ന്യൂ ഇയര്‍ റെസൊല്യൂഷനോ, ഞാനോ! 

പുതുവര്‍ഷ പ്രതിജ്ഞകളെകുറിച്ച് കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ മനസ്സ്തുറക്കുന്നു 
ന്യൂ ഇയര്‍ റെസൊല്യൂഷനോ, ഞാനോ! 

പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നവരും എടുത്തിട്ട് പരാജയപ്പെടുന്നവരുമായിരിക്കും എണ്ണത്തില്‍ കൂടുതല്‍. എന്നാല്‍ നല്ല തീരുമാനങ്ങള്‍ക്ക് പുതുവര്‍ഷം വരെ കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് കേരളത്തിലെ പ്രമുഖ വ്യക്തികള്‍ പങ്കുവയ്ക്കുന്ന കാഴ്ച്ചപാട്. ഇതുവരെ ന്യൂ ഇയര്‍ റെസൊല്യൂഷന്‍ എടുക്കാത്ത വി ടി ബല്‍റാം എംഎല്‍എയും എടുക്കുന്ന തീരുമാനങ്ങള്‍ ഉറങ്ങി എണീക്കുമ്പോഴേയ്ക്കും മറന്നു പോകുന്ന നോവലിസ്റ്റ് കെ ആര്‍ മീര വരെ ഇക്കൂട്ടത്തില്‍പ്പെടും... ജനഹൃദയങ്ങള്‍ കീഴടക്കി കളക്ടര്‍ ബ്രോയെന്ന വിളിപ്പേര് സ്വന്തമാക്കിയ പ്രശാന്ത് നായര്‍ ഐഎഎസ് മുതല്‍ മായാനദിയിലെ പ്രിയ നായികയായ ഐശ്വര്യ ലക്ഷമി വരെ ന്യൂ ഇയര്‍ പ്രതിജ്ഞകളെകുറിച്ചുള്ള വിശേഷങ്ങള്‍ സമകാലിക മലയാളവുമായി പങ്കുവയ്ക്കുന്നു


ഒക്കെ മറന്നുപോകും പിന്നെങ്ങനെയാ...
കെ ആര്‍ മീര
എഴുത്തുകാരി

പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അടുത്ത വര്‍ഷത്തെകുറിച്ച് എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്ന പതിവുണ്ടോ എന്ന ചോദ്യത്തിന് എടുത്തിട്ട് യാതൊരു ഗുണവുമില്ല കാരണം എടുത്ത തീരുമാനം ഞാന്‍ തന്നെ മറന്നുപോകും എന്നായിരുന്നു മലയാളികളുടെ പ്രിയ എഴുത്തുകാരി കെ ആര്‍ മീരയുടെ ആദ്യ മറുപടി. 'പുതുവര്‍ഷത്തോടനുബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന പതിവ് ഇതുവരെ ഇല്ല. എന്തെങ്കിലും തീരുമാനം എടുത്താല്‍ അതൊരുപക്ഷെ പിറ്റെ ദിവസം തന്നെ ഞാന്‍ മറന്നുപോകും. അതുകൊണ്ട് ഇതുവരെ അങ്ങനെയൊരു ശീലം ഉണ്ടായിട്ടില്ല. എങ്കിലും പലരും ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിനെകുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെയൊരു സുഹൃത്ത് കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രമേ വായിക്കൂ എന്നായിരുന്നു. അവര്‍ ഒരുപാട് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു. ഈ അടുത്ത് കേട്ടതില്‍ ഏറ്റവും വ്യത്യസ്തമായി തോന്നിയ ഒരു പുതുവര്‍ഷ തീരുമാനം അതായിരുന്നു'.  

19വര്‍ഷം തുടര്‍ന്നുപോന്ന ആ തീരുമാനം
വി ടി ബല്‍റാം
എംഎല്‍എ

ഒരിക്കല്‍ പോലും ന്യൂ ഇയര്‍ റെസല്യൂഷന്‍ എന്നൊന്ന് ഉണ്ടായിട്ടില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. എന്നാല്‍ ന്യൂ ഇയറിനോട് അനുബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും മറ്റൊരു സാഹചര്യത്തില്‍ വിജയകരമായ ഒരു തീരുമാനം എടുത്തിരുന്നു. പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലമാക്കാനായിരുന്നു തീരുമാനം. ഒരു മാസത്തേക്ക് അത് തുടരാമെന്നാണ് ആദ്യം കരുതിയിരുന്നത്. രാഷ്ട്രീയ പശ്ചാതലത്തില്‍ തന്നെ കൈകൊണ്ട ഒരു തീരുമാനമായിരുന്നു അത്. പിന്നീട് 19 വര്‍ഷത്തോളം ആ തീരുമാനത്തില്‍ തുടര്‍ന്നു. ഗാന്ധിയന്‍ ആശയങ്ങളെ ഉള്‍കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. പക്ഷെ അത് പിന്നീട് മറ്റൊരു രാഷ്ട്രീയ സാഹചര്യത്തില്‍ 19 വര്‍ഷത്തിനിപ്പുറം മാറ്റി. ബീഫ് നിരോധനത്തിന്റെ പശ്ചാതലത്തില്‍ അതിനെതിരെയുള്ള പോരാട്ടമെന്നോണമാണ്‌ എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തിയത്. 

