ചൈനയിലെ കാറുകള്‍ അനങ്ങിയാല്‍ അറിയേണ്ടവര്‍ അറിയും

ചൈനയില്‍ കാറുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
ചൈനയിലെ കാറുകള്‍ അനങ്ങിയാല്‍ അറിയേണ്ടവര്‍ അറിയും

വില്ലന്മാര്‍ വെള്ള ഓമ്‌നിയില്‍ വന്ന് നായികയെ തട്ടിക്കൊണ്ടുപോവുന്ന സീനൊന്നും നടക്കില്ല ഇനി ചൈനയില്‍. അഥവാ നടന്നാലും ആരാണെന്നു കണ്ടെത്താന്‍ നിമിഷങ്ങള്‍ മതിയാവും. കാറുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ഉടമകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ് ചൈനയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍. പ്രശ്‌നബാധിതമായ സിങ്ജിയാങ് പ്രവിശ്യയില്‍ ഈയാഴ്ച പുതിയ സംവിധാനം നടപ്പാവും. 
അടിക്കടി പ്രശ്‌നങ്ങളുണ്ടാവാന്‍ തുടങ്ങിയപ്പോഴാണ് സിങ്ജിയാങ് പ്രവിശ്യാ അധികൃതര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. മധ്യേഷ്യാ അതിര്‍ത്തിയോടു ചേര്‍ന്ന സ്വയംഭരണ പ്രവിശ്യയാണിത്. ഇവിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്്‌ലാമിക ഭീകരവാദികളും വിഭജനവാദികളുമാണ് സിങ്ജിയാങ്ങിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് ഭരണകൂടം പറയുന്നത്. എന്നാല്‍ മേഖലയിലെ പ്രദേശവാസികളായ മുസ്്‌ലിം ഉഗുര്‍ ന്യൂനപക്ഷവും കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം എന്തുതന്നെയായാലും എന്തുവിലകൊടുത്തും സ്ഥിതി നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിലാണ് ഭരണകൂടം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലും അതുതന്നെ. 
സിങ്ജിയാങ് മേഖല രാജ്യാന്തര ഭീകരവാദികള്‍ നോട്ടമിട്ടിട്ടുണ്ടെന്നും കാറുകളിലും മറ്റു വാഹനങ്ങളിലുമാണ് ഇവിടേക്ക് ഭീകവാദികളെ എത്തിക്കുന്നതെന്നും പ്രവിശ്യാഭരണകൂടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാറുകളുടെ യാത്ര നിരീക്ഷിക്കുക എന്നതാണ് ഭീകരവാദം തടയാനുള്ള നടപടികളില്‍ പ്രധാനം. ഒരാഴ്ചയ്ക്കുള്ളില്‍ ഉടമകള്‍ കാറുകളില്‍ നിര്‍ബന്ധമായും ജിപിഎസ് സംവിധാനം ഘടിപ്പിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഴയതും പുതിയതുമായ എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കണം. ബുള്‍ഡോസറുകള്‍ക്കും ലോറികള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്. ജിപിഎസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് അടുത്തയാഴ്ച മുതല്‍ പമ്പുകളില്‍നിന്ന് ഇന്ധനം ലഭിക്കില്ല. 
സര്‍ക്കാര്‍ ഉത്തരവ് ജനങ്ങളുടെ ജീവിതത്തിനു മേലുള്ള കടന്നുകയറ്റമാണെന്നൊക്കെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. വളരെ വലിയ ഭൂവിസ്തൃതിയില്‍ കുറച്ചു പേര്‍ മാത്രം ജീവിക്കുന്ന മേഖലയാണ് സിങ്ജിയാങ്. ബ്രിട്ടന്റെ രണ്ടു മടങ്ങ് വലിപ്പമുള്ള പ്രവിശ്യയിയല്‍ പതിനഞ്ചു ലക്ഷത്തോളം ആളുകള്‍ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ സുരക്ഷാ നിരീക്ഷണത്തിനു പരിമിതികളുണ്ടെന്നും ജിപിഎസ് പോലുള്ള സംവിധാനങ്ങളെ ആശ്രയിക്കുകയല്ലാതെ മാര്‍ഗമില്ലെന്നുമാണ് അധികൃതരുടെ പക്ഷം. എന്തായാലും അടുത്തയാഴ്ച മുതല്‍ സിങ്ജിയാങ്ങിലെ വാഹനങ്ങളുടെ ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തിവയ്ക്കും ഉപഗ്രഹസാങ്കേതിക വിദ്യകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com