ചെറിമരങ്ങള്‍ ജപ്പാനെ പ്രണയിക്കുന്നു...
Published: 17th February 2017 04:58 PM |
Last Updated: 17th February 2017 05:03 PM | A+A A- |

8000ത്തിലധികം ചെറിമരങ്ങളാണ് ജപ്പാന്‍ നഗരത്തില്‍ എല്ലാ വര്‍ഷവും പൂത്തുനില്‍ക്കുന്നത്. ടോക്കിയോയ്ക്ക് സമീപമുള്ള കൗസു എന്ന ഈ കൊച്ചു നഗരം പൂക്കളുടെ പേരില്‍ പ്രസിദ്ധമാണ്. ഫെബ്രുവരി മാസത്തില്‍ ക്രിംപ്‌സണ്‍ നിറമുള്ള പൂക്കളാല്‍ നഗരം പ്രണയിനികളെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ജപ്പാന്റെ ഭൂപ്രകൃതിയനുസരിച്ച് സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് വസന്തകാലം തുടങ്ങുന്നത്. എന്നാല്‍ ചില മരങ്ങള്‍ അതിനു കാത്തുനില്‍ക്കാതെ പ്രണയമാസത്തില്‍ തന്നെ പുഷ്പ്പിക്കുന്നു.
ചെറിമരങ്ങള്‍ ജപ്പാന്റെ സാംസ്‌കാരിക അടയാളമാണ്. ക്രിംസണ്‍, പിങ്ക് നിറത്തിലുള്ള ഇതിന്റെ പൂക്കള്‍ നഗരത്തിന്റെ മനോഹാരിത പതിന്‍മടങ്ങാക്കുന്നു. സീസണ്‍ തുടങ്ങിയാല്‍ പിന്നെ നോക്കുന്നിടത്തു മൊത്തം ഈ പൂക്കളാണ്. പ്രതീക്ഷയും പ്രണയവുമെല്ലാം നല്‍കുന്ന ഈ പൂക്കള്‍ക്ക് വൈരുദ്ധ്യാത്മകമായ ഒരു അര്‍ഥതലം കൂടിയുണ്ട്. വേറൊന്നുമല്ല, ഈ സുന്ദരി പൂക്കള്‍ മരണത്തെ വരവേല്‍ക്കുന്നു എന്നതും അവിടുത്തുകാരുടെ വിശ്വാസം.
സീസണുകളില്‍ പൂക്കളുടെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു കൊച്ചു ട്രെയിന്‍ സര്‍വീസ് കൂടി അധികൃതര്‍ തുറന്നു വെച്ചിരിക്കുകയാണ്. മേല്‍ക്കൂരയില്ലാത്ത കൊച്ചു ലോക്കോമോട്ടീവ് തീവണ്ടിയില്‍ ആകര്‍ഷകമായ വളഞ്ഞു പുളഞ്ഞ പാതയിലൂടെ പ്രകൃതി സൗന്ദര്യം ആവോളം നുകര്‍ന്ന്് കടന്നുപോകാം.
വേറൊരു പ്രത്യേകത രാത്രിയിലെ പൂമരങ്ങളാണ്. ദീപാലംകൃതമായ പൂക്കളായിരിക്കും പിന്നെ എവിടെയും. ജലാശയങ്ങളുടെ തീരത്തും മറ്റുമുള്ള മരങ്ങള്‍ ലൈറ്റിട്ട്് നൃത്തം ചെയ്യുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. മാര്‍ച്ച് അവസാനത്തോടെയും ഏപ്രിലിന്റെ ഏകദേശം പകുതിയിലുമായി നടക്കുന്ന കൗസു- സകുറ ചെറി ബ്ലോസം ഫെസ്റ്റിവല്‍ കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള ധാരാളം വിനോദസഞ്ചാരികള്‍ ജപ്പാനിലേക്ക് എല്ലാ വര്‍ഷവും വണ്ടികേറാറുണ്ട്.