ഹാദിയ മുതല്‍ പാര്‍വതി വരെ; 2017ലെ സ്ത്രീ മുന്നേറ്റങ്ങളിലൂടെ

സ്ത്രീകള്‍ തുറന്ന് പ്രതികരിക്കാന്‍ തുടങ്ങിയ വര്‍ഷം എന്നുവേണമെങ്കില്‍ പോയവര്‍ഷത്തെ നമുക്ക് അടയാളപ്പെടുത്താം.
ഹാദിയ മുതല്‍ പാര്‍വതി വരെ; 2017ലെ സ്ത്രീ മുന്നേറ്റങ്ങളിലൂടെ

രാള്‍ ശക്തമായി തന്റെ നിലപാട് വ്യക്തമാക്കുമ്പോള്‍, അവകാശത്തിന് വേണ്ടി വാശിപിടിക്കുമ്പോള്‍, അതൊരു സ്ത്രീ ശബ്ദമാണെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. അവള്‍ക്കെതിരെ പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശനശരങ്ങള്‍ പെയ്തുകൊണ്ടേയിരിക്കും. എന്നാല്‍ ഇതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളിലൊന്നും പതറാതെ അതൊന്നും ഇവിടെ വിലപ്പോവില്ലെന്ന പറഞ്ഞ പെണ്‍കരുത്താണ് ഹാദിയ. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ആളുകള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്തിരുന്ന, ആശങ്കയോടെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു ഈ പെണ്‍കുട്ടിയെ. 

ഹോമിയോ മെഡിസിന് പഠിക്കുന്ന ഹിന്ദുമതവിശ്വാസിയായ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കുകയും തുടര്‍ന്ന് ഷഫിന്‍ ജഹാന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്ത് ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദ് ചെയ്ത് പിതാവ് അശോകന്റെ സംരക്ഷണത്തില്‍ വീട്ടിലേക്ക് പറഞ്ഞയച്ചു. അവിടെ പുറംലോകവുമായി ബന്ധമില്ലാതെ, പത്രം പോലും വായിക്കാനാകാതെ ആറ് മാസത്തോളമാണ് ഈ പെണ്‍കുട്ടി ജീവിച്ചത്. പ്രായപൂര്‍ത്തിയായിട്ടും ഒരു പെണ്‍കുട്ടിയായതിന്റെ പേരില്‍ മാത്രമാണ് ഹാദിയയെ പിതാവിന്റെ കൂടെ വിടുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഈ വിമര്‍ശനത്തോടുകൂടെയാണ് ഹാദിയ കേസ് ഒരു സ്ത്രീപക്ഷ വിഷയമായി ഉയര്‍ന്നു വന്നത്.

ഇതോടെയാണ് മനുഷ്യാവകാശ സംഘടനകളും സാംസ്‌കാരികപ്രവര്‍ത്തകരും ഹാദിയയുടെ വിഷയത്തില്‍ ഇടപെട്ടു തുടങ്ങിയത്. 'ഓരോരുത്തര്‍ക്കും അവരവര്‍ക്കിഷ്ടമുള്ള ജീവിതം ജീവിക്കാന്‍ സാധ്യമാകണം. അതിനുവേണ്ടി ഹാദിയ നിലകൊള്ളുമ്പോള്‍ തികച്ചും ഇതിനെയൊരു വലിയ സ്ത്രീമുന്നേറ്റമായേ കാണാന്‍ കഴിയു' തുടക്കം മുതലേ ഈ വിഷയത്തോട് പ്രതികരിച്ചിരുന്ന ഷാഹിന നഫീസ പറയുന്നുണ്ട്. 

മനുഷ്യാവകാശ സംഘടനകളുടെയും മറ്റും ഇടപെടല്‍ മൂലം ഹാദിയകേസ് സുപ്രീംകോടതി വരെയെത്തി. ഒരുപാട് ഭീഷണികള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും വിധേയായിരുന്നിട്ടുകൂടിയും തന്റെ നിലപാടില്‍ ഉറച്ച് നിന്ന ഹാദിയ, തനിക്ക് സ്വാതന്ത്ര്യം വേണമെന്നാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഹാദിയയുടെ ആവശ്യപ്രകാരം അവരെ സേലത്തുള്ള ഹോമിയോ മെഡിക്കല്‍ കോളജിലേക്ക് അയയ്ച്ചു. ഇപ്പോള്‍ കോളജ് ഡീനിന്റെ സംരക്ഷണത്തില്‍ ആണെങ്കിലും ഹാദിയയ്ക്ക് തന്റെ ഹൗസ് സര്‍ജന്‍സി കംപ്ലീറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു.

