക്കോ, യുഎസ്എ

ഒരു ഓഫ് ബീറ്റ് ക്രിസ്മസ് അനുഭവമാണ് ടാവോസ് കരുതിവച്ചിരിക്കുന്നത്. സ്പാനിഷ് മെക്‌സിക്കന്‍ പാരമ്പര്യങ്ങളാണ് ഇവിടെ സമന്വയിക്കുന്നത്. ഉണ്ണിയേശുവിന് പിറക്കാന്‍ ഇടം അന്വേഷിച്ചുള്ള മേരിയുടെയും ജോസഫിന്റെയും യാത്ര ഇവിടെ പുനരാവിഷ്‌കരിക്കപ്പെടുന്നുണ്ട്. വഴിയിലെ ഇരുട്ട് അകറ്റാനായി ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും. ന്യൂ മെക്‌സിക്കന്‍ മ്യൂസിക്കിന്റെ തെരുവിലെ പ്രകടനങ്ങളും ആസ്വധിക്കാന്‍ അവസരം ലഭിക്കും. മെക്‌സിക്കോയിലെ സ്‌പെഷ്യല്‍ സൂപ്പായ പോസോളിന്റെ രുചിയും ഒപ്പം ചേരുമ്പോള്‍ ക്രിസ്മസ് വ്യത്യസ്തമാവും. 

സ്ട്രാസ്ബര്‍ഗ്, ഫ്രാന്‍സ്

ക്രിസ്മസിന് അതിമനോഹരിയായി ഒരുങ്ങിനില്‍ക്കുന്ന പാരീസിന്റെ തിരക്കുകള്‍ ഒഴിവാക്കി ആഘോഷത്തിനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരിടമാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ്. 1570മുതല്‍ പ്രശസ്തമാണ് ഇവിടുത്തെ ക്രിസ്മസ് മാര്‍ക്കറ്റ്. യൂറോപ്പിലെതന്നെ ഏറ്റവും പുരാതനമായ മാര്‍ക്കറ്റുകളില്‍ ഒന്ന്. വ്യത്യസ്തവും ആകര്‍ഷകവുമായ ഉല്‍പന്നങ്ങളാണ് മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് ലഭിക്കുക.  ഇവിടുത്തെ തനത് സ്വാദ് അസ്വദിക്കുക കൂടെയായാല്‍ ക്രിസ്മസ് കെങ്കേമമാകും. ഇതിനോടൊപ്പം തന്നെ സഞ്ചരിക്കാവുന്നതാണ് ഫ്രാന്‍സിലെ ലാ പെറ്റിറ്റെ. ധാരാളം ക്രിസ്മസ് കടകളും ജിഞ്ചര്‍ബ്രെഡ് ബേക്കറികളും ഇവിടേയ്ക്ക് നിങ്ങളെ സ്വാഗതം ചെയ്യും. 

ലാപ്‌ലാന്‍ഡ്, ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡിലെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന നഗരമായ ലാപ്‌ലാന്‍ഡിലാണ് സാന്റാ ക്ലോസിന്റെ യഥാര്‍ത്ഥ വീടെന്നാണ് ഫിന്‍ലാന്‍ഡുകാര്‍ വിശ്വസിക്കുന്നത്. പോസ്റ്റ് ഓഫീസും കുട്ടിച്ചാത്തന്‍മാരും ക്രിസ്മസ് അപ്പൂപ്പനും ഉള്‍പ്പെടുന്ന ഒരു സാന്റാ ക്ലോസ് വില്ലേജ് ഇവിടെ തയ്യാറാക്കപ്പെടും. ഇവിടെ എത്തിയാല്‍ കൊലി നാഷണല്‍ പാര്‍ക്കും കണ്ട് മടങ്ങാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com