ഒരു സിനിമ സംവിധാനം ചെയ്യണം, സമയമുണ്ടോന്നു നോക്കട്ടെ
പ്രശാന്ത് നായര്‍ ഐഎഎസ്


പുതുവര്‍ഷത്തോടനുന്ധിച്ച് പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് മലയാളിയുടെ സ്വന്തം കളക്ടര്‍ ബ്രോയും പറയുന്നത്. പുതിയൊരു തീരുമാനമെടുക്കാന്‍ എന്തിന് പുതുവര്‍ഷം വരെ കാത്തിരിക്കണം എന്നതാണ് ചോദ്യം. നല്ല തീരുമാനങ്ങള്‍ വര്‍ഷത്തില്‍ ഏതുസമയത്തും എടുക്കാം. ജീവിതത്തില്‍ മാറ്റം വരുത്തണമെന്നു തോന്നുന്ന ഏതു കാര്യവും ഈ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്താറാണ് പതിവ്.  'ഇനി മുതല്‍ ഇങ്ങനെ ചെയ്യും' ഇതാണ് എല്ലാ തീരുമാനങ്ങള്‍ക്കും പൊതുവായുള്ളത്. പലപ്പോഴും ഫോകസ് ഷിഫ്റ്റിംഗിനാണ് ഇത്തരത്തില്‍ തീരുമാനം എടുക്കേണ്ടി വരാറ്. കൂടുതല്‍ സമയം കുടുംബത്തിന് കൊടുക്കും, കുട്ടികളോടൊത്തിരിക്കാന്‍ കുറച്ചൂടെ സമയം കണ്ടെത്തും ഇങ്ങനെയാണ് പല തീരുമാനങ്ങളും. ഒരു വര്‍ഷം പിന്നിട്ട് കഴിയുമ്പോഴാണ് പലപ്പോഴും ആ വര്‍ഷം ചെയ്യാന്‍ കഴിയാതെപോയ എന്തെങ്കിലുമൊരു കാര്യം ശ്രദ്ധയില്‍പെടുന്നത്. കൊഴിക്കോട് കളക്റ്ററായിരുന്ന സമയത്ത് ഫയലുകളിലെ എഴുത്തിന് പുറമെ ഒരു വരി പോലും എഴുതാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഓര്‍ത്തത് ആ വര്‍ഷം കഴിഞ്ഞാണ്. അതുകൊണ്ട് അതു കഴിഞ്ഞുള്ള വര്‍ഷം എഴുത്തിനുള്ള സമയം കണ്ടെത്താം എന്ന തീരുമാനത്തിലേക്കെത്തി. അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് പദ്ധതിയുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സര്‍വീസിലേക്ക് തിരിച്ചെത്തിയത്. പ്ലാനിംഗ് ഒക്കെ തുടരുന്നുണ്ട് പക്ഷെ നടക്കുമോ എന്ന് ഉറപ്പില്ലാത്ത കാര്യമാണ്. സമയത്തിനനുസരിച്ച് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്തായാലും ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ക്ക് കുറച്ച് സമയം നീക്കിവയ്ക്കണമെന്നാണ് ആഗ്രഹം. അതുപേലെതന്നെ 10മാസത്തോളം മാറിനിന്നതിന് ശേഷം തിരിച്ചുവന്നപ്പോള്‍ സര്‍വീസിലും നല്ലകാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. 

ഒന്നു നീന്തി നോക്കണം
ഉണ്ണി മുകുന്ദന്‍
നടന്‍

വളരെ രസകരമായ ന്യൂ ഇയര്‍ തീരുമാനങ്ങളൊന്നും പങ്കുവയ്ക്കാനില്ലെന്ന് ഉണ്ണി മുകുന്ദന്റെ മറുപടി. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നീന്തല്‍ വശത്താക്കണമെന്ന ആഗ്രഹമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത മലയാളത്തിന്റെ ഈ യുവതാരത്തിന്റെ മനസ്സിലെ ആഗ്രഹം.