സ്ത്രീകളോട് പൊതുവെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് പോലും ഈ കേസില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വന്നപ്പോള്‍ സമൂഹത്തില്‍ ലിബറല്‍ കാഴ്ചപ്പാടുകളുമായി നിലകൊള്ളന്നവരുടെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കാനും ഈ സംഭവം കാരണമായി. ഏതായാലും എന്‍ഐഎ വരെ ഇടപെട്ട ഈ പ്രത്യേക കേസില്‍ ഹാദിയയുടെ വിജയം മുഴുവന്‍ സ്ത്രീകളുടെയും വിജയമായി കണക്കാക്കാം.

ഈ വിഷയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു സംഭവമായിരുന്നു എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണില്‍ മൂന്ന് തട്ടമിട്ട പെണ്‍കുട്ടികള്‍ ചുവടു വെച്ചത്. അധികം വൈകാതെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും സൈബര്‍ പോരാളികളും സദാചാര ആങ്ങളമാരും രൂക്ഷവിമര്‍ശനങ്ങളും അസഭ്യവര്‍ഷവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനെ പരിഹസിച്ചവര്‍ക്കും അധിഷേപിച്ചവര്‍ക്കുമെല്ലാം ചുട്ടമറുപടി കൊടുക്കാന്‍ കേരളത്തിലെ മറ്റ് പെണ്‍കുട്ടികള്‍ തയാറായി മുന്നോട്ടുവന്നു. തുടര്‍ന്ന് പലയിടങ്ങളിലും ഫ്‌ലാഷ് മോബ് നടത്തിയും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചും പെണ്‍കുട്ടികള്‍ മുന്നേറിക്കൊണ്ടിരുന്നു. പിന്നീട് വനിതാ കമ്മീഷന്‍ സ്വമേധയ പെണ്‍കുട്ടികളെ അപമാനിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കേസെടുത്തതോടുകൂടി ഈ വിഷയത്തെ സദാചാരക്കാര്‍ക്കെതിരായ പെണ്‍കുട്ടികളുടെ വിജയമായി കണക്കുകൂട്ടാം.

പുരുഷാധിപത്യം എന്താണെന്ന് പ്രത്യക്ഷത്തില്‍ പ്രകടമാകുന്ന ചലച്ചിത്രമേഖല ഈ വര്‍ഷം ലോകമെമ്പാടും സംസാരവിഷയമായതാണ്. ഹോളിവുഡില്‍ നിന്നാരംഭിച്ച മിടൂ കാംപെയ്‌നിന്റെ തരംഗങ്ങള്‍ ഇവിടെയും അലയൊടിച്ചു. സ്ത്രീകള്‍ക്കുണ്ടായ ലൈംഗിക ചൂഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ മിടൂ എന്ന ഹാഷ്ടാഗില്‍ വെളിപ്പെടുത്തുന്ന ഒരു കാംപെയ്ന്‍ ആയിരുന്നു മിടൂ. ഹോളിവുഡിലാണ് ഇത് തുടങ്ങിയതെങ്കിലും ബോളിവുഡിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും വന്നു ചേരുകയായിരുന്നു.