ന്യൂ ഇയര്‍ റെസല്യൂഷനോ? ഞാനോ!
രഞ്ജിത് ശങ്കര്‍
സംവിധായകന്‍

അങ്ങനെ ന്യൂ ഇയര്‍ റെസല്യൂഷന്‍ ഒന്നും എടുക്കാറില്ല. ഇപ്പോള്‍ എന്തു ചെയ്യാം എന്നതിനെകുറിച്ച് മാത്രമാണ് ചിന്തിക്കാറ് അല്ലാതെ ഒരു വര്‍ഷം മുഴുവന്‍ എന്ത് ചെയ്യാമെന്ന് ചിന്തിച്ചുറപ്പിക്കാറില്ല. പിന്നെ കഴിഞ്ഞവര്‍ഷം രണ്ട് സിനിമകള്‍ ചെയ്യാമെന്ന് തീരുമാനിക്കുകയുണ്ടായി, ഇതിനു മുമ്പ് ഒരു വര്‍ഷം തന്നെ എന്റെ രണ്ട് ചിത്രങ്ങള്‍ ഇറങ്ങിയ സംഭവമുണ്ടായിട്ടില്ല. അത് ഒരു തീരുമാനമായിട്ടൊന്നും എടുത്തതായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം അത് ചെയ്യാന്‍ സാധിച്ചു. ന്യൂ ഇയറുമായി ബന്ധപ്പെട്ട എപ്പോഴും ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന ഒരു കാര്യം ന്യൂ ഇയര്‍ ദിനം ഏതെങ്കിലുമൊരു നല്ല സ്ഥലത്ത് ചിലവിടാന്‍ ശ്രമിക്കും എന്നതാണ്. പക്ഷെ അത് പോലും കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞില്ല. പലപ്പോഴും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതിലെല്ലാം മാറ്റം വരാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ന്യു ഇയര്‍ ദിനം ദുബായ് എയര്‍പോര്‍ട്ടില്‍ സഹയാത്രികനായ ഒരു പാക്കിസ്ഥാന്‍കാരനുമായി സംസാരിച്ചിരിക്കുകയായിരുന്നു. ന്യൂ ഇയര്‍ വിചാരിച്ചപോലെ ആഘോഷിക്കാന്‍ കഴിയാതെവന്നപ്പോള്‍ 2017 ഒരു മോശം വര്‍ഷമായിരിക്കുമെന്നായിരുന്നു കരുതിയത്. പക്ഷെ അത്തരത്തിലൊന്നും സംഭവിച്ചില്ലെന്ന് ഈ വര്‍ഷം തെളിയിച്ചുതന്നു. അതുകൊണ്ട് ഈ വര്‍ഷത്തേക്കുള്ള പ്ലാന്‍ എന്താണെന്ന് ചോദിച്ചാല്‍ അതെനിക്ക് കൃത്യമായി പറയാന്‍ പറ്റുക അടുത്ത വര്‍ഷമായിരിക്കും എന്നതാണ് സത്യം. 

ഓ ഒന്നും നടക്കാന്‍ പോണില്ല
ഐശ്വര്യ ലക്ഷമി
നടി

മായാനദിയുടെ വിജയാഘോഷങ്ങള്‍ക്കിടെയാണ് പുതുമുഖ താരം ഐശ്വര്യ ലക്ഷമി പുതുവര്‍ഷ തീരുമാനങ്ങള്‍ പങ്കുവയ്ക്കുന്നത്. ഐശ്വര്യയ്ക്കും എടുത്തു പറയത്തക്ക തീരുമാനങ്ങളുടെ കഥയൊന്നും പങ്കുവയ്ക്കാനില്ല. എന്നാലും പഠിക്കുന്ന കാലത്തൊക്കെ പലരും ചെയ്യുന്നതുപോലെ ശരിയായ സമയത്ത് പഠിക്കാനും കൃത്യസമയത്ത് ഉറങ്ങാനും എന്തിന് പഠിക്കാനുള്ള ടൈംടേബിള്‍ വരെ തയ്യാറാക്കി വയ്ക്കുന്നതുമൊക്കെ ഐശ്വര്യയുടെ പതിവായിരുന്നു. എന്നാല്‍ ഇതൊന്നും ഒരിക്കലും തുടര്‍ന്നുപോരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐശ്വര്യ തന്നെ തുറന്ന്‌ സമ്മതിക്കുന്നു. ഒരുപക്ഷെ ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളില്‍ തുടര്‍ന്നാലായി എന്നുമാത്രം. പക്ഷെ ചെറുപ്പത്തില്‍ ഇത്തരം കാര്യങ്ങളോടുണ്ടായിരുന്ന എക്‌സൈറ്റ്‌മെന്റ് ഐശ്വര്യ മറച്ചുവയ്ക്കുന്നില്ല. രണ്ടു മൂന്ന് വര്‍ഷം എടുത്ത തീരുമാനങ്ങളൊക്കെ പാളാന്‍ തുടങ്ങിയപ്പോള്‍ ഇത് പറ്റിയ പണിയല്ലെന്ന് മനസിലാകുകയായിരുന്നെന്ന് ഐശ്വര്യ പറയുന്നു. പിന്നെ ഒട്ട് തീരുമാനങ്ങള്‍ എടുക്കാന്‍ മുതിര്‍ന്നിട്ടുമില്ല. 