സിനിമയിലാണ് അതായത്, സിനിമക്കുള്ളിലാണ് സ്ത്രീകള്‍ക്കെതിരെയും സ്ത്രീകളും ഏറെ വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചത്. ചലച്ചിത്രമേഖലയില്‍ ഉള്ളവരും അല്ലാത്തവരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക ദുരനുഭവം തുറന്ന് പറഞ്ഞ് കാംപെയിനിന്റെ ഭാഗമായിരുന്നു. തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ താരങ്ങളെ വളരെ മോശം കമന്റുകളോടുകൂടിയാണ് സൈബര്‍ സദാചാരഗുണ്ടകള്‍ ആക്രമിച്ചതെന്നു മാത്രം. എന്നിരുന്നാലും ഇത് തുറന്ന് പറച്ചിലുകളുടെ വര്‍ഷമായിരുന്നു എന്ന് വേണം വിലയിരുത്താന്‍. സ്ത്രീകള്‍ ആരെയും ഭയക്കാതെ കരുത്തോടെ മുന്നോട്ട് വരാന്‍ തുടങ്ങിയിരിക്കുന്നു.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിനിമാ മേഖലയിലെ ഒരുകൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ പിറവികൊണ്ട വിമന്‍ ഇന്‍ കളക്ടീവ് (ഡബ്ല്യൂസിസി) എന്ന സംഘടന. പുരുഷാധിപത്യ മൂല്യങ്ങളെ ഇത്രയധികം മുറുകെ പിടിക്കുന്ന ചലച്ചിത്രമേഖലയില്‍ നിന്ന് ഇത്തരത്തിലൊരു മുന്നേറ്റമുണ്ടാകുന്നത് ചെറിയകാര്യമല്ല. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെടുകയും നിലവിലെ താരസംഘടനകളെല്ലാം അതിനോട് നിസംഗത പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡബ്ല്യൂസിസി രൂപീകരിച്ചത്. ഇതിനെ ഒരു ചരിത്ര മുന്നേറ്റമായി കാണാം എന്നാണ് പൊതുപ്രവര്‍ത്തകയായ ഡോ പി ഗീത പറഞ്ഞത്. 

'ഫെബ്രുവരിയില്‍ മലയാളത്തിലെ ഒരു മുഖ്യധാരാ നടി പട്ടാപ്പകല്‍ പൊതുവഴിയില്‍ വെച്ച് അതിനീചമായി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് രൂപപ്പെട്ട വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് എന്ന പെണ്‍കൂട്ടായ്മ ചരിത്രപരമായ ഒരു നാഴികക്കല്ലെന്നു ഞാന്‍ തിരിച്ചറിയുന്നു. ഏതു പോലെയെന്നാല്‍ മൂന്നു പതിറ്റാണ്ടു മുമ്പ് മലയാളിയുടെ സാഹിത്യ ബോധങ്ങളെ പെണ്ണെഴുത്തു വാദം കീഴ്‌മേല്‍ മറിച്ചു നവീകരിച്ചതു പോലെ ഒരു സാംസ്‌കാരിക ആഘാതമാണ് മലയാള സിനിമാരംഗത്ത് വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് സൃഷ്ടിച്ചത്'- ഡോ പി ഗീത പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയോടൊപ്പം നില്‍ക്കുകയും പിന്നീട് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ കൂടി വേണ്ടി രൂപം കൊണ്ട സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള ചലച്ചിത്രമേഖലയിലെ ചില നടികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഈ സംഘടന ആണധികാരത്തിന്റെ മൂര്‍ത്തീഭാവമായ ചലച്ചിത്രരംഗത്തു നിന്നുണ്ടായ ഒരു വിപ്ലവമായി കാണാം. സംഘടന രൂപീകരിച്ച അന്നുമുതല്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായപ്പോഴും മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് എടുക്കാനില്ലെന്ന നിലപാടില്‍ തന്നെയായിരുന്നു സംഘടന.

ഈ സംഘടന രൂപംകൊണ്ടതോടെ നിലനിന്ന മഹാരാജബിംബങ്ങളെ മാത്രമല്ല സിനിമയുടെ അചോദ്യതയെയും പ്രശ്‌ന വത്കരിച്ചു കൊണ്ട് നടികള്‍ സംസാരിച്ചു തുടങ്ങി. സിനിമയെന്ന മായിക ലോകം സാധാരണ മനുഷ്യര്‍ക്ക് കുറേക്കൂടി ഗമ്യമായി. കാസ്റ്റിങ് കൗച്ചിനെപ്പറ്റിയും കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധതയെപ്പറ്റിയുമൊക്കെ നടിമാര്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തി. പാര്‍വതി നടത്തിയ കസബ പരാമര്‍ശങ്ങള്‍ ഉദാഹരണം. ഈ ചര്‍ച്ച സൈബര്‍ മേഖലയിലെ സ്ത്രീ വിരുദ്ധതയെക്കൂടി പുറത്തു കൊണ്ടുവരാന്‍ നിമിത്തമായി എന്നതാണ് എടുത്തു പറയേണ്ട കാര്യം'- ഡോ. ഗീത പറയുന്നു.