വായിക്കണം, സിനിമകാണണം, പക്ഷെ സമയമാണ് പ്രശ്‌നം
പി സി വിഷ്ണുനാഥ്
മുന്‍ എംഎല്‍എ

അങ്ങനെചെയ്യാം ഇങ്ങനെചെയ്യാം എന്നൊന്നും വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല ഇതായിരുന്നു മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥിന്റെ മറുപടി. അങ്ങനെ പ്രത്യേകിച്ചൊരു ന്യു ഇയര്‍ റെസല്യൂഷനൊന്നും എടുക്കുന്ന പതിവൊന്നുമില്ല. പിന്നെ കഴിഞ്ഞ വര്‍ഷം ചെയ്യാതിരുന്ന എന്തെങ്കിലും കാര്യം എന്ന് ആലോചിച്ചാല്‍  കൂടുതല്‍ പുസ്തകം വായിക്കാനും സിനിമ കാണാനും സമയം കണ്ടെത്തണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അത് പലപ്പോഴും കഴിയാറില്ല. തിരക്കുകള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണ നടക്കാറില്ല. 

വര്‍ക്കൗട്ട് ചെയ്യാന്‍ മടി, അതൊന്ന് മാറ്റണം
ഹണി റോസ്
നടി

അങ്ങനെ വലിയ തീരുമാനങ്ങള്‍ എടുക്കാനൊന്നും മുതിരാറില്ലെങ്കിലും ചിലപ്പോള്‍ ആരോഗ്യ കാര്യങ്ങളും ഫിറ്റ്‌നെസ്സുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിക്കാറുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. എന്നാല്‍ ഇത്തരം ഏത് തീരുമാനം എടുത്താലും ഏറിയാല്‍ ഒരു മാസം അത്രെ നീളു ഇവയുടെ കാലാവധി. ഈ വര്‍ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ കുറച്ചുകൂടെ ഫോകസ്ഡ് ആയി ചെയ്യണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. വര്‍ക്കൊട്ടുകളുടെ കാര്യത്തില്‍ കുറച്ച് മടിച്ചിയായതുകൊണ്ടുതന്നെ അതൊന്നു ശരിയായ ട്രാക്കില്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തും. ചങ്ക്‌സില്‍ അഭിനയിക്കാനായി ഒരു മാസം ബൈക്ക് റൈഡിംഗ് പരിശീലിക്കാന്‍ പോയിരുന്നു. പരിശീലന സമയത്ത് വലിയ പ്രശ്‌നമൊന്നും തോന്നിയില്ലെങ്കിലും സീനില്‍ അഭിനയിക്കുമ്പോള്‍ ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് പറ്റിയാല്‍ ബൈക്ക് റൈഡിംഗില്‍ ഒരു കൈ നോക്കണമെന്നുണ്ട് ഹണി റോസിന്. 

ഇതൊക്കെ ഒരു അഡ്ജസ്റ്റ്‌മെന്റല്ലേ
മഞ്ജരി 
ഗായിക

ദീര്‍ഘകാലത്തേക്ക് തുടരാന്‍ കഴിയുമെങ്കിലോ ജീവിതകാലം മുഴുവന്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുമെങ്കിലോ ഒക്കെ തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതാണെന്ന് പറയാം. എന്റെ അഭിപ്രായത്തില്‍ ന്യൂ ഇയര്‍ റെസല്യൂഷണുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ' എനിക്ക് പറ്റുമോ എന്ന് ഞാന്‍ ശ്രമിക്കട്ടെ' എന്ന് പറഞ്ഞെടുക്കുന്ന തീരുമാനങ്ങള്‍ ഒരു താത്കാലിക അഡ്ജസ്റ്റ്‌മെന്റായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് ഓരോ നിമിഷവും ഫലപ്രദമാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com