'പുതിയ സിനിമ പ്രവര്‍ത്തകരിലുണ്ടായ ഈ മാറ്റം സിനിമയിലെ ആണ്‍ പെണ്‍ ബന്ധ സങ്കല്പനത്തിലും ഇടപെട്ടതായി കാണാം. മലയാള സിനിമയെയും സിനിമാ ബോധത്തെയും തിരുത്തുന്ന വിധം മാറിയ സ്ത്രീ മുന്നേറ്റമായി ഈ പെണ്‍കൂട്ടായ്മ മാറിയെന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീ മുന്നേറ്റമെന്നു ഞാന്‍ അടയാളപ്പെടുത്തുന്നു'- ഡോ ഗീത കൂട്ടിച്ചേര്‍ത്തു.

പ്രത്യക്ഷത്തില്‍ മനസിലാവില്ലെങ്കിലും പുരുഷന്‍മാരുടെ മാത്രം ഇടമായിരുന്നു മലയാള സിനിമ. പുരുഷന് ആക്രമിക്കാന്‍ അധികാരമുള്ള ഇടങ്ങളാണ് സ്ത്രീശരീരങ്ങളെന്ന ചിന്താഗതി രൂപപ്പെടുത്തുന്നതില്‍ നമ്മുടെ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മലയാള സിനിമയിലെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്ക് പരിഹാരമാകാന്‍ ഡബ്ല്യൂസിസിയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

'വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്'- സാമൂഹ്യപ്രവര്‍ത്തകയായ ഷാഹിന നഫീസ വ്യക്തമാക്കി. 

പെണ്ണുങ്ങള്‍ മണ്ണില്‍ കാലുറപ്പിച്ച് നിന്നാല്‍ തന്നെ ഹാലിളകി പായുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ കൂട്ടമായുള്ള ആക്രമങ്ങളിലും ഭീഷണിയിലും പതറാതെ പാര്‍വതി എന്ന സ്ത്രീ പിടിച്ച് നിന്നു. ശക്തമായ കഥാപാത്രങ്ങളും അത്രതന്നെ കരുത്തുള്ള നിലപാടുകളും കൊണ്ട് കേരളീയ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച അഭിനേത്രിയാണ് പാര്‍വ്വതി. പേരിനൊപ്പമുള്ള ജാതിവാല് ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു പാര്‍വ്വതി ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

മമ്മൂട്ടി നായകനായ കസബ സിനിമയിലെ ഒരു ഡയലോഗില്‍ സ്ത്രീവിരുദ്ധത പ്രകടമായിരുന്നു എന്ന് വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ചലച്ചിത്രമേഖലയിലുള്ളവരും മമ്മൂട്ടി ഫാന്‍സും പാര്‍വ്വതിക്കെതിരെ തെറിയധിഷേപം നടത്തുകയായിരുന്നു. അവസാനം അതിന് മറുപടിയായി ഒഎംകെവി എന്ന് ട്വിറ്ററില്‍ പോസ്റ്റുചെയ്താണ് നടി പ്രതികരിച്ചത്.

'ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം'- ഷാഹിന നഫീസ പറഞ്ഞു.


പിന്നീട് നടിയെ മമ്മൂട്ടി ആരാധകര്‍ക്ക് പിറകെ കേരളത്തിലെ സധാചാര ആങ്ങളമാരും കൂടി ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ഒരു സ്ത്രീ അല്ലെങ്കില്‍ അഭിനേത്രി തെറി പറഞ്ഞു എന്നതായിരുന്നു ചര്‍ച്ചാവിഷയം. അതുവരെ സ്ത്രീകള്‍ക്കെതിരെ തെറിപറഞ്ഞ് ശീലിച്ചവര്‍ക്ക് പാര്‍വതിയുടെ പ്രതികരണം പോലും ദഹിക്കാനായില്ല. പാര്‍വതി ഇപ്പോള്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സാധാരണ ഇത്തരത്തില്‍ സദാചാരവാദികളുടെയോ ഫാന്‍സിന്റെയോ അസഭ്യവര്‍ഷമുണ്ടാകുമ്പോള്‍ പലരും മാപ്പു പറയാറാണ് പതിവ്. ഇതില്‍ നിന്ന് വിഭിന്നമായി തന്റേടത്തോടുകൂടി ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പാര്‍വതി വ്യത്യസ്തയായി. ഇതും 2017ലെ സ്ത്രീകളുടെ പ്രധാനപ്പെട്ടൊരു മുന്നേറ്റമായി അടയാളപ്പെടുത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com